പഞ്ചാബ്: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 50 കിലോമീറ്റർ പിന്നിടുന്ന ത്രിദിന കിസാൻ ട്രാക്ടർ റാലി ഇന്നുമുതൽ. കാർഷിക ബില്ലുകൾ വൻപ്രതിഷേധത്തിന് ഇടയിലും രാജ്യസഭ പാസാക്കിയതോടെയാണ് തെരുവിലിറങ്ങാൻ കർഷകർ നിർബന്ധിതരായത്. ഇന്നുമുതൽ ഒക്ടോബർ ആറ് വരെ പഞ്ചാബിലും ഹരിയാനയിലുമാണ് റാലികൾ നിശ്ചയിച്ചിരിക്കുന്നത്. പഞ്ചാബിലെ മോഗ, ലുധിയാന, സംഗ്രുർ, പട്യാല എന്നീ ജില്ലകളിലൂടെ കിസാൻ ട്രാക്ടർ റാലി കടന്നുപോകും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, കോൺഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, സുനിൽ ജാഘർ, മന്ത്രിമാർ, എം.എൽ.എമാർ നവജ്യോത് സിംഗ് സിദ്ദു എന്നിവർ പങ്കെടുക്കും.
എല്ലാ ദിവസവും രാവിലെ 11-നാണ് റാലി ആരംഭിക്കുക. നിഹാൽ സിങ് വാലയിലെ ബദ്നികലനിൽ നടക്കുന്ന പൊതുയോഗത്തോടെയാകും ആദ്യദിന റാലിക്ക് തുടക്കം. പട്യാലയിൽ നടക്കുന്ന സമാപന സമ്മേളനത്തിന് ശേഷം രാഹുൽ ഗാന്ധി ഹരിയാനയിലേക്ക് പ്രവേശിക്കും. ഹരിയാനയിൽ നടക്കുന്ന കാർഷിക സമര പരിപാടികളിലും രാഹുൽ പങ്കെടുക്കും. അതേസമയം, രാഹുൽ ഗാന്ധിയെ ഹരിയാനയിൽ കടക്കാൻ അനുവദിക്കില്ലെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് വ്യക്തമാക്കിയിട്ടുണ്ട്.
കിസാൻ ട്രാക്ടർ റാലി വഴി പഞ്ചാബിലും ഹരിയാനയിലും വൻ കർഷക പ്രക്ഷോഭത്തിനാണ് കോൺഗ്രസ് തുടക്കം കുറിക്കുന്നത്. ഇതിനോടകം വലിയ ജനസ്വീകാര്യത നേടിയെടുക്കാൻ കിസാൻ കർഷക റാലിക്ക് സാധിച്ചിട്ടുണ്ട്. കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും റാലിയെന്നും കോൺഗ്രസ് വൃന്ദങ്ങള്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.