കൊച്ചി: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പൊലീസ് സ്റ്റേഷന്‍ ഭയം ഉളവാക്കുന്ന സ്ഥലമാകരുതെന്നും ഏതൊരു സര്‍ക്കാര്‍ ഓഫീസും പോലെ ആകണമെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയില്‍ ഓണ്‍ലൈനായി ഹാജരായ ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബിനാണ് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.
ആലത്തൂരില്‍ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ആവര്‍ത്തിച്ച് സര്‍ക്കുലര്‍ ഇറക്കിയിട്ടും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് എന്തുകൊണ്ട് വീഴ്ചകള്‍ ഉണ്ടാകുന്നുവെന്ന് ഡിജിപിയോട് കോടതി ചോദിച്ചു.
പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ ഡിജിപിക്ക് സാധിക്കണം. പുതിയ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണം. പൊലീസ് സ്റ്റേഷന്‍ ഭയമുളവാക്കുന്ന സ്ഥലമാകരുത്. മറ്റേതൊരു സര്‍ക്കാര്‍ ഓഫീസും പോലെയാകണം. കൊളോണിയല്‍ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം.
പരിഷ്‌കൃത കാലഘട്ടത്തിലാണ് പൊലീസ് സേനയുള്ളത്, അക്കാര്യം ഓര്‍മ്മിക്കണം. എത്ര പ്രകോപനം ഉണ്ടായാലും മാന്യമായി പെരുമാറാന്‍ പൊലീസിന് സാധിക്കണം. പൊലീസ് സേനയുടെ പ്രവര്‍ത്തനം സുതാര്യമാകണമെന്നും കോടതി ആവശ്യപ്പെട്ടു.
പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടാകുന്ന വീഴ്ചയില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഡിജിപി ഹൈക്കോടതിയില്‍ വിശദീകരിച്ചു. ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും നല്ല പെരുമാറ്റം കാഴ്ച്ചവയ്ക്കുന്നവരാണെന്നും മോശമായി പെരുമാറുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാമെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.
ആലത്തൂര്‍ കേസില്‍ എസ്.ഐ റനീഷിനെതിരെ കൂടുതല്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ട ഹൈക്കോടതി ബൃഹത്തായ രീതിയിലാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.