യുഎഇ യിൽ കുട്ടികളിലെ ആദ്യ ലിവിംഗ് ഡോണർ കരൾമാറ്റ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി; കരൾ നൽകിയത് അച്ഛൻ

യുഎഇ യിൽ കുട്ടികളിലെ ആദ്യ ലിവിംഗ് ഡോണർ കരൾമാറ്റ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി; കരൾ നൽകിയത് അച്ഛൻ

• നാല് വയസുകാരി റസിയ ഖാനാണ് ചരിത്രമെഴുതിയ ശസ്ത്രക്രിയക്ക് വിധേയയായത്
• ഇതേ അവസ്ഥയിൽ ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ട പിതാവ് മകളുടെ ജീവൻ രക്ഷിക്കാൻ കരൾ ദാതാവായി
• ഹൈദരാബാദിൽ നിന്ന് പതിനാല് വർഷങ്ങൾ മുൻപ് യുഎഇ യിൽ എത്തിയതാണ് റസിയയുടെ കുടുംബം

അബുദാബി: നാല് വയസുകാരി റസിയ ഖാന് അച്ഛൻ ഇമ്രാൻ ഖാൻ കരൾ പകുത്തു നൽകിയപ്പോൾ എഴുതിയത് ചരിത്രം. യുഎഇ യിൽ കുട്ടികളിലെ ആദ്യ ലിവർ ട്രാൻസ്പ്ലാൻറ് സ്വീകർത്താവായ റസിയ അപൂർവ കരൾ രോഗത്തെയാണ് കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ അതിജീവിച്ചത്. രാജ്യത്ത്, ജീവിച്ചിരിക്കുന്ന ദാതാവിൽ നിന്ന് കരൾ സ്വീകരിച്ചു നടത്തുന്ന കുട്ടികളിലെ ആദ്യ ശസ്ത്രക്രിയ കൂടിയാണിത്. അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി) നടത്തിയ കരൾമാറ്റ ശസ്ത്രക്രിയ യുഎഇയുടെ മെഡിക്കൽ മേഖലയിൽ സുപ്രധാന നാഴികക്കല്ലാണ്. ഇന്ത്യയിലെ ഹൈദരാബാദിൽ നിന്നും യുഎഇ യിൽ പതിനാലു വർഷങ്ങൾ മുമ്പ് എത്തിയതാണ് റസിയയുടെ കുടുംബം.

മറ്റൊരു മകളെ കൂടെ നഷ്ടപെടാതിരിക്കാനുള്ള മുൻകരുതൽ

പ്രോഗ്രസീവ് ഫാമിലിയൽ ഇൻട്രാഹെപാറ്റിക് കൊളസ്റ്റാസിസ് ടൈപ്പ് 3 (Progressive Familial Intrahepatic Cholestasis type 3) എന്ന അപൂർവമായ ജനിതക കരൾ രോഗം വെല്ലുവിളിയായി റസിയയുടെ ജീവിതത്തിൽ എത്തിയത് ജനിച്ചു മൂന്നാം മാസമാണ്. ജനിതക മാറ്റം മൂലമുണ്ടാകുന്ന ഈ അവസ്ഥ പിത്തരസത്തിലെ ആസിഡുകളുടെയും മറ്റു ഘടകങ്ങളുടെയും രൂപീകരണത്തിലും സ്രവണത്തിലും അസാധാരണത സൃഷ്ടിക്കുന്നതിലൂടെ ആത്യന്തികമായി കരളിന് കേടുപാടുകൾ വരുത്തും. വളർച്ച മുരടിക്കൽ, കരൾ സംബദ്ധമായ സങ്കീർണതകൾ എന്നീ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ഈ അവസ്ഥയെ മറികടക്കാനുള്ള ഏക മാർഗം കരൾ മാറ്റിവയ്ക്കൽ മാത്രമാണ്.

മൂന്ന് വർഷം മുമ്പ് തങ്ങളുടെ ആദ്യ മകളെ ഇതേ അവസ്ഥയിൽ നഷ്ടപ്പെട്ട റസിയയുടെ മാതാപിതാക്കൾക്ക് ഈ രോഗത്തിന്റെ വിനാശകരമായ ഫലങ്ങളെക്കുറിച് കൃത്യമായ ധാരണയുണ്ടായിരുന്നു. രണ്ടാമത്തെ മകളെ ഗുരുതര രോഗത്തിൽ നിന്നും രക്ഷപെടുത്തണമെന്ന തീവ്രമായ ആഗ്രഹമാണ് യുഎഇ യിൽ ട്രേഡിംഗ് കോർഡിനേറ്ററായി ജോലി ചെയ്യുന്ന ഇമ്രാൻ ഖാനെയും ഭാര്യയെയും ബുർജീൽ മെഡിക്കൽ സിറ്റിയിൽ എത്തിച്ചത്.

കണ്ണുകളിലെ മഞ്ഞ നിറം, മോണയിലെ രക്തസ്രാവം, കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ റസിയ പ്രകടിപ്പിക്കാൻ തുടങ്ങിയപ്പോൾ തന്നെ അവർ ചികിത്സ തേടുകയും, കരൾ മാറ്റിവയ്ക്കാനുള്ള പ്രായമാകുന്നതു വരെയുള്ള പതിവ് പരിശോധനകൾ മുടങ്ങാതെ ചെയ്യുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങൾ റസിയയുടെ അവസ്ഥ വഷളായി നഴ്സറിയിൽ പോകുന്നത് പോലും തടസപ്പെട്ടപ്പോൾ ഭയം വീണ്ടും ഇമ്രാൻ ഖാനെയും കുടുംബത്തെയും പിടി മുറുക്കി. മൂന്ന് മാസം മുമ്പ് നടത്തിയ പതിവ് പരിശോധനയിൽ റസിയയുടെ കരൾ വലുതായതായി കണ്ടെത്തുകയും ഡോക്ടർമാർ ട്രാൻസ്പ്ലാന്റ് നിർദേശിക്കുകയും ചെയ്തു. ബിഎംസിയിൽ സേവനം ലഭ്യമാണെന്നറിഞ്ഞപ്പോൾ ഒട്ടും താമസമില്ലാതെ ട്രാൻസ്പ്ലാൻറ് സംഘവുമായി ആലോചിച്ചു ശസ്ത്രക്രിയക്ക് തയ്യാറായി.

ബുർജീൽ അബ്ഡോമിനൽ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാൻ്റ് പ്രോഗ്രാമിൻ്റെ ട്രാൻസ്പ്ലാൻ്റ് സർജറി ഡയറക്ടർ ഡോ. റെഹാൻ സൈഫിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഇന്ത്യയിൽ വേരുകളുള്ള ഡോ. സൈഫ് നയിച്ച ബിഎംസിയിലെ ട്രാൻസ്പ്ലാൻറ് ടീം 12 മണിക്കൂറിൽ ദാതാവിന്റെയും സ്വീകർത്താവിൻ്റെയും ശസ്ത്രക്രിയകൾ വിജയകരമായി നടത്തി. അബ്ഡോമിനൽ ട്രാൻസ്പ്ലാന്റ്, ഹെപ്പറ്റോ-പാൻക്രിയാറ്റിക്കോ-ബിലിയറി സർജൻ ഡോ. ജോൺസ് മാത്യു, ജനറൽ സർജറി കൺസൾട്ടൻ്റ് ഡോ. ഗൗരബ് സെൻ, ട്രാൻസ്പ്ലാൻ്റ് അനസ്തേഷ്യയിലെ ഡോ. രാമമൂർത്തി ഭാസ്കരനും സംഘവും, പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റിലെ കൺസൾട്ടൻ്റ് ഡോ. കേശവ രാമകൃഷ്ണനും സംഘവും, പീഡിയാട്രിക് റേഡിയോളജിസ്റ്റ് ഡോ. ശ്യാം മോഹൻ എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.

അച്ഛൻ ദാതാവാകുന്നു; പ്രതീക്ഷ പിറക്കുന്നു

കുടുംബത്തിലെ പലരും മുന്നോട്ട് വന്നെങ്കിലും ഒരു പിതാവെന്ന നിലയിൽ, റസിയ്ക്കു വേണ്ടി കരൾ പകുത്തു നൽകാൻ ഖാൻ തീരുമാനിക്കുകയായിരുന്നു. ജീവൻ രക്ഷ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ പ്രതീക്ഷയുടെ പുതു നാമ്പാണ് റസിയയ്ക്കും കുടുംബത്തിനും നൽകിയത്. ശസ്ത്രക്രിയയിൽ നിന്ന് മികച്ച രീതിയിൽ സുഖം പ്രാപിച്ച റസിയയുടെ കുടുംബത്തിലേക്ക് സന്തോഷം വീണ്ടും വന്നെത്തി. കൃത്യമായ തുടർചികിത്സയിലൂടെ ശരിയായ വളർച്ച ലഭിക്കുകയും, റസിയയ്ക് അവളുടെ പ്രായത്തിലുള്ള മറ്റു കുട്ടികളെ പോലെ കുട്ടിക്കാലം ആസ്വദിക്കാനും സ്കൂളിൽ പോകാനും കഴിയുകയും ചെയ്യും എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം. റസിയയുടെ ഡിസ്ചാർജിനായി കാത്തിരിക്കുന്ന ഖാനും കുടുംബവും ബി എം സിയിലെ മുഴുവൻ ടീമുകളോടും നന്ദി പറഞ്ഞു.

യുഎഇ യുടെ മെഡിക്കൽ ചരിത്രത്തിൽ വലിയ മുന്നേറ്റമുണ്ടാക്കിയ റസിയയുടെ ശസ്ത്രക്രിയ വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയുടെയും മാതാപിതാക്കളുടെ സ്നേഹത്തിന്റെയും അടയാളപ്പെടുത്തലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.