ഒളിമ്പിക്‌സ് മത്സരങ്ങൾ ലോക സമാധാനം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാകട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ

ഒളിമ്പിക്‌സ് മത്സരങ്ങൾ ലോക സമാധാനം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാകട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി : ഒളിമ്പിക്‌സ് മത്സരങ്ങൾ ലോക സമാധാനം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാകട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ. ഒളിമ്പിക്‌സ് മത്സര വേദിയായ പാരീസിലെ ആർച്ച് ബിഷപ് ലോറന്റ് ഉൾറിച്ചിന് അയച്ച കത്തിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. ഈ മാസം 26 മുതൽ ഓഗസ്റ്റ് 11 വരെ പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടനത്തിന് മുന്നോടിയായി പാരീസിലെ സെന്റ് മേരി മഗ്ദലേന ദേവാലയത്തിൽ അർപ്പിച്ച സമാധാനത്തിന് വേണ്ടിയുള്ള ദിവ്യബലിയിൽ മാർപാപ്പയുടെ സന്ദേശം വായിച്ചു.

ഫ്രാൻസിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് ഡോ. ചേലസ്തീനോ മില്ലാരെ മുഖ്യകാർമികത്വം വഹിച്ചു. നിരവധി മെത്രാന്മാരും വൈദികരും സഹകാർമികരായി. ഒളിമ്പിക്സ് മത്സരങ്ങളുടെ സംഘാട കസമിതി അംഗങ്ങളും നയതന്ത്ര പ്രതിനിധികളും ദിവ്യബലിയിൽ പങ്കുചേർന്നു.

ആസന്നമായ ഒളിമ്പിക്‌സ് മത്സരങ്ങൾ സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിന് പകരട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ക്രൈസ്തവ സ്ഥാപനങ്ങളുടെ വാതിലുകൾ തുറക്കുന്നതോടൊപ്പം, ഹൃദയ വാതിലുകളും തുറന്ന് കൊടുക്കണമെന്ന് പാപ്പ അഭ്യർഥിച്ചു.

അഭിപ്രായ വ്യത്യാസങ്ങൾക്കും എതിർപ്പുകൾക്കുമതീതമായി രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമാണ് ഈ ഒളിമ്പിക്സ് മത്സരദിനങ്ങൾ. ഭാഷകൾ, വംശങ്ങൾ, ദേശീയതകൾ, മതങ്ങൾ എന്നിവയ്ക്കതീതമായ ഒരു സാർവത്രികഭാഷയാണ് കായികമെന്നും പാപ്പ അടിവരയിട്ട് പറഞ്ഞു. അതിനാൽ സ്വയം മെച്ചപ്പെടുത്തുന്നതിനും ത്യാഗമനോഭാവത്തെ വളർത്തുന്നതിനും സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ മൂല്യം തിരിച്ചറിയാനും പരസ്പര ബന്ധങ്ങളിലുള്ള വിശ്വസ്തത ഊട്ടിയുറപ്പിക്കാനും ഈ മത്സരാവസരം ഇടയാക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

ശത്രുതയുള്ളവർ പോലും തമ്മിൽത്തമ്മിൽ അസാധാരണമാം വിധം കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്ന വേദിയാണ് മത്സരയിടങ്ങൾ. അതിനാൽ എല്ലാ മുൻവിധികളും ഒഴിവാക്കിക്കൊണ്ട് പരസ്പര ബഹുമാനവും സൗഹൃദവും വളർത്താനുള്ള ഒരു അവസരമായി ഈ ഒളിമ്പിക്സ് മാറട്ടെയെന്നും പാപ്പ സന്ദേശത്തിൽ എടുത്ത് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.