ഒളിമ്പിക്‌സ്: ആദ്യ ദിനത്തിൽ ഇന്ത്യയ്‌ക്ക് നിരാശ; ഷൂട്ടിങിൽ രമിത - അര്‍ജുന്‍ സഖ്യത്തിന് ഒറ്റപ്പോയിന്‍റിന് ഫൈനല്‍ നഷ്‌ടം

ഒളിമ്പിക്‌സ്: ആദ്യ ദിനത്തിൽ ഇന്ത്യയ്‌ക്ക് നിരാശ; ഷൂട്ടിങിൽ രമിത - അര്‍ജുന്‍ സഖ്യത്തിന് ഒറ്റപ്പോയിന്‍റിന് ഫൈനല്‍ നഷ്‌ടം

പാരിസ്: പാരിസ് ഒളിമ്പിക്‌സിന്‍റെ ആദ്യ ദിവസം ഷൂട്ടിങ്ങില്‍ ഇന്ന് ആദ്യ മെഡല്‍ തീരുമാനമാകുന്ന പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സ്‌ഡ് ടീമിനത്തില്‍ ഇന്ത്യന്‍ ടീമുകള്‍ ഫൈനല്‍ കാണാതെ പുറത്ത്. പാരീസിലെ ഷാറ്ററാക്‌സ് ഷൂട്ടിങ്ങ് റേഞ്ചില്‍ മെഡല്‍ പ്രതീക്ഷകളുമായി ഇന്ത്യയുടെ മല്‍സരിക്കാനിറങ്ങിയ രണ്ട് ഇന്ത്യന്‍ സഖ്യങ്ങള്‍ ആറാമതും പന്ത്രണ്ടാമതും ഫിനിഷ് ചെയ്തു.

രമിത ജിൻഡാലും അർജുൻ ബബുതയും അടങ്ങുന്ന ടീമാണ് ആറാമതെത്തിയത്. ഇളവേനിൽ വാളറിവാൻ- സന്ദീപ് സിങ്ങ് സഖ്യം പന്ത്രണ്ടാമതായി. ചൈന കൊറിയ കസാഖിസ്ഥാന്‍ ജര്‍മനി ടീമുകള്‍ ഫൈനലിലേക്ക് യോഗ്യത നേടി. അറുപത് ഷോട്ടുകളുടെ മൂന്ന് സീരീസ് വീതമാണ് ആദ്യ റൗണ്ടില്‍ ഓരോ താരവും നിറയൊഴിച്ചത്.

ആകെ 28 ടീമുകളാണ് ക്വാളിഫിക്കേഷൻ റൗണ്ടിൽ ഇറങ്ങിയത്. ഇന്ത്യന്‍ താരങ്ങളില്‍ രമിത ജിന്‍ഡാലാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മൂന്ന് സീരീസുകളില്‍ നിന്ന് രമിത 314.5 പോയിന്‍റ് നേടി. അര്‍ജുന്‍ ബബിത 314.2 പോയിന്‍റും ഇളവേനില്‍ വാളറിവാന്‍ 312.6 പോയിന്‍റും സന്ദീപ് സിങ് 313.7 പോയിന്‍റും നേടി. 317.7 പോയിന്‍റ് നേടിയ കസാഖ് താരമാണ് ഏറ്റവും കൂടുതല്‍ പോയിന്‍റ് സ്വന്തമാക്കിയത്.

ക്വാളിഫൈയിങ് റൗണ്ടിന്‍റെ തുടക്കത്തില്‍ രമിത ജിൻഡാല്‍ അർജുൻ ബബുത സഖ്യം മൂന്നാം സ്ഥാനത്തു വരെ എത്തിയിരുന്നു. എന്നാല്‍ സീരീസ് പുരോഗമിക്കവേ അര്‍ജുന്‍ വരുത്തിയ ചില നിസാര പിഴവുകള്‍ ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി. ആദ്യ സീരീസ് കഴിയുമ്പോള്‍ 208.7 പോയിന്‍റ് മാത്രം നേടി ഇന്ത്യന്‍ ടീം പതിനാലാമതായിരുന്നു.
രണ്ടാം സീരീസില്‍ അര്‍ജുന്‍ ബബിത 106.2 പോയിന്‍റ് നേടി കൂട്ടത്തിലെ ഒന്നാം സ്ഥാനക്കാരനായി. 210 .6 പോയിന്‍റോടെ രണ്ടാം സീരീസില്‍ ഇന്ത്യ രണ്ടാമതെത്തിയിരുന്നു. പക്ഷേ രണ്ടു സീരീസുകളിലേയും സ്കോര്‍ കണക്കിലെടുത്തപ്പോള്‍ ഇന്ത്യന്‍ ടീം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്നാം സീരീസിലും ഇന്ത്യന്‍ സഖ്യം 209.4 പോയിന്‍റ് നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.