നഷ്ടങ്ങളിൽ പതറാതെ സമീറ; സൈക്കിളില്‍ ചുറ്റിയത് 20 രാജ്യങ്ങള്‍: ഇനി ലക്ഷ്യം ഹിമാലയം

നഷ്ടങ്ങളിൽ പതറാതെ സമീറ; സൈക്കിളില്‍ ചുറ്റിയത് 20 രാജ്യങ്ങള്‍: ഇനി ലക്ഷ്യം ഹിമാലയം

വിധി തന്റെ മുൻപിൽ നഷ്ടങ്ങൾ മാത്രം സമ്മാനിച്ചപ്പോൾ ആത്മധൈര്യത്തോടെ മുന്നേറി എല്ലാവർക്കും മാതൃകയാവുകയാണ് സമീറ എന്ന പെൺകുട്ടി. തന്റെ ഒന്‍പതാം വയസിൽ സമീറയ്ക്ക് അമ്മയെ നഷ്ടപ്പെട്ടു. പിന്നീടങ്ങോട്ട് തയ്യല്‍ക്കാരനായ അച്ഛനാണ് സമീറയെയും നാല് സഹോദരങ്ങളെയും വളര്‍ത്തിയത്. പത്താം ക്ലാസ് വരെ പഠിച്ച സമീറ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വെല്ലുവിളിയായി നില്‍ക്കെ ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ജോലിക്ക് കയറി.

എന്നാൽ, വിധി സമീറയെ ഒരിക്കൽക്കൂടി പരീക്ഷിച്ചു. കുടുംബത്തിലെ ഏക ആശ്രയമായിരുന്ന അച്ഛനെയും 2015ല്‍ മരണം കവര്‍ന്നു. ഒരു നിമിഷം തകർന്നു പോയെങ്കിലും എന്നന്നേക്കുമായി സമീറയെ തളർത്താൻ സാധിച്ചില്ല. തന്റെ പ്രതിസന്ധികളോട് മുഖാമുഖം പോരാടി. ഇന്ന് 30കാരിയായ സമീറ ഒരു സോളോ ട്രാവലര്‍ ആണ്.

20 രാജ്യങ്ങളാണ് സെക്കിളില്‍ സമീറ ചുറ്റിയത്. കശ്മീരില്‍ തുടങ്ങിയ സമീറയുടെ ട്രക്കിങ് അനുഭവങ്ങള്‍ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, നേപ്പാള്‍, ടിബറ്റ്, ഭൂട്ടാന്‍, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിങ്ങനെ നീളുന്നു. സെക്കിള്‍ യാത്രകള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും കടന്ന് മുന്നേറുകയാണ്. ഇന്ത്യയില്‍ തന്നെ വിവിധ സംസ്ഥാനങ്ങളിലൂടെ ആയിരത്തിലേറെ കിലോമീറ്റര്‍ സമീറ സൈക്കിളില്‍ സഞ്ചരിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് എന്തും സാധിക്കും എന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ സ്വദേശിയായ ഈ യുവതിയുടെ ശ്രമം.

തന്റെ ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ചാണ് സമീറയുടെ യാത്രകളൊക്കെയും. ഹിമാലയം കീഴടക്കുക എന്നതാണ് സമീറയുടെ പുതിയ ലക്ഷ്യം. പര്‍വ്വതാരോഹണത്തില്‍ പ്രത്യേക കോഴ്സ് ഒന്നും സമീറ ചെയ്തിട്ടില്ല. യാത്രകളാണ് തന്റെ ധൈര്യം വര്‍ദ്ധിപ്പിച്ചതെന്നാണ് അവളുടെ മറുപടി. 'ഇന്ത്യയില്‍ ഒരു പെണ്‍കുട്ടിക്ക് കുടുംബത്തിന്റെ ഒരുപാട് പിന്തുണ വേണമെന്ന് എനിക്ക് ലോകത്തോട് പറയണം.

ഞാന്‍ എന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ്. അതിനായാണ് സമ്പാദിക്കുന്നതും ചിലവാക്കുന്നതും. എന്നാലിപ്പോള്‍ എനിക്ക് സാമ്പത്തികമായി സഹായം വേണം. വീട്ടുകാരുടെ പിന്തുണ ഇല്ലെങ്കിലും പെണ്‍കുട്ടികള്‍ക്ക് എല്ലാം ചെയ്യാനുള്ള കഴിവുണ്ടെന്ന് എനിക്ക് ലോകത്തെ കാണിച്ചുകൊടുക്കണം', സമീറ പറഞ്ഞു.

ടിബറ്റ് വഴി ഹിമാലയത്തിലേക്ക് കയറാനാണ് സമീറയുടെ പദ്ധതി. 'ടിബറ്റിലൂടെയുള്ള മലകയറ്റമാണ് കൂടുതല്‍ ബുദ്ധിമുട്ടും സാങ്കേതികത്വം ആവശ്യമുള്ളതും. എന്തെങ്കിലും ചെയ്തു എന്നു വരുത്തിതീര്‍ക്കാന്‍ എനിക്ക് ആഗ്രഹമില്ല. എന്റെ കഴിവിനേക്കാള്‍ ഉപരിയായി എന്തെങ്കിലും ചെയ്തു എന്ന ബോധ്യം വേണം' സമീറ പറഞ്ഞു. 

35 ലക്ഷത്തോളം രൂപയാണ് ഹിമാലയം ലക്ഷ്യം താണ്ടാന്‍ വേണ്ടത്. കുറച്ച് പണം തന്റെ കൈയില്‍ ഉണ്ടെങ്കിലും സാമ്പത്തിക പിന്തുണ ആവശ്യമുണ്ടെന്ന് സമീറ പറയുന്നു. സര്‍ക്കാരിനെ സമീപിച്ചെങ്കിലും പര്‍വ്വതാരോഹണം ഒരു കായിക ഇനം അല്ലാത്തതിനാല്‍ അധികാരികളില്‍ നിന്ന് ആഗ്രഹിച്ച മറുപടി ലഭിച്ചില്ല. ഇതോടെ സഹായത്തിനായി മറ്റു വഴികള്‍ തേടുകയാണ് സമീറ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.