ലണ്ടന്‍: യു.കെയിലുടനീളം പൊട്ടിപ്പുറപ്പെട്ട കുടിയേറ്റ വിരുദ്ധ കലാപം ശക്തമായി നേരിടാനുള്ള നീക്കത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. കലാപത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ ശ്രമം നടത്തുന്നതായി പൊലീസ് അറിയിച്ചു. തെരുവുകളില്‍ പ്രക്ഷോഭം തുടരുന്ന സാചര്യത്തില്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പൊലീസ് മേധാവികളുടെ അടിയന്തര യോഗം വിളിച്ചിരുന്നു. കല്ലേറും പടക്കമേറും തീവെപ്പും ഹോട്ടല്‍ ആക്രമണവും ഉള്‍പ്പെടെ അക്രമ സംഭവങ്ങളില്‍ നിരവധി പേര്‍ അറസ്റ്റിലായി.
ബ്രിട്ടനിലെ തെരുവുകളില്‍ തീവ്ര വലത് അനുകൂലികള്‍ സംഘര്‍ഷമുണ്ടാക്കിയതിനു പിന്നാലെ മറുപടി പ്രതിഷേധങ്ങളുമായി മുസ്ലീം വിഭാഗങ്ങള്‍ തെരുവിലിറങ്ങിയത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. ബര്‍മിങ്ഹാമിലും, പ്ലൈമൗത്തിലുമാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.
പ്ലൈമൗത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇതോടെ തീവ്രവലതുപക്ഷ പ്രതിഷേധക്കാരും മുസ്ലീം വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായി.
വടക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ സൗത്ത്‌പോര്‍ട്ടില്‍ കത്തി ആക്രമണത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കുട്ടികള്‍ കുത്തേറ്റു മരിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങളെ തുടര്‍ന്നാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായത്. ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് അക്രമ സംഭവങ്ങളില്‍ ഇതുവരെ 420 പേര്‍ അറസ്റ്റിലായി. പൊലീസുകാര്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ ആക്രമണത്തിന് ഇരയായി. സ്ഥിതി നിയന്ത്രിക്കാനുള്ള നടപടികളില്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ പൊലീസിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
കെട്ടിടങ്ങളും വാഹനങ്ങളും കത്തിച്ചും അഭയം തേടിയവരെ ലക്ഷ്യമിട്ട് ഹോട്ടലുകള്‍ അക്രമിച്ചും പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി പൊലീസ് മേധാവികളുടെ അടിയന്തര യോഗം വിളിച്ചത്.
ലിവര്‍പൂള്‍, ലീഡ്സ്, നോട്ടിങ്ങാം, മാഞ്ചസ്റ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രക്ഷോഭക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. കുടിയേറ്റക്കാര്‍ താമസിക്കുന്ന ഒരു ഹോട്ടലിനു നേരെ കല്ലേറുണ്ടായി. കലാപകാരികള്‍ കടകള്‍ കൊള്ളയടിക്കുകയും പള്ളികളും വിദേശ ബന്ധമുള്ള സ്ഥാപനങ്ങളും ആക്രമിച്ചു.
ലിവര്‍പൂളിലെ ക്രിസ്ത്യന്‍, മുസ്ലീം, ജൂത മത നേതാക്കള്‍ സമാധാനത്തിനായി സംയുക്ത പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.