20 രാജ്യങ്ങളിലായി വ്യാപിച്ച കുറ്റകൃത്യം
ഇരയാക്കപ്പെട്ടവരില്‍ 180 കുട്ടികള്‍, ഏഴു വയസുള്ള പെണ്‍കുട്ടിയും
മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്
പെര്‍ത്ത്: ഓണ്‍ലൈനിലൂടെ ഓസ്‌ട്രേലിയയിലും വിദേശത്തുമുള്ള ഇരുന്നൂറിലേറെ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പെര്‍ത്ത് സ്വദേശിയായ പാകിസ്ഥാന്‍ വംശജന് 17 വര്‍ഷം തടവുശിക്ഷ. ഓസ്ട്രേലിയയിലെ ഏറ്റവും ക്രൂരനായ സൈബര്‍ വേട്ടക്കാരന്‍ എന്ന് വിശേഷിപ്പിച്ചാണ് 29 വയസുകാരനായ മുഹമ്മദ് സൈന്‍ ഉല്‍ ആബിദീന്‍ റഷീദിന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ജില്ലാ കോടതി ശിക്ഷ വിധിച്ചത്. പ്രശസ്തനായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന വ്യാജേനയാണ്, മുഹമ്മദ് റഷീദ് നൂറുകണക്കിന് പെണ്‍കുട്ടികളെ ചൂഷണത്തിനും ബ്ലാക്ക് മെയിലിങ്ങിനും ഇരയാക്കിയത്.
'വെറുപ്പുളവാക്കുന്നതും അതിക്രൂരവുമെന്നാണ് പ്രതിയുടെ കുറ്റകൃത്യത്തെ ജഡ്ജി അമാന്‍ഡ ബറോസ് വിശേഷിപ്പിച്ചത്. 2033-ല്‍ 38 വയസ് തികയുമ്പോള്‍ മാത്രമേ ഇനി മുഹമ്മദ് റഷീദിന് പരോള്‍ ലഭിക്കൂ. ഈ കേസിന് സമാനമായ ഒരു കേസും ഓസ്‌ട്രേലിയയില്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്ന്, ഇയാളുടെ ശിക്ഷ വിധിച്ചുകൊണ്ട് ജഡ്ജി പറഞ്ഞു.
11 മാസത്തിനിടെ 286 പെണ്‍കുട്ടികള്‍ ഇരയാക്കപ്പെട്ട 665 കുറ്റകൃത്യങ്ങള്‍ക്കാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. അതില്‍ 180 പേര്‍ കുട്ടികളാണ്. ഇരയാക്കപ്പെട്ട ഒരു കുട്ടിക്ക് ഏഴ് വയസ് മാത്രമേ പ്രായമുളളൂ എന്നറിയുമ്പോഴാണ് കുറ്റകൃത്യത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് മനസിലാകൂ. ഓസ്ട്രേലിയ ഉള്‍പ്പെടെ 20 രാജ്യങ്ങളിലായാണ് ഇയാളുടെ ഇരകളുള്ളത്.
ബന്ധം സ്ഥാപിക്കുന്നത് സോഷ്യല്‍ മീഡിയ താരമെന്നു പരിചയപ്പെടുത്തി
നിരവധി ഫോളോവേഴ്‌സുള്ള, 15 വയസുകാരനായ സോഷ്യല്‍ മീഡിയ താരമായി അഭിനയിച്ചാണ് എന്‍ജിനീയറായ പ്രതി ഓസ്ട്രേലിയയിലും വിദേശത്തുമുള്ള പെണ്‍കുട്ടികളെ ഓണ്‍ലൈന്‍ ചൂഷണത്തിന് ഇരയാക്കിയത്.
കൗമാരക്കാരനായി പെരുമാറുന്ന പ്രതി ആദ്യം കുട്ടികളെ ഓണ്‍ലൈനില്‍ സമീപിക്കുകയും തന്റേതെന്ന പേരില്‍ ചിത്രങ്ങള്‍ അവര്‍ക്ക് അയച്ചുകൊടുക്കുകയും അവരുടെ വിശ്വാസം നേടുന്നതിനായി നിരുപദ്രവകരമായ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും.
'നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം എന്താണ്?' എന്ന് നിഷ്‌കളങ്കമായി തുടങ്ങി 20 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഗെയിമില്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തുന്നു. പിന്നീട് ഇത് വഴിവിട്ട രീതിയിലേക്കു മാറും. ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കും. കുട്ടികളുടെ പ്രതികരണങ്ങള്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സ്‌ക്രീന്‍ഷോട്ടുകള്‍ അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിലിങ്ങിനായി ഉപയോഗിക്കും. തുടര്‍ന്ന് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും നല്‍കാന്‍ സമ്മര്‍ദം ചെലുത്തും. ഈ പ്രവൃത്തിയില്‍ ഭയക്കുന്ന കുട്ടികള്‍ പതിയെ പ്രതിയുടെ നിയന്ത്രണത്തിലാകും. പുറത്തു പറയാന്‍ പോലും പറ്റാത്ത പ്രവൃത്തികളിലേക്ക് നിര്‍ബന്ധപൂര്‍വം അവരെ പ്രേരിപ്പിക്കും. ഇത്തരത്തില്‍ അതിക്രൂരമായാണ് ഇയാള്‍ തിരിച്ചറിവില്ലാത്ത കുട്ടികളോടു പെരുമാറിയിരുന്നത്.
ലോകമെമ്പാടുമുള്ള പീഡോഫിലുകള്‍ പ്രേക്ഷകരായ തത്സമയ വീഡിയോയില്‍ ഈ പെണ്‍കുട്ടികള്‍ ക്രൂരമായി അപമാനിക്കപ്പെട്ടെന്ന വെളിപ്പെടുത്തല്‍ '9ന്യൂസ്' ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടികള്‍ കരയുകയും രക്ഷിക്കാന്‍ അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്.
കുട്ടികള്‍ വേദനിക്കുന്നത് കണ്ട് ആനന്ദിക്കുന്ന മനോഭാവമുള്ളയാളാണ് പ്രതിയെന്നാണ് കോടതി നിരീക്ഷിച്ചത്.
'കണ്ണു വേണം ഇരുപുറവും, ഓണ്‍ലൈനിലും'
ഇത്തരം ഓണ്‍ലൈന്‍ ചൂഷണങ്ങള്‍ക്കെതിരേ വലിയ ജാഗ്രത വേണമെന്നാണ് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമാന്‍ഡര്‍ ഗ്രേം മാര്‍ഷല്‍ മുന്നറിയിപ്പ് നല്‍കുന്നത്. 'സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ കുട്ടികള്‍ക്കെതിരെയുള്ള ഏറ്റവും ക്രൂരമായ കുറ്റകൃത്യമാണിത്. തങ്ങളെ വെറുതെ വിടാന്‍ ചില കുട്ടികള്‍ കുറ്റവാളിയോട് കരഞ്ഞ് അപേക്ഷിച്ചിട്ടും പ്രതി അനുകമ്പ കാട്ടിയില്ല. ചില കുട്ടികള്‍ കുറ്റവാളിയുമായുള്ള ചാറ്റുകളില്‍ സ്വയം ഉപദ്രവിക്കുന്ന നിലയില്‍ വരെ കാര്യങ്ങളെത്തി.
ഓസ്ട്രേലിയന്‍ ചരിത്രത്തില്‍ ഈ കുറ്റകൃത്യവുമായി താരതമ്യപ്പെടുത്താവുന്ന മറ്റൊരു കേസുമില്ലെന്ന് ജഡ്ജി അമന്‍ഡ ബറോസ് പറഞ്ഞു. ഈ കുട്ടികളുടെ മേല്‍ മുഹമ്മദ് റഷീദ് പ്രയോഗിച്ച അധികാരവും അവരെ ചെയ്യാന്‍ നിര്‍ബന്ധിച്ച കാര്യങ്ങളും കേസ് അന്വേഷിച്ച
ഡിറ്റക്ടീവുകളെപ്പോലും ഞെട്ടിച്ചു.
മാതാപിതാക്കള്‍ ഈ കേസിനെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും തങ്ങളുടെ കുട്ടികളുടെ ഓണ്‍ലൈനിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും ഗ്രേം മാര്‍ഷല്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് കുട്ടികളിലേക്കെത്താനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് സോഷ്യല്‍ മീഡിയ. ഓണ്‍ലൈന്‍ ഗെയിമിങ്, ചാറ്റ് ഉള്‍പ്പെടെ എത് ഓണ്‍ലൈന്‍ പ്രവൃത്തികളിലും ചതിക്കുഴി മാതാപിതാക്കള്‍ മുന്‍കൂട്ടി കാണണം - അദ്ദേഹം പറഞ്ഞു.
'ചൂഷണത്തിനിരയാകുന്ന കുട്ടികളോട് അനുകമ്പയോടെ രക്ഷിതാക്കള്‍ സംസാരിക്കണം. അപ്പോള്‍ കുട്ടികള്‍ അതിനെക്കുറിച്ച് സംസാരിക്കും. അല്ലാതെ പോലീസിന് മാത്രം പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കഴിയില്ല. നിങ്ങള്‍ക്ക് സംഭവിച്ചത് നിങ്ങളുടെ തെറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.