നടത്തിയത് ഗുരുതര ചട്ടലംഘനം; എസ്പി സുജിത് ദാസിന് സസ്പെന്‍ഷന്‍

 നടത്തിയത് ഗുരുതര ചട്ടലംഘനം; എസ്പി സുജിത് ദാസിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. എസ്പി ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മലപ്പുറം മുന്‍ എസ്പി ആയിരുന്നു സുജിത് ദാസ്. പി.വി അന്‍വര്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് നടപടി. സുജിത് ദാസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു.

മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയില്‍ നിന്നും മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിലവിലെ മലപ്പുറം എസ്പിക്ക് പി.വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അന്‍വറിനെ സുജിത് ദാസ് ഫോണില്‍ ബന്ധപ്പെട്ടത്.

എംഎല്‍എ എനിക്കൊരു സഹായം ചെയ്യണം. പരാതി പിന്‍വലിച്ചാല്‍ സര്‍വീസില്‍ ഉള്ളിടത്തോളം കാലം കടപ്പെട്ടവനായിരിക്കും. സഹോദരനായി കാണണം. 25-ാം വയസില്‍ സര്‍വീസില്‍ കയറിയതാണ്. ആരോഗ്യവും ആയുസുമുണ്ടെങ്കില്‍ ഡിജിപി ആയി വിരമിക്കാം. സഹായിച്ചാല്‍ എന്നും കടപ്പെട്ടവനായിരിക്കും എന്നായിരുന്നു സുജിത് പറഞ്ഞത്. ജില്ലാ പൊലീസ് അസോസിയേഷന്‍ യോഗത്തില്‍, എസ് ശശിധരനെതിരെ നടത്തിയ അതിരൂക്ഷ വിമര്‍ശനത്തിന് പി.വി അന്‍വറിനെ സുജിത് ദാസ് അഭിനന്ദിക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്.

വീഡിയോ വിവാദമായതിന് പിന്നാലെ സുജിത് ദാസിനെ സ്ഥലം മാറ്റിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.