കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുന്നു; ഹരിയാനയില്‍ ബിജെപിക്ക് തിരിച്ചടി: കോണ്‍ഗ്രസ്-ആം ആദ്മി സഖ്യ ചര്‍ച്ചകളിലും കല്ലുകടി

കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുന്നു; ഹരിയാനയില്‍  ബിജെപിക്ക് തിരിച്ചടി: കോണ്‍ഗ്രസ്-ആം ആദ്മി സഖ്യ ചര്‍ച്ചകളിലും കല്ലുകടി

ചണ്ഡീഗഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ വൈദ്യുതി-ജയില്‍ വകുപ്പ് മന്ത്രി രഞ്ജിത് സിങ് ചൗട്ടിയ അടക്കമുള്ള പ്രമുഖര്‍ സ്ഥാനങ്ങള്‍ രാജിവച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത് ഹരിയാനയില്‍ ബിജെപിയെ വീണ്ടും പ്രതിസന്ധിയിലാക്കി.

ചൗട്ടിയയ്ക്ക് പിന്നാലെ മുന്‍ മന്ത്രി കരണ്‍ ദേവ് കാംബോജ്, രതിയ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ലക്ഷ്മണ്‍ നാപ എന്നിവരും ബിജെപി വിട്ടു. 67 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഒമ്പത് എംഎല്‍എമാര്‍ക്കാണ് സീറ്റ് ലഭിക്കാതെ പോയത്. ഇനിയും കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് സൂചന.

രതിയ മണ്ഡലത്തില്‍ നിന്ന് വീണ്ടും ലക്ഷ്മണ്‍ നാപക്ക് ടിക്കറ്റ് നല്‍കാമെന്ന് ബിജെപി അറിയിച്ചെങ്കിലും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതായി അദേഹം പ്രഖ്യാപിച്ചു. മുന്‍ ഉപ പ്രധാനമന്ത്രി ദേവി ലാലിന്റെ മകന്‍ രഞ്ജിത്ത്, റാനിയ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായോ അല്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥിയായോ മാത്രമേ മത്സരിക്കുകയുള്ളൂവെന്ന് നേരെത്തേ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ റാനിയ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് എംഎല്‍എ ആയ അദേഹം അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹിസാര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഇതിനു പിന്നാലെയാണ് ബിജെപിയില്‍ തുടരാനില്ലെന്ന് അദേഹം വ്യക്തമാക്കിയത്. ദബ്വാലി മണ്ഡലത്തില്‍ നിന്ന് ബിജെപി സീറ്റ് നല്‍കാമെന്ന് പറഞ്ഞെങ്കിലും രഞ്ജിത്ത് നിരസിച്ചു.

ഇന്ദ്രിയില്‍ നിന്നോ റദൗറില്‍ നിന്നോ ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന ഒബിസി മോര്‍ച്ച നേതാവ് കരണ്‍ ദേവ് കാംബോജ് പാര്‍ട്ടി അതിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിക്കുന്നു എന്ന രൂക്ഷവിമര്‍ശനമുയര്‍ത്തിയത് ബിജെപിക്കുള്ളിലെ ചേരിപ്പോര് വെളിവാക്കുന്നതാണ്.

ബിജെപി സ്ഥാപകരായ ദീന്‍ ദയാല്‍ ഉപാധ്യായയും ശ്യാമ പ്രസാദ് മുഖര്‍ജിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മുന്നോട്ടുവെച്ച ആദര്‍ശങ്ങളും നിലപാടുകളും നിലവിലെ നേതാക്കള്‍ മറന്നു പോകുന്നുവെന്നും അദേഹം കുറ്റപ്പെടുത്തി. സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി കൂറുമാറ്റം നടത്തുന്ന രാജ്യദ്രോഹികള്‍ക്ക് ബിജെപി പ്രതിഫലം നല്‍കുന്നുണ്ടെന്നും ഇത് പാര്‍ട്ടിയുടെ വിശ്വസ്തരുടെ ചെലവിലാണെന്നും കാംബോജ് ആരോപിച്ചു.

അതേസമയം കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി സഖ്യ ചര്‍ച്ചകളിലും കല്ലുകടി തുടരുകയാണ്. സഖ്യം വേണ്ടെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ഹരിയാന- പഞ്ചാബ് അതിര്‍ത്തിയിലെ 10 സീറ്റുകളാണ് എ.എ.പി ആവശ്യപ്പെടുന്നത്.

എന്നാല്‍ ആം ആദ്മി പാര്‍ട്ടിയെ ഒപ്പം കൂട്ടുന്നത് തിരിച്ചടി ഉണ്ടാക്കുമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡയാണ് സഖ്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. നേതൃ നീക്കത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി യോഗത്തില്‍ നിന്നും ഹൂഡ ഇറങ്ങിപ്പോയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സംസ്ഥാനത്ത് വലിയ വിജയ പ്രതീക്ഷയിലാണ് ഇത്തവണ കോണ്‍ഗ്രസ്. എന്നിരുന്നാലും ബിജെപിയെ വീഴ്ത്താന്‍ ആം ആദ്മി പോലുള്ള പാര്‍ട്ടികളുമായുള്ള സഖ്യം അനിവാര്യമാണെന്ന നിലപാടിലാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും.

ഈ സാഹചര്യത്തിലാണ് ആം ആദ്മിയുമായി സഖ്യ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഇത്തരം ചര്‍ച്ചകളില്‍ സംസ്ഥാന നേതൃത്വം എതിര്‍പ്പ് ഉയര്‍ത്തുന്നുണ്ട്. ഹൂഡ ക്യാമ്പാണ് സഖ്യം ആവിശ്യമില്ലെന്ന ശക്തമായ നിലപാടില്‍ തുടരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.