തിരുവനന്തപുരം: ഭൂമി തരം മാറ്റത്തിനായി രണ്ടാം ഘട്ട അദാലത്ത് നടത്തുന്നതിന് റവന്യൂ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 15 വരെ താലൂക്ക് തലത്തിലാണ് അദാലത്ത് സംഘടിപ്പിക്കുക. ഒക്ടോബര്‍ 25 ന് സംസ്ഥാനതല ഉദ്ഘാടനം നടക്കും.
റവന്യൂ മന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ തീര്‍പ്പാക്കാനുള്ള രണ്ടര ലക്ഷം അപേക്ഷകളില്‍ വലിയൊരു ശതമാനം അദാലത്തിലൂടെ തീര്‍പ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് അദാലത്തുകള്‍ സംഘടിപ്പിക്കുക. ഓരോ താലൂക്കിലേയും സമയക്രമം നിശ്ചയിക്കുന്നതിന് ലാന്റ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി. 25 സെന്റില്‍ താഴെയുള്ള സൗജന്യമായി തരം മാറ്റത്തിന് അര്‍ഹതയുള്ള ഫോം 5, ഫോം 6 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ഇപ്രകാരം അപേക്ഷകള്‍ പോര്‍ട്ടലില്‍ സജ്ജീകരിക്കുന്നതിനായി സംസ്ഥാന ഐടി സെല്ലിന് നിര്‍ദേശം നല്‍കി.
അദാലത്തിന് മുന്‍പായി സംസ്ഥാനാ അടിസ്ഥാനത്തില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്റ് റവന്യൂ കമ്മീഷണര്‍, അഗ്രികള്‍ച്ചറല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവരുടെ സംയുക്ത യോഗം ചേരും. അദാലത്തില്‍ പരിഗണിക്കുന്ന അപേക്ഷകര്‍ക്കുള്ള അറിയിപ്പ് അപേക്ഷയില്‍ രേഖപ്പെടുത്തിയ മൊബൈല്‍ നമ്പറിലേക്ക് പ്രത്യേക സന്ദേശം അയക്കുവാന്‍ നിര്‍ദേശം നല്‍കിയാതായും മന്ത്രി കെ. രാജന്‍ അറിയിച്ചു.
തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി 2023 ല്‍ നടത്തിയ ഒന്നാം ഘട്ട അദാലത്തുകള്‍ ആര്‍ഡിഒ ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരുന്നു. അതില്‍ വലിയ തോതില്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബറോടെ സംസ്ഥാനത്തെ 27 ആര്‍ഡിഒ മാര്‍ക്കൊപ്പം ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കു കൂടി തരം മാറ്റ അപേക്ഷകള്‍ പരിഗണിക്കാനുള്ള അധികാരം നല്‍കി നിയമസഭ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തിരുന്നു. താലൂക്ക് അടിസ്ഥാനത്തില്‍ ആര്‍ഡിഒ മാരും ഡെപ്യൂട്ടി കളക്ടര്‍മാരുമാണ് ഇപ്പോള്‍ തരം മാറ്റ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട അദാലത്ത് താലൂക്ക് അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.