എക്‌സിറ്റ് പോളിന്റെ ആത്മവിശ്വാസത്തില്‍ മുഖ്യമന്ത്രിക്കസേരയില്‍ കണ്ണും നട്ട് ഹരിയാന കോണ്‍ഗ്രസ് നേതാക്കള്‍; സാധ്യത ഹൂഡയ്ക്ക് തന്നെ

എക്‌സിറ്റ് പോളിന്റെ ആത്മവിശ്വാസത്തില്‍ മുഖ്യമന്ത്രിക്കസേരയില്‍ കണ്ണും നട്ട് ഹരിയാന കോണ്‍ഗ്രസ് നേതാക്കള്‍; സാധ്യത ഹൂഡയ്ക്ക് തന്നെ

ചണ്ഢീഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരുച്ചു വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ മുഖ്യമന്ത്രി കസേരയ്ക്കായി നേതാക്കള്‍ ചരടുവലി തുടങ്ങി.

ഭരണവിരുദ്ധ വികാരം ബിജെപിയുടെ ഹാട്രിക് സ്വപ്‌നം ഇല്ലാതാക്കുമെന്നും കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിന് മേലുള്ള സുരക്ഷിത വിജയം നേടുമെന്നുമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. തിരഞ്ഞെടുപ്പ് നടന്ന ഹരിയാനയിലും ജമ്മു കാശ്മീരിലും നാളെയാണ് വോട്ടെണ്ണല്‍.

ഹരിയാനയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമ പരിഗണന. രാഹുല്‍ ഗാന്ധിയുടെ മേല്‍നോട്ടത്തില്‍ ഹൂഡയുടെ നേതൃത്വത്തിലും തന്ത്രങ്ങളിലുമാണ് ഹരിയാന കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റത്. അതിനാല്‍ ഹൂഡ തന്നെ മുഖ്യമന്ത്രിയാകാനാണ് സാധ്യത.

പക്ഷേ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഹൂഡ ക്യാമ്പിനെതിരായി നിന്ന കുമാരി ഷെല്‍ജയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും എഐസിസി കോര്‍ ഗ്രൂപ്പ് കമ്മിറ്റി അംഗവും പാര്‍ട്ടി വക്താവുമായ രണ്‍ദീപ് സിങ് സുര്‍ജേവാലയും മുഖ്യമന്ത്രി കസേരയില്‍ നോട്ടമിട്ടിട്ടുണ്ട്.

2005 മുതല്‍ 2014 വരെ ഹരിയാനയില്‍ മുഖ്യമന്ത്രിയായിരുന്ന ഭൂപീന്ദര്‍ സിങ് ഹൂഡയെ പ്രായത്തിന്റെ പേര് പറഞ്ഞ് വീഴ്ത്താനാണ് കുമാരി ഷെല്‍ജയടക്കം എതിര്‍പക്ഷം കരുക്കള്‍ നീക്കുന്നത്. ഇതിന് ശക്തമായ രീതിയില്‍ പരോക്ഷമായി പ്രതികരിച്ചാണ് 77 വയസുകാരനായ ഹുഡ മറുപടി നല്‍കിയിട്ടുള്ളത്.

'ഞാന്‍ ഇതുവരെ വിരമിച്ചിട്ടില്ല. ഇവിടെ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് സര്‍ക്കാര്‍ രൂപീകരിക്കുക. മുഖ്യമന്ത്രി ആരാകണമെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിക്കും'- എഴുപത്തേഴുകാരനായ ഹൂഡ നയം വ്യക്തമാക്കിക്കഴിഞ്ഞു.

മുന്‍ കേന്ദ്രമന്ത്രിയും സിര്‍സ എംപിയുമായ കുമാരി ഷെല്‍ജയെ ലക്ഷ്യമിട്ടാണ് ഹൂഡ ഈ പ്രയോഗം നടത്തിയത്. ഗാന്ധി കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തുന്ന കുമാരി ഷെല്‍ജ ഒരു ദളിത് മുഖമെന്ന നിലയില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരും പാര്‍ട്ടിയിലുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ താനുണ്ടെന്ന് ഒരു മറയുമില്ലാതെ ഷെല്‍ജ വ്യക്തമാക്കിയിട്ടുമുണ്ട്.

കുമാരി ഷെല്‍ജയുടേയും രണ്‍ദീപ് സിങ് സുര്‍ജേവാലയുടേയുമെല്ലാം പേര് ഉയരുമ്പോഴും ഭൂപീന്ദര്‍ സിങ് ഹൂഡ മാറേണ്ടി വന്നാല്‍ മുഖ്യമന്ത്രി കസേരയിലേക്ക് മകനും രോഹ്താഗ് എംപിയുമായ ദീപേന്ദര്‍ സിങ് ഹൂഡ എത്തുമെന്ന സൂചനയുമുണ്ട്. പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ജയിച്ച എംഎല്‍എമാരെല്ലാം ചേര്‍ന്ന് നിര്‍ദേശിക്കുന്ന ഒരാളെ ഹൈക്കമാന്‍ഡ് പരിഗണിക്കുമെന്നാണ് കരുതുന്നതെന്ന് ദീപേന്ദര്‍ സിങ്ഹൂഡ പറഞ്ഞു.

ഇതിനെല്ലാം അപ്പുറം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും ദളിത് നേതാവും ഹൂഡയുടെ വിശ്വസ്തനുമായ ഉദയ് ഭാനും മുഖ്യമന്ത്രി മോഹികളില്‍ ഒരാളാണ്. ഡല്‍ഹിയില്‍ എഐസിസി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചകളിലൊന്നില്‍ ദളിത് മുഖത്തെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം ഭാന്‍ മുന്നോട്ട് വെച്ചിരുന്നു.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷെല്‍ജയും സുര്‍ജേവാലയും ആഗ്രഹിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അനുമതി നല്‍കിയിരുന്നില്ല. മല്‍സരത്തിനുള്ള പാര്‍ട്ടി ടിക്കറ്റ് വിതരണത്തിലും ഹൂഡയ്ക്ക് സിംഹ ഭാഗവും നല്‍കിയായിരുന്നു ഹൈക്കമാന്‍ഡ് മുതിര്‍ന്ന നേതാവിനോടുള്ള വിശ്വാസം പ്രകടിപ്പിച്ചത്.

72 സീറ്റുകളില്‍ തനിക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥികളെ തന്നെ നിയോഗിക്കാന്‍ കഴിഞ്ഞ ഹൂഡയ്ക്ക് എംഎല്‍എമാരുടെ പിന്തുണ കൂടുമെന്ന കാര്യത്തില്‍ സംശയമില്ല. അതു കൊണ്ടാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ആരുവരുമെന്ന് എംഎല്‍എമാര്‍ അഭിപ്രായം പറയട്ടേയെന്ന് ഹൂഡ ജൂനിയര്‍ പറഞ്ഞത്.

നിലവിലെ സാഹചര്യത്തില്‍ ഭൂപീന്ദര്‍ സിങ് ഹൂഡയെ പിണക്കാന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തയ്യാറാവില്ല. അതിനാല്‍ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ തുണച്ചാല്‍ ഹരിയാനയില്‍ ഹൂഡ തന്നെ മുഖ്യമന്ത്രി പദവിയിലെത്താനാണ് സാധ്യതയേറെ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.