ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ജമ്മു-കാശ്മീരില്‍ ഇഞ്ചോടിഞ്ച്, ഫലം കാത്ത് രാജ്യം

ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ജമ്മു-കാശ്മീരില്‍ ഇഞ്ചോടിഞ്ച്, ഫലം കാത്ത് രാജ്യം

ന്യൂഡല്‍ഹി: ഹരിയാന, ജമ്മു-കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലംകാത്ത് രാജ്യം. വോട്ടെണ്ണല്‍ ആരംഭിച്ചു. ജമ്മു കശ്മീരില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തോടെ തുടക്കം. ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. പന്ത്രണ്ടോടെ കൃത്യമായ ഫലസൂചന ലഭിക്കും.

63 സീറ്റിലെ ഫല സൂചനകള്‍ പ്രകാരം കോണ്‍ഗ്രസ് 35 ലും ബിജെപി പതിനേഴ് സീറ്റിലും മറ്റുപാര്‍ട്ടികള്‍ നാല് സീറ്റിലും മുന്നേറുകയാണ്. പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണി തുടങ്ങിയത്. ഹരിയാനയില്‍ 67.90 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും ജമ്മു-കാശ്മീരില്‍ തൂക്ക് സഭയാണെന്നുമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം പുറത്ത് വരുന്നത്. രണ്ടിടങ്ങളിലും ബിജെപിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്. 90 സീറ്റ് വീതമുള്ള ഹരിയാനയിലും ജമ്മു-കാശ്മീരിലും യഥാക്രമം കോണ്‍ഗ്രസിനും ഇന്ത്യാ സഖ്യത്തിനുമാണ് എക്സിറ്റ് പോള്‍ സാധ്യത പ്രവചിച്ചിരിക്കുന്നത്. ബി.ജെ.പി ക്യാമ്പുകളും പ്രതീക്ഷയിലാണ്. ഹരിയാനയില്‍ ഇത്തവണയും സര്‍ക്കാര്‍ രൂപവല്‍കരിക്കുമെന്ന് മുഖ്യമന്ത്രി നയാബ് സിങ് സൈനി അവകാശപ്പെട്ടു.

അതേസമയം 49-55 സീറ്റ് ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ജമ്മു-കാശ്മീരില്‍ ഇന്ത്യാ സഖ്യത്തിന് എക്സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ച് പേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റനന്റ് ഗവര്‍ണറുടെ നീക്കത്തെ കോണ്‍ഗ്രസ് കരുതലോടെയാണ് കാണുന്നത്.

ജമ്മു-കാശ്മീരില്‍ ഏറ്റവും ഒടുവില്‍ തിരഞ്ഞെടുപ്പ് നടന്നത് 2014 ലാണ്. അന്ന് പിഡിപി-ബിജെപി സഖ്യമായിരുന്നു സര്‍ക്കാര്‍ രൂപീകരിച്ചത്. ഹരിയാനയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. എന്നാല്‍ വിജയ പ്രതീക്ഷയില്‍ തന്നെയാണ് ബിജെപിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.