വിശ്വപ്രസിദ്ധ 'ദക്ഷിണേന്ത്യന്‍ ഫില്‍റ്റര്‍ കോഫി'; ലോകം അംഗീകരിച്ച രുചി വിസ്മയം

 വിശ്വപ്രസിദ്ധ 'ദക്ഷിണേന്ത്യന്‍ ഫില്‍റ്റര്‍ കോഫി'; ലോകം അംഗീകരിച്ച രുചി വിസ്മയം

ഏതൊരു ദക്ഷിണേന്ത്യക്കാരന്റെയും വികാരമാണ് ഫില്‍ട്ടര്‍ കോഫി. സ്റ്റീല്‍ ടംബ്ലറിലേക്ക് അരിച്ചിറങ്ങുന്ന കടുപ്പന്‍ കാപ്പിയിലേക്ക് തിളപ്പിച്ച പാലും പഞ്ചസാരയും ചേര്‍ത്ത് നുരവരുത്തിയ നല്ല കിടിലന്‍ ഫില്‍ട്ടര്‍ കോഫി ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച പത്ത് കാപ്പികളുടെ ടേസ്റ്റ് അറ്റലസ് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഈ കോഫി. ഇത് പക്ക സൗത്ത് ഇന്ത്യന്‍ കോഫിയാണ്. സ്വാദിന് അപ്പുറം ഉണ്ടാക്കുന്ന രീതിയിലും ലോകത്തെ തന്നെ ഞെട്ടിച്ചതും അംഗീകാരത്തിന് കാരണമായി.

വളരെ രസകരമായാണ് ഫില്‍റ്റര്‍ കോഫി ഉണ്ടാക്കുന്നതെന്ന് ടേസ്റ്റ് അറ്റലസ് അഭിപ്രായപ്പെടുന്നു. ഫില്‍റ്റര്‍ കോഫി മെഷീനിന്റെ മുകളിലത്തെ തട്ടില്‍ കാപ്പിപ്പൊടി നിറച്ച് നന്നായി അമര്‍ത്തി മൂടുന്നു. ഇതിലേക്ക് തിളപ്പിച്ച വെള്ളമൊഴിച്ച് അടച്ച് വയ്ക്കും. മുകളിലത്തെ തട്ടില്‍ നിന്ന് കുറുകിയ കാപ്പി സുഗന്ധം പരത്തി താഴേക്ക് അരിച്ചിറങ്ങുന്നു. ചെറിയ സ്റ്റീല്‍ ടംബ്ലറിലേക്ക് പകരുന്നു. രുചിക്ക് അനുസൃതമായി പാലും പഞ്ചസാരയും ചേര്‍ത്ത് ആറ്റിയൊഴിച്ചെടുക്കാം.

ലോകത്ത് തന്നെ ഇങ്ങനെയൊരു കാപ്പി ഉണ്ടാക്കല്‍ അപൂര്‍വമാണ്. സ്വാദും മണവുമെല്ലാം തികച്ചും വ്യത്യസ്തം. കാപ്പിയുടെ സത്ത് പാലും വെള്ളവുമായി ചേരുമ്പോള്‍ ഇത്രയേറെ അത്ഭുതം സംഭവിക്കുമെന്ന് തിരിച്ചറിയുന്ന നിമിഷമാകും ഫില്‍റ്റര്‍ കോഫി നുണയുന്ന നിമിഷം. ഗ്രീസിലെ എസ്‌പ്രെസോ ഫ്രെഡോ, ഇറ്റാലിയന്‍ കപ്പുച്ചിനോ, ടര്‍ക്കിഷ് കോഫി തുടങ്ങിയ ലോക പ്രശസ്തമായ കാപ്പി രുചികളുടെ പട്ടികയില്‍ ദക്ഷിണേന്ത്യന്‍ ഫില്‍റ്റര്‍ കോഫിയും അങ്ങനെ താരമായിരിക്കുകയാണ്.

പരമ്പരാഗത രുചി വൈവിധ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഓണ്‍ലൈന്‍ യാത്ര ഗൈഡാണ് ടേസ്റ്റ് അറ്റ്‌ലസ്. ക്യൂബയുടെ എസ്‌പ്രെസോ ആണ് പട്ടികയില്‍ ഒന്നാമത്. വിയറ്റ്‌നാമീസ് ഐസ്ഡ് കോഫി, ഗ്രീസിലെ ഫ്രാപ്പെ, ജര്‍മ്മനിയിലെ ഐസ്‌കാഫി എന്നിവയുള്‍പ്പെടെ ശ്രദ്ധേയമായ മറ്റ് കോഫികളും ടേസ്റ്റ്അറ്റ്ലസ് പട്ടികപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.