നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ടിലിന് നെടുമ്പാശേരിയില്‍ വന്‍ സ്വീകരണം

നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ടിലിന് നെടുമ്പാശേരിയില്‍ വന്‍ സ്വീകരണം

കൊച്ചി: നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ടിലിന് നെടുമ്പാശേരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം. നെടുമ്പാശേരിയില്‍ എത്തിയ അദേഹത്തെ  ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, ചങ്ങനാശേരി എംഎല്‍എ അഡ്വ. ജോബ് മൈക്കിള്‍, അതിരൂപതാ വികാരി ജനറാള്‍ ഫ. ജോസഫ് വാണിയപ്പുരക്കല്‍, അതിരൂപതാ ചാന്‍സലര്‍ ഫാ. ഐസക്ക് ആലഞ്ചേരി, ബന്ധുക്കള്‍, മറ്റ് വൈദികര്‍, പൗര പ്രമുഖര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.


മോണ്‍. ജോര്‍ജ് കൂവക്കാട്ടിലിന്റെ മെത്രാഭിഷേകം നവംബര്‍ 24 നാണ് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കുക. 25 ന് മാതൃ ഇടവകയായ മാമ്മൂട് ലൂര്‍ദ് മാതാ ഇടവകയില്‍ സ്വീകരണം നല്‍കും.

ഇന്ന് വൈകുന്നേരം ചങ്ങനാശേരി കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് അദേഹത്തിന് ഔദ്യോഗിക സ്വീകരണം നല്‍കും. വികാരി ഫാ. ജോസ് കൊച്ചുപറമ്പില്‍ ഹാരാര്‍പ്പണം നടത്തും. കൈക്കാരന്‍മാര്‍, മദര്‍ സുപ്പീരിയര്‍ എന്നിവര്‍ ബൊക്കെ നല്‍കി ആദരിക്കും. മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് തറയില്‍, അതിരൂപതാ വികാരി ജനറാള്‍മാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

ചങ്ങനാശേരി അതിരൂപതാംഗമായ മോണ്‍. ജോര്‍ജ് മാമ്മൂട് ലൂര്‍ദ്മാതാ ഇടവകയിലെ കൂവക്കാട്ട് ജേക്കബ്-ലീലാമ്മ ദമ്പതികളുടെ മകനാണ്. പിതാവ് ജേക്കബിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായാണ് മോണ്‍. ജോര്‍ജ് കൂവക്കാട്ട് ഇന്ന് നാട്ടിലെത്തിയത്.

കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മോണ്‍. കൂവക്കാട്ടിനെ കര്‍ദിനാളായി ഉയര്‍ത്തിയത്. ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക യാത്രകള്‍ ക്രമീകരിക്കുന്ന സംഘത്തിലെ പ്രധാന വ്യക്തിയാണ് മോണ്‍. ജോര്‍ജ്. കര്‍ദിനാള്‍ പദവിയിലേക്കുള്ള സ്ഥാനാരോഹണം ഡിസംബര്‍ എട്ടിന് വത്തിക്കാനില്‍ നടക്കും. വൈദികനായിരിക്കെ നേരിട്ട് കര്‍ദിനാള്‍ പദവിലേക്കുയര്‍ത്തപ്പെടുന്ന ആദ്യ ഇന്ത്യന്‍ വൈദികനാണ് മോണ്‍. ജോര്‍ജ് കുവക്കാട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.