റോം: സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ റോമിലെ ഏറ്റവും വലിയ സെമിത്തേരികളിൽ ഒന്നായ ലൗറന്തീനൊയിലെത്തി പ്രാർത്ഥന നടത്തി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ നിന്ന് 30 കിലോമീറ്ററോളം അകലെയുള്ള ലൗറന്തീനൊയിൽ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ എത്തിയ മാർപാപ്പയെ റോം മേയർ റോബർട്ടോ ഗ്വാൾട്ടിയേരിയും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു.
"മാലാഖമാരുടെ പൂന്തോട്ടം" എന്ന് വിളിക്കപ്പെടുന്ന മരിച്ച കുട്ടികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും വേണ്ടി പ്രത്യേകം സ്ഥലം നീക്കിവെച്ചിരിക്കുന്ന സ്ഥലത്ത് മാർപാപ്പ നിശബ്ദ പ്രാർത്ഥന നടത്തി. സെമിത്തേരി സന്ദർശിച്ച മാർപാപ്പ മരിച്ച വിശ്വാസികൾക്ക് വേണ്ടി ദിവ്യബലി അർപ്പിച്ചു.
റോമിലെ വിവിധ സെമിത്തേരികളിൽ ഒന്നാണിത്. അന്ത്യ ദിനത്തിൽ മർത്യശരീരങ്ങൾ ഉയർക്കുകയും കർത്താവിൽ നിദ്ര പ്രാപിച്ചവർ മരണത്തിന്റെ മേലുള്ള വിജയത്തിൽ പങ്കുചേരുകയും ചെയ്യുമെന്ന് പാപ്പാ ദിവ്യബലിയുടെ അവസാനം ആശീർവ്വാദത്തിന് മുമ്പ് നടത്തിയ പ്രാർത്ഥനയിൽ പറഞ്ഞു.
2021ലും പാപ്പ ഇവിടെ സന്ദർശിച്ചിട്ടുണ്ട്. 2021 ൽ സെമിത്തേരി സന്ദർശനത്തിനിടെ കുഞ്ഞിനെ ഗർഭാവസ്ഥയിൽ നഷ്ട്ടമായ സ്റ്റെഫാനോ എന്ന പിതാവുമായി ഫ്രാൻസിസ് പാപ്പ ഏതാനും നിമിഷം സംസാരിച്ചിരിന്നു. പിന്നാലെ പാപ്പ കുഞ്ഞിനെ അടക്കം ചെയ്ത ശവകുടീരത്തിന് മുന്നിൽ പുഷ്പം സമർപ്പിച്ച് പ്രാർത്ഥിച്ചിരുന്നു.
അന്നും ദിവ്യബലിക്ക് മുമ്പ് കുട്ടികളെ അടക്കം ചെയ്ത “മാലാഖമാരുടെ പൂന്തോട്ടം" എന്നറിയപ്പെടുന്ന സ്ഥലത്ത് തന്നെയാണ് പാപ്പ പ്രത്യേക പ്രാർത്ഥന നടത്തിയത്. കഴിഞ്ഞ വർഷം മരിച്ചവരുടെ തിരുനാൾ ദിനത്തിൽ റോമിലെ യുദ്ധത്തിൽ മരണമടഞ്ഞവരെ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരിയിലായിരിന്നു പാപ്പയുടെ തിരുനാൾ തിരുക്കർമ്മങ്ങൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.