ദമാസ്‌കസ്: യുഎന്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ച ഹയാത്ത് തഹ്രീര്‍ അല്‍ഷാം (എച്ച്.ടി.എസ്) നിയന്ത്രണം പിടിച്ച സിറിയയില്‍ ആക്രമണം നടത്തി അമേരിക്കയും ഇസ്രയേലും. തലസ്ഥാനമായ ദമാസ്‌കസ് ഉള്‍പ്പെടെയുള്ള നാലു പ്രധാന നഗരങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യുദ്ധോപകരണങ്ങള്‍ വിമതര്‍ക്ക് ലഭിക്കരുതെന്ന് ഉറപ്പാക്കാനാണ് ആക്രമണമെന്ന് ഇസ്രയേല്‍ വിദേശമന്ത്രാലയം അറിയിച്ചു. മധ്യസിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണമാണ് യുഎസ് നടത്തിയത്. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വിമതര്‍ അട്ടിമറിച്ച പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളുടെയും ആക്രമണം. ഐഎസിന്റെ 75-ലേറെ താവളങ്ങള്‍ തകര്‍ത്തെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത ഐഎസ് മുതലെടുക്കാതിരിക്കാനാണ് ആക്രമണം നടത്തിയതെന്നും പറഞ്ഞു. ബി-52, എഫ്-15, എ-10 ബോംബര്‍ വിമാനങ്ങളുപയോഗിച്ചായിരുന്നു ആക്രമണം.
പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യംവിട്ടതോടെ പ്രതിസന്ധിയിലായ സിറിയന്‍ ജനത കടുത്ത അരക്ഷിതാവസ്ഥയിലാണ്. സിറിയിയില്‍നിന്ന് അയല്‍രാജ്യങ്ങളിലേക്ക് വന്‍ അഭയാര്‍ഥി പ്രവാഹം തുടരുകയാണ്. ലിബിയന്‍ അതിര്‍ത്തിയില്‍ പതിനായിരങ്ങളാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്. മൂന്നുലക്ഷത്തിലേറെ പേര്‍ പലായനം ചെയ്തെന്ന് യുഎന്‍ വെളിപ്പെടുത്തി.
ദമാസ്‌കസിന് പുറമേ തുറമുഖ നഗരമായ ലതാകിയയും ദാരയും ഇസ്രയേല്‍ ആക്രമിച്ചു. വിമാനത്താവളങ്ങള്‍ക്ക് നേരെയും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. വടക്കുകിഴക്കന്‍ സിറിയയിലെ ഖാമിഷ്‌ലി വിമാനത്താവളം, ഹോംസിന്റെ പ്രാന്തപ്രദേശത്തുള്ള ഷിന്‍ഷാര്‍ താവളം, ദമാസ്‌കസിന് തെക്കുപടിഞ്ഞാറുള്ള അക്‌റബ വിമാനത്താവളം എന്നിവയാണ് ആക്രമിച്ചത്.
അബു മുഹമ്മദ് അല്‍ ഗോലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയില്‍ ഭരണത്തിലേറുന്നത്. അമേരിക്ക 10 കോടി രൂപ വിലയിട്ട ഭീകരന്‍ ആയിരുന്നു ഗോലാനി. സിറിയയിലെ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്ക പ്രതികരിച്ചു.
അതിനിടെ വിമതര്‍ രാജ്യത്തെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പലായനം ചെയ്ത പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ കൊട്ടാരം കൊള്ളയടിച്ച് സിറിയന്‍ ജനത. ദമസ്‌കസിലെ അസദിന്റെ ഔദ്യോഗിക വസതിയിലേക്ക് ജനങ്ങള്‍ ഇരച്ചുകയറുന്നതും കൈയില്‍ കിട്ടിയതൊക്കെയും എടുത്ത് കടന്നുകളയുന്നതും പുറത്തുവന്ന വീഡിയോകളില്‍ കാണാം. കൊട്ടാരം കൊള്ളയടിക്കുന്ന സിറിയന്‍ ജനതയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.