വത്തിക്കാന്‍ സിറ്റി: അന്ധരും കാഴ്ചപരിമിതിയുള്ളവരുമായ ഇറ്റാലിയന്‍ യുവജനങ്ങളുടെ ഒരു പ്രതിനിധി സംഘം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ജനുവരി മൂന്നിന് നടത്തിയ കൂടിക്കാഴ്ചയില്‍ തീര്‍ത്ഥാടനത്തിന്റെ അര്‍ത്ഥം മാര്‍പാപ്പ അവര്‍ക്കു വിശദീകരിച്ചു നല്‍കി. മുന്നോട്ടുള്ള പ്രയാണം ഒരിക്കലും നിര്‍ത്തരുതെന്ന് പാപ്പ അവരോട് ആഹ്വാനം ചെയ്തു.
2025-ലെ ജൂബിലി വര്‍ഷത്തിന്റെ പ്രമേയം 'പ്രത്യാശയുടെ തീര്‍ത്ഥാടകര്‍' എന്നാണ്. തീര്‍ത്ഥാടനവും കാല്‍നടയാത്രയുമായി അഭേദ്യമായ ബന്ധമാണുള്ളത്. അതിനാല്‍, നിശ്ചലരാകാതെ നിരന്തരം യാത്ര ചെയ്യാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്ന് പരിശുദ്ധ പിതാവ് ആശംസിച്ചു.
നമ്മുടെ ലക്ഷ്യസ്ഥാനം
ഒരു ലക്ഷ്യസ്ഥാനം മുന്നില്‍ കണ്ടുകൊണ്ടാണ് തീര്‍ത്ഥാടകര്‍ യാത്ര ചെയ്യുന്നത്. ജൂബിലി വര്‍ഷത്തെ തീര്‍ത്ഥാടകര്‍ എന്ന നിലയില്‍ നമ്മുടെ ലക്ഷ്യസ്ഥാനം വിശുദ്ധ വാതിലാണ്. വിശുദ്ധ വാതില്‍ പ്രതിനിധാനം ചെയ്യുന്നത് ക്രിസ്തുവിനെയാണ്. നമ്മുടെ രക്ഷാകര രഹസ്യമായ അവിടുന്ന് തന്നെയാണ് പുതിയ ജീവിതത്തിലേക്കുള്ള വാതില്‍ നമുക്കായി തുറന്നു തരുന്നതും - പാപ്പാ പറഞ്ഞു.
നാം ലക്ഷ്യമില്ലാതെയല്ല സഞ്ചരിക്കുന്നത്. യേശുവിനെ കണ്ടുമുട്ടുക എന്ന ലക്ഷ്യത്തോടെ സഞ്ചരിക്കുന്നവരാണ് നാം. യേശുവിനെ അറിയാനും അവിടുത്തെ വാക്കുകള്‍ ശ്രവിക്കാനും നാം അത്യധികം ആഗ്രഹിക്കുന്നു.
പ്രത്യാശയുടെ തീര്‍ത്ഥാടകര്‍
തങ്ങളുടെ യുവത്വത്തില്‍ തന്നെ വിശുദ്ധ ജീവിതത്തിന്റെ വഴി തെരഞ്ഞെടുത്ത വി. ഫ്രാന്‍സിസ്, വി. ക്ലാര, വി. കൊച്ചുത്രേസ്യ തുടങ്ങിയവരുടെ മാതൃകകള്‍ അനുസ്മരിച്ച പാപ്പാ, അവര്‍ പ്രത്യാശയുടെ തീര്‍ത്ഥാടകരായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. നാം കണ്ടുമുട്ടുന്നവര്‍ക്കു മുമ്പില്‍ പ്രത്യാശയുടെ ചെറിയ ചെറിയ അടയാളങ്ങളാകാന്‍ അവരുടെ വഴിയെ നമുക്കും സഞ്ചരിക്കാം - ഈ ആഹ്വാനത്തോടെ പാപ്പാ കൂടിക്കാഴ്ച അവസാനിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.