മലയാളിക്കും മക്കളോട് മടുപ്പോ?.. കേരളത്തില്‍ ജനന നിരക്ക് കുറയുന്നു; 10 വര്‍ഷത്തിനിടെ കുറഞ്ഞത് 35 ശതമാനം

മലയാളിക്കും മക്കളോട് മടുപ്പോ?.. കേരളത്തില്‍ ജനന നിരക്ക് കുറയുന്നു; 10 വര്‍ഷത്തിനിടെ കുറഞ്ഞത് 35 ശതമാനം

തിരുവനന്തപുരം: ചൈന, റഷ്യ, ജപ്പാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ജനന നിരക്ക് കുറയുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ കേരളത്തിലും ജനന നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 35 ശതമാനമാണ് കുറഞ്ഞത്. 2014 ല്‍ ജനിച്ചത് 5.34 ലക്ഷം കുഞ്ഞുങ്ങളാണെങ്കില്‍ 2024 ല്‍ 3.45 ലക്ഷമായി കുറഞ്ഞു. 2014 ലെ ഉയര്‍ന്ന ജനന നിരക്ക് 2019 ലെത്തിയപ്പോള്‍ 4.80 ലക്ഷമായി. തുടര്‍ന്ന് ഘട്ടം ഘട്ടമായി കുറഞ്ഞു വരികയാണ്.

എല്ലാ ജില്ലകളിലും പ്രസവ നിരക്ക് കുറഞ്ഞെന്നാണ് സര്‍ക്കാര്‍ കണക്ക്. ആലപ്പുഴയിലാണ് ഏറ്റവും കുറവ്. 45 ശതമാനം. കുഞ്ഞുങ്ങളോടുള്ള പുതിയ തലമുറയുടെ വിമുഖതയും വിദേശത്തേക്കുള്ള കുടിയേറ്റവുമാണ് കുറവിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

മുപ്പത് വയസിന് താഴെയുള്ളവരില്‍ വന്ധ്യതയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതായും ഗര്‍ഭഛിദ്രം നടത്തുന്നവര്‍ കൂടിയതായും ഡോക്ടര്‍മാര്‍ പറയുന്നു.

യുവ തലമുറയിലെ പലരും പ്രാരാബ്ധങ്ങള്‍ ചൂണ്ടിക്കാട്ടി കുട്ടികള്‍ ഉടന്‍ വേണ്ടെന്ന നിലപാടെടുക്കുന്നതും കാരണമാകുന്നതായി വിദഗ്ദ്ധര്‍ പറയുന്നു. മറ്റൊരു കൂട്ടര്‍ക്ക് ഒരു കുട്ടി മതി. ചിലര്‍ക്ക് കുട്ടികള്‍ വേണ്ടെന്ന നിലപാടും.

പതിനെട്ടിനും നും 45 നും ഇടയിലുള്ളവര്‍ വ്യാപകമായി ജോലിക്കായി വിദേശത്തേക്ക് കുടിയേറുന്നു. അവിടങ്ങളില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ കൂടുതലായതിനാല്‍ പലരും പ്രസവത്തിനായി നാട്ടിലെത്താറില്ല എന്നതും ജനന നിരക്ക് കുറയാന്‍ കാരണമായിട്ടുണ്ട്.

അതേസമയം, കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ പലരും ഇവിടെ പ്രസവിക്കുന്നതും സംസ്ഥാനത്തിന്റെ കണക്കിലാണ്. ഇത് 10 ശതമാനത്തോളമാണ്.

2014, 2024 ലെ ജനന നിരക്ക്. (കുറവ് ബ്രാക്കറ്റില്‍ )

തിരുവനന്തപുരം................50974, 31865 (19,109)

കൊല്ലം................................31414, 17834 (13,580)

പത്തനംതിട്ട.........................16467, 10729 (5,738)

ആലപ്പുഴ...............................20639, 11426 (9,213)

കോട്ടയം...............................27118, 16639 (10,479)

ഇടുക്കി....................................13601, 8382 (5,219)

എറണാകുളം.......................45207, 29894 (15,313)

തൃശൂര്‍....................................51540, 28759 (22,781)

പാലക്കാട്..............................41163, 24394 (16,769)

മലപ്പുറം.................................92283, 73569 (18,714)

കോഴിക്കോട്.........................60268, 39317 (20,951)

വയനാട്..................................14146, 10163 (3,983)

കണ്ണൂര്‍...................................47008, 28211 (18,797)

കാസര്‍കോട്..........................22630, 14369 (8,261)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.