ബിജെപിക്ക് തിരിച്ചടി; നിതീഷ് കുമാറിന്റെ ജെഡിയു മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

ബിജെപിക്ക് തിരിച്ചടി; നിതീഷ് കുമാറിന്റെ ജെഡിയു മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ ബിരേന്‍ സിങ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് സഖ്യകക്ഷിയായ ജെഡിയു. കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജെഡിയു നടപടി.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അധ്യക്ഷനായ ജെഡിയുവിന് മണിപ്പൂര്‍ നിയമസഭയില്‍ ഒരംഗമാണ് ഉളളത്. പിന്‍മാറ്റം മണിപ്പൂര്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കില്ലെങ്കിലും കേന്ദ്രത്തിനും ബിഹാറിലും പ്രധാന സഖ്യകക്ഷിയായ ജെഡിയുവിന്റെ പിന്‍മാറ്റം ബിജെപിക്കുളള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തല്‍.

മാസങ്ങള്‍ക്ക് മുന്‍പ് നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി ബീരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. 2022 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ജെഡിയു ആറ് സീറ്റുകള്‍ നേടിയെങ്കിലും മാസങ്ങള്‍ക്ക് ശേഷം അഞ്ച് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. പിന്തുണ പിന്‍വലിച്ചതോടെ ജെഡിയുവിന്റെ ഏക അംഗം പ്രതിപക്ഷ നിരയില്‍ ഇരിക്കും.

60 അംഗ നിയമസഭയില്‍ ബിജെപിക്ക് 37 അംഗങ്ങളാണ് ഉള്ളത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെയും അഞ്ച് എംഎല്‍എമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ ബിജെപിക്കുണ്ട്.

2023 മേയിലാണ് കുക്കി-മെയ്തേയ് വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. നൂറ് കണക്കിനാളുകള്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യപ്പെടുകയും ഉണ്ടായി. കലാപം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പൂര്‍ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

പുതുവര്‍ഷത്തിന്റെ തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കലാപത്തില്‍ മുഖ്യമന്ത്രി മണിപ്പൂര്‍ ജനതയോട് മാപ്പ് അഭ്യര്‍ഥിച്ചിരുന്നു. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും അതില്‍ അതിയായ ദുഖമുണ്ടെന്നും ജനങ്ങളോട് മാപ്പു ചോദിക്കുന്നതായും ബിരേന്‍ സിങ് പറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.