"വീട്ടിലെ വാഴയും വനത്തിലെ വൃക്ഷവും"


വെള്ളമൊഴിച്ചു കൊടുത്തു വളർത്തിയ ഒരു ചെടിയും ഇന്നേവരെ വൻവൃക്ഷമായി വളർന്നിട്ടില്ല. സ്വന്തം വേരുകൾ കൊണ്ടു വെള്ളം കണ്ടെത്തിയവ മാത്രമേ വൻവൃക്ഷമായിട്ടുള്ളൂ. നാം പലവുരു കേട്ടു മടുത്തു വിരസമായ യാഥാർത്ഥ്യമാണിത്. സമകാലിക സാഹചര്യത്തിൽ സമയവും സന്ദർഭവും ഒത്തുവരുമ്പോൾ ഒന്നിരുത്തി ചിന്തിക്കേണ്ട പ്രധാന വിഷയം. ശക്തമായി കാറ്റു വീശുമ്പോൾ വാഴ വീഴുന്നു, നിവരാനാവാത്തവണ്ണം, തിരിച്ചുവരാനാവാത്തവിധം നിലംപരിശാവുന്നു. എന്തുകൊണ്ടാണു വാഴ വീഴുന്നത്? ലളിതമായ ചോദ്യമാണ്. ഉത്തരവും ലളിതമാണ്. ആഴത്തിൽ വേരും ഉൾബലവുമില്ലാത്തതിനാൽ. എന്തുകൊണ്ടാണു വാഴയുടെ വേരു ആഴത്തിലിറങ്ങാത്തത്? കിട്ടേണ്ടതെല്ലാം കിട്ടേണ്ടപ്പോൾ കിട്ടേണ്ടവരിൽ നിന്നും വാഴക്കു കിട്ടി. വെള്ളവും വളവുമെല്ലാം സുഭിക്ഷമായി ലഭിച്ച വാഴ ഒന്നുമറിയാതെ, നാടൻഭാഷയിൽ പറഞ്ഞാൽ അല്ലലറിയാതെ വളർന്നു. എല്ലാം അടുത്തു കിട്ടിയ വാഴക്കു വിശപ്പിൻ്റെ വികാരമറിയേണ്ട സാഹചര്യമുണ്ടായില്ല. അതുകൊണ്ടുതന്നെ വാഴക്കു വെള്ളംതേടി ഭൂമിയുടെ ആഴങ്ങളിലേക്കു വേരിറക്കേണ്ടി വന്നില്ല. പ്രതികൂലമായ സാഹചര്യമുണ്ടായപ്പോൾ വാഴ വീണു.

മറുവശത്തു കാട്ടിലൊരു ചെടി വളരുന്നുണ്ടായിരുന്നു, ആരുമറിയാതെ. അതിനെ നോക്കുവാനോ വെള്ളവും വളവും കൊടുക്കുവാനോ ആരുമില്ലായിരുന്നു. കൊടുംചൂടിലതു കരിഞ്ഞുണങ്ങുന്ന അവസ്ഥയിലെത്തി. വിശപ്പിൻ്റെ വിളിയറിഞ്ഞ വൃക്ഷം. അവശതയിലായപ്പോൾ സ്വയം ജീവൻ രക്ഷിക്കാൻ അന്നം തേടി അലഞ്ഞവൻ. തൻ്റെ ശ്വാസം നിലനിർത്താൻ ആഹാരം തേടി അവനിറങ്ങി. അങ്ങനെ കാട്ടിലെ കുറ്റിച്ചെടി തൻ്റെ വേരുകൾ വെള്ളം തേടി ആഴങ്ങളിലേക്കും ചുറ്റുപാടുകളിലേക്കും പടർത്തി. സാഹചര്യങ്ങളെ വരുതിയിലാക്കി സാവധാനമതു വളർന്നു. തോറ്റു തോറ്റു വീണു വളർന്നു. ഇന്നതു ഏതൊരു കൊടുംകാറ്റിനും പേമാരിക്കും തകർക്കാനാവാത്ത വൻവൃക്ഷമായി മാറി. സ്വയം പടവെട്ടി വിജയിച്ച വടവൃക്ഷം.

കഥയിലെ വാഴയും വൃക്ഷവും നമ്മൾ തന്നെയാണ്. ഒന്നുചിന്തിക്കുക, നാം വീട്ടിലെ വാഴയാണോ, അതോ വനത്തിലെ വൃക്ഷമാണോ എന്നത്. രണ്ടും ഈ പ്രപഞ്ചത്തിലെ ജീവജാലങ്ങളായിരുന്നു. രണ്ടിനും തനതു അസ്ഥിത്വവുമുണ്ടായിരുന്നു. സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു എന്നുമാത്രം. വാഴക്കു വിചാരിച്ചതെല്ലാം കിട്ടി വളർന്നപ്പോൾ, ചുറ്റുപാടുകളെ മനസ്സിലാക്കി വളരാൻ മറന്നുപോയി. എന്നാൽ ഒന്നുമില്ലാതെ, ആരുമറിയാതെ വളർന്നുവന്ന വൃക്ഷം സ്വന്തം നിലനിൽപ്പിനുവേണ്ടി സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പൊരുതി വളർന്നു വടവൃക്ഷമായി രൂപപ്പെട്ടു. ഞാൻ വാഴയാണെങ്കിൽ പ്രശ്നങ്ങളുടെ കൊടുംക്കാറ്റു വീശിയടിക്കുമ്പോൾ വീഴുകതന്നെ ചെയ്യും. വനത്തിലെ വൃക്ഷമെങ്കിൽ പ്രശ്നങ്ങളുടെ കാറ്റു വീശുമ്പോൾ കുലുങ്ങാതെ നിവർന്നു നിൽക്കും. വാഴയും വൃക്ഷവും തരുന്ന പാഠം നമുക്കു മുന്നിലുണ്ട്. എൻ്റെ തീരുമാനമാണു ഞാൻ വാഴയാവണോ വൃക്ഷമാവണോ എന്നത്. എല്ലാറ്റിലും മറ്റുള്ളവരെ ആശ്രയിച്ചു ഒന്നുമറിയാതെ വാഴയായി വളർന്നു വീഴന്നോ? അതോ പ്രതിസന്ധികളിൽ ഒറ്റക്കു വെള്ളംതേടി അലഞ്ഞു വളർന്ന വൃക്ഷമായി വാഴണോ?

പ്രതിസന്ധികൾ കൂടെപിറപ്പായി മാറിയ കാലഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്. ഒന്നിനു പുറമേ മറ്റൊന്നു വന്നുകൊണ്ടേയിരിക്കുന്നു. പേമാരി വന്നു ദാ പോയി, ദേ വന്നു മഹാമാരി ശേഷം മറ്റൊന്നു. അങ്ങനെ പ്രതിസന്ധികളാകുന്ന സാഗരഗർജ്ജനം കണ്ടാണു നാമെല്ലാം കടന്നുപോകുന്നത്. രണ്ടു വഴികളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാവർക്കുമുണ്ട്. ഒന്നുകിൽ പ്രശ്നങ്ങളുടെ ചുഴലി ചുഴറ്റിയടിക്കുമ്പോൾ പേടിച്ചോടിയൊളിക്കാം. അല്ലെങ്കിൽ എന്തും വരട്ടേ എന്നു വിചാരിച്ചു നേരിടാം. ആദ്യത്തെ തിരഞ്ഞെടുപ്പിൽ താത്ക്കാലികമായി നാം രക്ഷപെടും. പക്ഷേ പിന്നീടും അതുപോലെ നാം ഓടിമറിക്കൊണ്ടേയിരിക്കും. ഒടുവിൽ വാഴയായി നാം വീഴും. രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ കഷ്ടപ്പാടുകളുടെ കൊടുംക്കാറ്റു കുതറിയടിക്കുമ്പോൾ കൂസാതെ അവിടെതന്നെ നിൽക്കും; തീർച്ചയായും നാം വീഴും അതുറപ്പാണ്. തോൽക്കുക തന്നെ ചെയ്യും. തോറ്റു തോറ്റു നാം പലതും പഠിക്കും. പ്രതിബന്ധങ്ങളെ പ്രതിരോധിക്കാനുള്ള കരുത്തു നേടും നമ്മൾ. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളെ സമചിത്തതയോടെ നേരിടാനുള്ള അനുഭവസമ്പത്താർജ്ജിക്കും നാം. അങ്ങനെ പതുക്കെ പതുക്കെ നിവർന്നു നിൽക്കും. ഒരിക്കൽ കാട്ടിലെ ചെടി വളർന്നു വൻവൃക്ഷമായി മാറിയതുപോലെ തകർക്കാനാവാത്ത, ആഴത്തിൽ വേരിറങ്ങിയ വൃക്ഷമായി പടർന്നു പന്തലിക്കും നമ്മൾ.

പ്രശ്നങ്ങളിൽ നിന്നും ഓടിയകലാൻ വളരെ എളുപ്പമാണ്. എന്നാൽ പ്രശ്നങ്ങളുടെ നടുവിൽ നിന്നു പൊരുതി ജയിക്കാൻ എളുപ്പമുള്ള കാര്യമല്ല. അത്ര രസമുള്ള അവസ്ഥയുമല്ലത്. എന്നാൽ നാം അതു പഠിച്ചേ മതിയാവൂ. ഇതെഴുതുമ്പോൾ ഞാനും വാഴയാണെന്ന ഉത്തമബോധ്യത്തിൽ തന്നെയാണെഴുതുന്നത്. നമുക്കു വാഴയാവാതെ വൃക്ഷമാവാൻ ശീലിക്കാം. പ്രതിബദ്ധങ്ങളിൽ ഓടി മാറാതെ, പ്രശ്നങ്ങളോടു പൊരുത്തപ്പെട്ടു പൊരുതി വളരാം. കീഴടങ്ങാൻ ഞാനും നിങ്ങളും തയ്യാറല്ല എന്ന ഉത്തമബോധ്യം തുടക്കത്തിൽ തന്നെ സൃഷ്ടിക്കാം. സാഹചര്യങ്ങളേയും പ്രശ്‌നങ്ങളേയും കൈകാര്യം ചെയ്യാൻ പഠിക്കാം. വിഷമസന്ധികളിൽ അന്ധരാവാതെ, കാഴ്ചയുള്ളവരായി മാറാം. എങ്കിൽ മാത്രമേ നമുക്കു പ്രതിരോധിക്കുവാനും പൊരുതാനുമുള്ള ഊർജ്ജം നേടാൻ കഴിയൂ. "പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ല, ശരിയായ നേരിടലും കൈകാര്യം ചെയ്യലുമാണാവശ്യം. നമുക്കു മുന്നിൽ രണ്ടു വഴികളാണുള്ളത്. ഒന്നാമത്തേതു പ്രശ്നങ്ങളുടെ കൊടുക്കാറ്റിരമ്പിയടിക്കുമ്പോൾ ഓടിയോടി വഴിയിൽ തളർന്നുവീണു തോൽക്കുക എന്നുള്ളതാണ്. രണ്ടാമത്തേതു പ്രതിസന്ധികളിൽ പതറാതെ പിടിച്ചുനിന്നു പാഠങ്ങൾ പഠിച്ചു സാഹചര്യങ്ങളുടെ സുനാമികളെ തഞ്ചത്തിൽ കൈകാര്യം ചെയ്തു പതുക്കെയങ്ങു വളർന്നു വടവൃക്ഷമായി വിജയിക്കുക എന്നുള്ളതാണ്.വാഴയാവണോ വൃക്ഷമാവണോ എന്നതു നമ്മുടെ തീരുമാനമാണ്. തീരുമാനങ്ങൾ നമ്മുടെ നാളെകളെ നിശ്ചയിക്കും.

"നമ്മെ തളച്ചു തളർത്തുന്ന തളകളെ തകർത്തു കുതിക്കാം"

വാഴയായി വീഴാതെ വൃക്ഷമായി വളർന്നിടാം...
പ്രശ്നമാം പേമാരിയിൽ പൊടിയായി പറന്നിടാതെ,
പാറപോൽ പൊരുതിടാം ഒറ്റയ്ക്കു നേരിടാം നേരിട്ടു നേടിടാം...
തോറ്റൊന്നു തിരുത്തിടാം തിരുത്തിയങ്ങു തളിർത്തിടാം...
പതുക്കെയങ്ങു വളർന്നിടാം വളർന്നങ്ങു ജയിച്ചിടാം...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.