കണ്ണൂര്‍: മലയോര കര്‍ഷകരെ നിശബ്ദമായി കുടിയിറക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ആദിവാസികളെയും മലയോര കര്‍ഷകരെയും വന്യമൃഗങ്ങള്‍ക്ക് ഭക്ഷിച്ചു തീര്‍ക്കാനുള്ള ഇരകളായാണ് സര്‍ക്കാരുകള്‍ കാണുന്നതെന്നും മാര്‍ പാംപ്ലാനി ആരോപിച്ചു.
വന്യമൃഗ ശല്യം തടയുന്നതിന് കര്‍ശന നടപടി ആവശ്യപ്പെട്ട് പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് നടത്തുന്ന ഏകദിന ഉപവാസ സമരത്തിലാണ് മാര്‍ ജോസഫ് പാംപ്ലാനി സര്‍ക്കാരിനെ വിമര്‍ശിച്ചത്.
എങ്ങനെ മലയോര കര്‍ഷകന്റെ ഉപജീവനം മുട്ടിക്കാം, അവനെ ഇവിടെ ഇല്ലാതാക്കാമെന്നുള്ളത് വന്യ മൃഗങ്ങള്‍ മാത്രമല്ല, സര്‍ക്കാരും ചിന്തിക്കുന്ന സാഹചര്യം നിലവിലുണ്ട്. വന്‍കിട കുത്തക സംരംഭങ്ങള്‍ നല്‍കുന്ന കാര്‍ബണ്‍ ഫണ്ട് എന്ന മോഹന പ്രലോഭനത്തിന് മുന്നില്‍ പലരും മയങ്ങിപ്പോകുന്നുണ്ട്.
അതുകൊണ്ട് തന്നെ ഇവിടെ വന വിസ്തൃതി വര്‍ധിപ്പിച്ച് കര്‍ഷകരെ നിശബ്ദമായി കുടിയിറക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. വന്യമൃഗങ്ങളെ കൃഷി ഭൂമിയിലേക്ക് ഇറക്കി വിടുന്നുവെന്ന് പറഞ്ഞ അദേഹം ആദിവാസികള്‍ക്ക് ഭൂമിപതിച്ചു നല്‍കിയത് കൊലയ്ക്ക് കൊടുക്കാനാണോ എന്നും ചോദിച്ചു.
ജനങ്ങള്‍ മരണ ഭീതിയുടെ നിഴലിലാണ്. ആറളത്തെ ആന മതില്‍ നിര്‍മാണം ഇഴയുന്നത് സര്‍ക്കാരിന്റെ കൃത്യ വിലോപമാണ്. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണം. ആറളം ഫാമില്‍ ഇനിയും ആദിവാസികള്‍ കൊല്ലപ്പെട്ടാല്‍ ഭരണത്തിലിരിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലാത്ത സാഹചര്യമാകുമെന്നും മാര്‍ ജോസഫ് പ്ലാംപ്ലാനി വ്യക്തമാക്കി.
വന സംരക്ഷണമാണ് വനപാലകരുടെ ദൗത്യമെന്നും കര്‍ഷകരുടെ അടുക്കളയില്‍ കയറി ചട്ടി പൊക്കി നോക്കലല്ലെന്നും അദേഹം പറഞ്ഞു. കര്‍ഷകരുടെ ഭൂമിയില്‍ കയറി ഒരാളെയും മര്‍ദ്ദിക്കാനോ കസ്റ്റഡിയിലെടുക്കാനോ ഇനി അനുവദിക്കില്ല.
കര്‍ഷകന്റെ ഭൂമിയില്‍ പെറ്റുപെരുകുന്ന ജീവികളെ വന്യജീവിയായി കാണേണ്ട. അവയുടെ പൂര്‍ണ ഉത്തരവാദിത്വം കര്‍ഷകര്‍ക്കാണ്. സ്വയം സംരക്ഷണത്തിനുള്ള അവകാശം കര്‍ഷകനുണ്ട്. കര്‍ഷകര്‍ തോക്കിന് അപേക്ഷ നല്‍കണം. ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.