കൊച്ചി: രാജ്യവിരുദ്ധ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട്.
എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവര്‍ത്തനത്തിന് പണം നല്‍കുന്നതും പോപ്പുലര്‍ ഫ്രണ്ട് ആണെന്നും പണം പിരിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും തെളിവുകള്‍ ലഭിച്ചതായും ഇ.ഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
രണ്ട് സംഘടനകള്‍ക്കും ഒരേ നേതൃത്വവും അണികളുമാണ്. നയരൂപീകരണം, തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കല്‍, പൊതു പരിപാടികള്‍, കേഡര്‍ മൊബിലൈസേഷന്‍, എന്നിവയ്‌ക്കെല്ലാം എസ്ഡിപിഐ പിഎഫ്‌ഐയെ ആശ്രയിച്ചിരുന്നുവെന്നും ഇ.ഡി പറയുന്നു. കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനത്ത് നിന്നും തെളിവുകള്‍ കണ്ടെത്തിയതായും ഇഡി വെളിപ്പെടുത്തി.
എസ്ഡിപിഐക്ക് വേണ്ടി വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പോപ്പുലര്‍ ഫ്രണ്ട് പണം പിരിച്ചു. തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 3.75 രൂപ നല്‍കിയതിന്റെ രേഖകള്‍ ലഭിച്ചു. രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനത്തിനായി പിഎഫ്ഐ പിരിച്ച പണത്തിന്റെ വിഹിതം എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസി കൈപ്പറ്റി. 12 തവണ നോട്ടീസ് നല്‍കിയിട്ടും ഫൈസി ഹാജരായില്ലെന്നും ഇ.ഡി വ്യക്തമാക്കി.
ഇതേ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി എം.കെ ഫൈസിയെ ഇ.ഡി ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഫൈസിയെ ഡല്‍ഹിയില്‍ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി. നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
നിയമ വിരുദ്ധമായി ഫൈസി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കള്ളപ്പണം വെളുപ്പിക്കലില്‍ ഇദേഹത്തിന് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.