(ദമ്പതിമാർ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ കൗൺസിലിംഗ് മുറിയിൽ കണ്ട അനുഭവങ്ങളുമായി ചേർത്തുവച്ച് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന ഒരു ഒരു പംക്തിയാണിത്. കൗൺസിലിംഗ് നിയമമനുസരിച്ച് യഥാർത്ഥ വ്യക്തികളുടെ പേരുകളോ തിരിച്ചറിയാൻ പറ്റുന്ന വിവരങ്ങളോ ഒന്നും ഇതിൽ ഉണ്ടായിരിക്കുന്നതല്ല)
സംഭവം
ജോണിയും അനുവും വിവാഹിതരായിട്ട് ആറു വർഷമായി. രണ്ട് മക്കളുണ്ട്. വിവാഹത്തിൻറെ ആദ്യനാളുകളിൽ നന്നായി പോയിരുന്നു. ഇപ്പോൾ മൂന്നു വർഷമായി നിരന്തരം വഴക്കാണ്. ജോണിക്ക് എന്നോട് സ്നേഹം ഇല്ലെന്നും ഞാൻ വീട്ടിൽ ഒരു വേലക്കാരിയെ പോലെയാണെന്ന തോന്നലാണ് ഉള്ളതെന്നും അനുപറഞ്ഞു. ഇവൾ എന്നെ മറ്റുള്ളവരുടെ മുന്നിൽ അധിക്ഷേപികുകയാണെന്നും ആത്മഹത്യ ഭീഷണി മുഴക്കുകയാണെന്നും ജോണിയും പറഞ്ഞു...
കൗൺസിലിംഗിൽ മനസ്സിലായത്
വിവാഹത്തിൻറെ ആദ്യനാളുകളിൽ ജോണി എല്ലാ കാര്യങ്ങളും അനുവിനോട് പങ്കുവച്ചിരുന്നു. പല തീരുമാനങ്ങളും ഇരുവരും കൂടി ആലോചിച്ചാണ് എടുത്തിരുന്നത്. അപ്പോൾ താൻ പ്രധാനപ്പെട്ട ആളാണെന്നും ജോണിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സ്ത്രീ താനാണെന്നും അനുവിന് തോന്നിയിരുന്നു. മൂന്നുവർഷത്തോളം ഇങ്ങനെ പോയി. പിന്നീട് ജോണി അധികം സംസാരിക്കാതെയായി. കൂടുതൽ സമയം മൊബൈലിൽ ചിലവഴിക്കാൻ തുടങ്ങി. മാത്രമല്ല പലകാര്യങ്ങളും ജോണി അമ്മയോട് കൂടുതൽ പങ്കുവയ്ക്കാൻ തുടങ്ങി. വീട്ടിലെ പലകാര്യങ്ങളും അമ്മ വഴി അറിയാൻ തുടങ്ങിയതു മുതൽ അനുവിന് ദേഷ്യവും നീരസവും വർദ്ധിച്ചുവന്നു. ഉള്ളിൽ അടച്ചുവച്ച ദേഷ്യവും നീരസവും പലരീതികളിൽ അനു പ്രകടിപ്പിക്കാൻ തുടങ്ങി. ഇരുവരും കൗൺസിലിംഗിനെത്തി. കൗൺസിലിംഗിലൂടെ എന്തുകൊണ്ടാണ് തന്റെ ഭാര്യ ഇ ങ്ങനെ പെരുമാറുന്നതെന്ന് ജോണി മനസ്സിലാക്കി. അയാൾ സംസാരം പുനരാരംഭിക്കാൻ തീരുമാനിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ജോണിയിലും അനുവിലും വളരെയേറെ മാറ്റങ്ങൾ ഉണ്ടായി
ദമ്പതിമാർ ശ്രദ്ധിക്കുക
പരസ്പരമുള്ള തുറവിയുള്ള സംസാരമാണ് ദാമ്പത്യത്തിന്റെ ജീവൻ, അതൊരിക്കലും ഇല്ലാതാക്കരുത്.
ഒരു ദിവസം ഏറ്റവും മിനിമം അരമണിക്കൂർ എങ്കിലും, ടിവിയോ മൊബൈലോ ഇല്ലാതെ, മനസ്സ് തുറന്ന് സംസാരിക്കുക.
ഇരുകൂട്ടരും പറയുവാനും കേൾക്കുവാനും സന്നദ്ധരാവണം.
എൻറെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട സ്ത്രീ താനാണ് എന്ന തോന്നൽ ഭാര്യയിൽ ഉളവാക്കാൻ ഭർത്താക്കന്മാർ ശ്രദ്ധിക്കണം.
അടക്കിപ്പിടിച്ച ദേഷ്യത്തെ ആത്മഹത്യ ഭീഷണി മുഴക്കി ഭർത്താവിനോട് പ്രകടിപ്പിക്കാതിരിക്കാൻ ഭാര്യമാർ ശ്രദ്ധിക്കുക. ആത്മഹത്യാഭീഷണി എല്ലാ ഭർത്താക്കന്മാർക്കും വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്
ജീവിതപങ്കാളി സ്വീകാര്യമല്ലാത്ത രീതിയിൽ പെരുമാറുമ്പോൾ എന്തുകൊണ്ടാണ് അവൾ അല്ലെങ്കിൽ അവൻ അങ്ങനെ പെരുമാറുന്നു എന്ന് ചിന്തിച്ചു നോക്കണം
ദമ്പതിമാർക്ക് തനിച്ചു പരിഹരിക്കാൻ സാധിക്കാത്ത പ്രശ്നങ്ങളുണ്ടാകുമ്പോൾ ബന്ധുക്കളെ സമീപിക്കാതെ, നിങ്ങളെ സഹായിക്കും എന്ന് ഉറപ്പുള്ള മൂന്നാമതൊരാളുടെ, കൗൺസിലേഴ്സ്, ഫാമിലി തെറാപ്പിസ്റ്റുകൾ, സിസ്റ്റേഴ്സ്, വൈദികർ മുതലായവരുടെ സഹായം തേടുക.
(തുടരും)
(ഡോ. ഫാ . സെബാൻ ചെരിപുറത്ത്, സിഫാം കൗൺസിലിംഗ് സെൻറർ, തലശ്ശേരി അതിരൂപത )
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.