പരുന്തുംപാറയില്‍ കൈയ്യേറ്റ ഭൂമിയില്‍ കുരിശ് നിര്‍മിച്ച് സ്വകാര്യ വ്യക്തി; പൊളിച്ചു നീക്കി റവന്യൂ വകുപ്പ്: പ്രദേശത്ത് നിരോധനാജ്ഞ

 പരുന്തുംപാറയില്‍ കൈയ്യേറ്റ ഭൂമിയില്‍ കുരിശ് നിര്‍മിച്ച് സ്വകാര്യ വ്യക്തി; പൊളിച്ചു നീക്കി റവന്യൂ വകുപ്പ്: പ്രദേശത്ത് നിരോധനാജ്ഞ

ഇടുക്കി: ഇടുക്കി പരുന്തുംപാറയില്‍ സ്വകാര്യ വ്യക്തി സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോട്ട് പണിത സ്ഥലത്ത് സ്ഥാപിച്ച കുരിശ് റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ചു മാറ്റി. തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് ആണ് കുരിശ് സ്ഥാപിച്ചത്.

സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ നിയമസഭയെ അറിയിച്ചിരുന്നു. പ്രദേശത്ത് രണ്ട് മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും റവന്യൂ മന്ത്രി വ്യക്തമാക്കി.

മാര്‍ച്ച് രണ്ടിനാണ് പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ ഇടുക്കി ജില്ല കലക്ടര്‍ പീരുമേട് എല്‍.ആര്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയത്. ഒപ്പം കയ്യേറ്റഭൂമിയില്‍ പണികള്‍ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ പരിശോധന നടത്താന്‍ നിര്‍ദേശവും നല്‍കി.

ഇത് പ്രകാരം പുരുന്തുംപാറയില്‍ കൈയ്യേറ്റം നടത്തി കെട്ടിടങ്ങള്‍ പണിത തൃക്കൊടിത്താനം സ്വദേശി കൊട്ടാരത്തില്‍ സജിത് ജോസഫിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇത് മറികടന്നാണ് കൈയ്യേറ്റ ഭൂമിയില്‍ ഇയാള്‍ കുരിശ് സ്ഥാപിച്ചത്.

മറ്റൊരു സ്ഥലത്ത് നിര്‍മിച്ച കുരിശ് ഇവിടെ കൊണ്ടുവന്ന് സ്ഥാപിക്കുകയായിരുന്നുവെന്നും ഇത് ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നുമാണ് ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്. ധ്യാന കേന്ദ്രമാണ് പണിയുന്നതെന്നാണ് സജിത് ജോസഫ് പ്രദേശവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.