താമരശേരി: കോഴിക്കോട് ജില്ലയിലെ പെരുവണ്ണാംമൂഴി ഡാം ഉള്‍പ്പെടെ ജലസേചന വകുപ്പിന്റെ കീഴിലുള്ള 61 ഡാമുകള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപിച്ച നടപടി മലയോര ജനതയോടുള്ള അനീതിയാണന്ന് കെ.സി.വൈ.എം താമരശേരി രൂപത.
പെരുവണ്ണാംമൂഴി ഡാം റിസര്‍വോയറിന്റെ പരമാവധി ജലസംഭരണ പ്രദേശത്തിന് ചുറ്റും അതിവസിക്കുന്ന ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കര്‍ഷകരെ വീണ്ടും ബഫര്‍ സോണെന്ന കരിനിഴലിന്റെ ഭയത്തിലേക്ക് തള്ളിയിടാനുള്ള ശ്രമത്തെ താമരശേരി രൂപതയിലെ കെ.സി.വൈ.എം, എസ്.എം.വൈ.എം പ്രവര്‍ത്തകര്‍ പ്രതിരോധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഡാം റിസര്‍വോയറിന് ചുറ്റും കഴിയുന്ന പെരുവണ്ണാമൂഴി, കക്കയം, കരിയത്തുംപാറ, കല്ലാനോട് പ്രദേശങ്ങളിലെ ജനങ്ങളെ നേരിട്ടും ഇരു പഞ്ചായത്തുകളിലെ അനവധി പ്രദേശങ്ങളെ ഭാഗികമായും അനാഥത്വത്തിലേക്ക് തള്ളിയിടാനുള്ള ശ്രമമായി മാത്രമേ ഈ നീക്കത്തെ കാണാനാവുകയുള്ളു. ഇതില്‍ വിനോദ സഞ്ചാരത്തെ ആശ്രയിച്ച് ജീവിക്കുന്ന ഒട്ടനവധി സാധാരണക്കാരും ഉള്‍പ്പെടുന്നുണ്ട്.
മണ്ണില്‍ അധ്വാനിച്ച് ലഭിക്കുന്ന സമ്പാദ്യത്തില്‍ നിന്നും ജീവിത സ്വപ്നങ്ങള്‍ കെട്ടിപ്പടുക്കുന്ന മലയോര ജനതയെ അവികസനത്തിന്റെ പഴയ കാലത്തേക്ക് വീണ്ടും കൊണ്ടുചെന്നെത്തിച്ച് 'മലനാടിനെ വന നാടാക്കാനുള്ള' നീക്കം ശക്തമായി ചെറുക്കും.
റിസര്‍വോയറിന്റെ 120 മീറ്റര്‍ പരിധിയില്‍ വീടുകള്‍ പണിയുന്നത് തടയുമെന്ന ജലസേചന വകുപ്പ് മേധാവികളുടെ വാശി വിലപ്പോകില്ല. ഈ കരിനിയമത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ മലയോര ജനതയ്‌ക്കൊപ്പമുണ്ടാകുമെന്ന് കെ.സി.വൈ.എം. താമരശേരി രൂപത പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍ പന്തപ്ലാക്കല്‍ വ്യക്തമാക്കി.
ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, ജനറല്‍ സെക്രട്ടറി ആല്‍ബിന്‍ കാക്കനാട്ട്, ആനിമേറ്റര്‍ സിസ്റ്റര്‍ റൊസീന്‍ എസ്.എ.ബി.എസ്, വൈസ് പ്രസിഡന്റുമാരായ ട്രീസ മേരി ജോസഫ്, ബോണി സണ്ണി, സെക്രട്ടറിമാരായ ബില്‍ഹ മാത്യു, അഞ്ചല്‍ കെ. ജോസഫ്, ട്രഷറര്‍ ജോബിന്‍ ജെയിംസ്, അഭിലാഷ് കുടിപ്പാറ, ചെല്‍സിയ മാത്യു, ആഗി മരിയ, അലന്‍ ബിജു എന്നിവര്‍സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.