ലൈഫ് മിഷന്‍ കേസില്‍ ഗുരുതര കണ്ടെത്തലുകളുമായി സിബിഐ; ഉന്നത ഉദ്യോഗസ്ഥര്‍ വരെ കൈക്കൂലി പങ്കിട്ടുവെന്ന് സത്യവാങ്മൂലം

ലൈഫ് മിഷന്‍ കേസില്‍ ഗുരുതര കണ്ടെത്തലുകളുമായി സിബിഐ;  ഉന്നത ഉദ്യോഗസ്ഥര്‍ വരെ കൈക്കൂലി പങ്കിട്ടുവെന്ന് സത്യവാങ്മൂലം

ന്യൂഡല്‍ഹി: വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മ്മാണ തട്ടിപ്പില്‍ സിബിഐയുടെ ഗുരുതര കണ്ടെത്തലുകള്‍. ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിദേശ സംഭാവന സ്വീകരിക്കാന്‍ ലൈഫ് മിഷന്‍ ഉപയോഗിച്ച പ്രോക്സി സ്ഥാപനമാണ് യൂണിടാക് എന്നാണ് സി ബി ഐ കണ്ടെത്തല്‍. സിഎജി ഓഡിറ്റ്, വിദേശ സഹായ നിയന്ത്രണ നിയമം എന്നിവ മറികടന്ന് കോഴ കൈപ്പറ്റാനാണ് യൂണിടാകിനെ ഉപയോഗിച്ചതെന്നും സിബിഐ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പടെ കേസിലെ കൂടുതല്‍ സാക്ഷികളെ ചോദ്യം ചെയ്യേണ്ടി വരുമെന്നും സിബിഐ.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കും ഇടപാടുമായി ബന്ധപ്പെട്ട് പണം ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി ആയ സരിത്തിന് ഇ മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. ഇതും ലൈഫ് മിഷന്‍ ഇടപാടില്‍ നേരിട്ട് ബന്ധമുളളതിന്റെ തെളിവാണെന്ന് സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു. ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി 10 ദശലക്ഷം ദിര്‍ഹം ലൈഫ് മിഷന്റെ അക്കൗണ്ടിലാണ് എത്തിയിരുന്നതെങ്കില്‍ ടെന്‍ഡര്‍ നടപടികളിലൂടെ മാത്രം നിര്‍മ്മാണം കൈമാറാന്‍ കഴിയില്ലായിരുന്നു. യൂണിടാക്കും റെഡ് ക്രെസന്റും തമ്മിലുളള കരാര്‍ വഴി ആ നടപടി ക്രമങ്ങള്‍ മറികടക്കാന്‍ ആയിരുന്നു ശ്രമം.

കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ കൈക്കൂലി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വരെ ലഭിച്ചു എന്നാണ് മൊഴിയെന്നും സിബിഐയുടെ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ സഹായ നിയന്ത്രണ നിയമലംഘനത്തിന്റെ ഒരു ഭാഗം മാത്രമാണ് കണ്ടെത്തിയിട്ടുളളത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്.

ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പടെ കേസിലെ കൂടുതല്‍ സാക്ഷികളെ ചോദ്യം ചെയ്യേണ്ടി വരുമെന്നും സിബിഐ വ്യക്തമാക്കി. അന്വേഷണം രാഷ്ട്രീയപ്രേരിതമല്ലെന്ന് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ സിബിഐ ബോധിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.