ചെറുപാര്‍ട്ടികള്‍ ഉടക്കി; ഇടതു മുന്നണിയില്‍ സീറ്റ് വിഭജനം തര്‍ക്കത്തില്‍

ചെറുപാര്‍ട്ടികള്‍ ഉടക്കി; ഇടതു മുന്നണിയില്‍ സീറ്റ് വിഭജനം തര്‍ക്കത്തില്‍

തിരുവനന്തപുരം: ഇടതു മുന്നണിയില്‍ സീറ്റ് വിഭജനത്തില്‍ പ്രതിഷേധവുമായി ചെറു പാര്‍ട്ടികള്‍.  ജെഡിഎസിന് മൂന്ന് സീറ്റുകളും ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് ഒരു സീറ്റും നല്‍കാമെന്നാണ് സിപിഎം അറിയിച്ചിട്ടുള്ളത്. എന്‍സിപി മൂന്ന് സീറ്റിന് അവകാശവാദം ഉന്നയിച്ചെങ്കിലും രണ്ട് സീറ്റ് മാത്രമേ നല്‍കാനാകൂവെന്ന നിലപാടിലാണ് സിപിഎം. എന്നാല്‍ പാലാ സീറ്റ് വിട്ടുകൊടുത്തതുള്‍പ്പെടെയുള്ള വിഷയം ഉയര്‍ത്തിക്കാട്ടി എന്‍സിപി മൂന്ന് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

കേരള കോണ്‍ഗ്രസ് എം, ലോക് താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ എത്തിയതോടെയാണ് ചെറുപാര്‍ട്ടികള്‍ മത്സരിച്ചിരുന്ന സീറ്റുകളില്‍ തര്‍ക്കം ആരംഭിച്ചത്. ഇടത് മുന്നണിയുടെ രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചകളാണ് നടക്കുന്നത്. ബുധനാഴ്ചക്കുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് ഇടത് മുന്നണിയുടെ ആലോചന. മാര്‍ച്ച് 10ന് മുന്‍പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്.

അതേസമയം സ്ഥാനാര്‍ത്ഥി നര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി യോഗങ്ങള്‍ നടക്കുകയാണ്. തോമസ് ഐസക്കിനും ജി സുധാകരനും ഒരിക്കല്‍ കൂടി അവസരം നല്‍കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവര്‍ക്കും രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാണ് ആവശ്യം.

മന്ത്രി എംഎം മണിയെ ഉടുമ്പന്‍ചോലയില്‍ വീണ്ടും മത്സരിപ്പിക്കണമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം ഇത്തവണ മത്സരിക്കുന്നില്ലെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എംഎം മണി മത്സരിക്കണമെന്നു തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം. കോഴിക്കോട് നോര്‍ത്തില്‍ സിനിമാ സംവിധായകന്‍ രഞ്ജിത്ത് മത്സരിക്കുമെന്നാണ് അറിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.