ഫ്രാൻസിസ് മാർപാപ്പയുടെ ഹൃദയം തൊടുന്ന ഞായറാഴ്ച സന്ദേശങ്ങൾ ഇനി ഓർമ; ആദ്യ സന്ദേശം മുതൽ പങ്കുവച്ചത് ദൈവത്തിന്റെ മടുക്കാത്ത ക്ഷമയും സ്നേഹവും

ഫ്രാൻസിസ് മാർപാപ്പയുടെ ഹൃദയം തൊടുന്ന ഞായറാഴ്ച സന്ദേശങ്ങൾ ഇനി ഓർമ; ആദ്യ സന്ദേശം മുതൽ പങ്കുവച്ചത് ദൈവത്തിന്റെ മടുക്കാത്ത ക്ഷമയും സ്നേഹവും

കഴിഞ്ഞ മൂന്നര വർഷമായി മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം സിന്യൂസ് ലൈവ് മുടങ്ങാതെ എല്ലാ ഞായറാഴ്ചയും കൃത്യമായി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം ഇല്ലാത്തതിനാൽ, പാപ്പയുടെ ആദ്യ സന്ദേശവും അവസാന സന്ദേശവും ഞങ്ങൾ ഇവിടെ പങ്കവയ്ക്കുന്നു.

വത്തിക്കാൻ സിറ്റി: ഞായറാഴ്ച തോറും വത്തിക്കാനിൽ നിന്നും നമ്മെ തേടി വന്നിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ, ചിന്തകളെ ഉണർത്തുകയും ഹൃദയങ്ങളെ തൊടുകയും ചെയ്തിരുന്ന ഞായറാഴ് സന്ദേശം ഇന്നില്ല, ഇന്ന് മാത്രമല്ല ഇനി ഒരിക്കലും ഉണ്ടാവില്ല. 2013 മാർച്ച് 17നാണ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ത്രികാല പ്രാർത്ഥനയോടനുബന്ധിച്ചുള്ള ആദ്യ സന്ദേശം നൽകിയത്. അതിന് ശേഷം ഓപ്പറേഷന് വിധേയനായി ആശുപത്രിയികിടന്നപ്പോൾ മാത്രമാണ് ഞായറാഴ്ച സന്ദേശം മുടക്കിയത്.

അവസാനം ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ കിടന്നപ്പോഴും ത്രികാല പ്രാർത്ഥനയിൽ പങ്കെടുക്കാനായില്ലെങ്കിലും ഞായറാഴ്ചതോറുമുള്ള സന്ദേശങ്ങൾ മുടക്കിയില്ല. ദൈവത്തിന്റെ സ്നേഹം, ക്ഷമ, ദയ, കാരുണ്യം, ആർദ്രത ഇതെല്ലം തന്നെയായിരുന്നു മാർപാപ്പയുടെ വിഷയങ്ങൾ. ദൈവത്തിന്റെ മടുക്കാത്ത ക്ഷമ തന്നെയായിരുന്നു ആദ്യ സന്ദേശത്തിലെയും വിഷയം. ഒരുമിച്ച് സുവിശേഷവത്ക്കരണം എന്ന ചിന്തയും ആദ്യ സന്ദേശത്തിൽ പാപ്പാ പങ്കവച്ചു.

സിനഡാലിറ്റിയെക്കുറിച്ചുള്ള ചിന്തകൾ മാർപാപ്പയ്ക്ക് അന്നേ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. യുദ്ധങ്ങൾ പരാജയമാണെന്നും ആയുധങ്ങൾ നിശ്ബ്ദാമാക്കണെമെന്നുമുള്ള ഓർമ്മപ്പെടുത്തൽ, റഷ്യ-ഉക്രൈൻ യുദ്ധം തുടങ്ങിയതിൽ പിന്നെയുള്ള എല്ലാ സന്ദേശങ്ങളിലും ആവർത്തിക്കപ്പെട്ടു. സമാധാനത്തിന് വേണ്ടിയുള്ള ആഹ്വാനങ്ങൾ ഇല്ലാത്ത ഒരു സന്ദേശവും പിന്നീട് ഉണ്ടായില്ല.

2025 ഏപ്രിൽ 20ന് ഈസ്റ്റർ ദിനത്തിൽ തന്റെ അവസാന സന്ദേശം അനാരോഗ്യത്തിന്റെ ഇടയിലും പങ്കവച്ചു. ഭൂമിയിൽ മാത്രമല്ല, ശൂന്യാകാശത്തും മാർപാപ്പയുടെ സമാധാന സന്ദേശം അലതല്ലി. പാവപ്പെട്ടവർക്കായി പാവപ്പെട്ട സഭ എന്ന കാഴ്ചപ്പാടിൽ ഉറച്ച് നിന്ന് അവസാന ശ്വാസം വരെയും തന്നെ ഭരമേല്പിച്ച സഭയെ സ്നേഹിക്കുകയും സഭയ്ക്കുവേണ്ടി ഒരു സാധാരണ മനുഷ്യനായി ജീവിച്ചു മരിക്കുകയും ചെയ്ത ഫ്രാൻസിസ് മാർപാപ്പ ജനഹൃദയങ്ങളിൽ കോറിയിട്ടത് ഒരിക്കലും മങ്ങാത്ത ദൈവസ്നേഹത്തിന്റെ സന്ദേശമാണ്.

2013 മാർച്ച് 17ലെ മാർപാപ്പയുടെ ആദ്യ സന്ദേശം

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ 266-മത്തെ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം 2013 മാർച്ച് 17 ഞായറാഴ്ച ഫ്രാൻസിസ് പാപ്പ പങ്കുവെച്ച ആദ്യ ഞായറാഴ്ച സന്ദേശം.

പ്രിയ സഹോദരീ സഹോദരന്മാരെ, നിങ്ങളെ എല്ലാവരെയും കാണാനും ആശംസകൾ അറിയിക്കാനും സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ക്രിസ്ത്യാനികളായ നമ്മെ സംബന്ധിച്ചിടത്തോളം, ഞായറാഴ്ചകളിൽ തമ്മിൽ കാണുകയും ആശംസകൾ അറിയിക്കുകയും പരസ്പരം സംസാരിക്കുകയും ചെയ്യുക എന്നത് ഹൃദ്യവും പ്രാധാന്യമർഹിക്കുന്നതുമായ ഒരു കാര്യമാണ്. ഈ വത്തിക്കാൻ സ്ക്വയറിന് ആഗോള മാനം നൽകുന്ന മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിന് നന്ദി!

നോമ്പുകാലത്തിലെ അഞ്ചാം ഞായറാഴ്ചയായ ഇന്ന്, സുവിശേഷം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത് യേശു മരണശിക്ഷയിൽനിന്ന് രക്ഷിച്ച വ്യഭിചാരിണിയായ സ്ത്രീയെക്കുറിച്ചുള്ള സംഭവകഥയാണ്. (യോഹന്നാൻ 8:1-11) ആ സ്ത്രീയോടുള്ള യേശുവിന്റെ വാക്കുകൾ പരിഹാസത്തിന്റെയോ കുറ്റംവിധിയ്ക്കലിന്റെയോ ആയിരുന്നില്ല. മറിച്ച്, മാനസാന്തരത്തിലേക്ക് ക്ഷണിക്കുന്ന സ്നേഹത്തിൻ്റെയും കരുണയുടെയും വാക്കുകളിലൂടെ അവളോടുള്ള തന്റെ മനോഭാവം യേശു വെളിപ്പെടുത്തി. അവിടുന്ന് പറഞ്ഞു: 'ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്ക്കൊള്ളുക. ഇനിമേൽ പാപം ചെയ്യരുത്' (യോഹന്നാൻ 8 : 11)

എപ്പോഴും ക്ഷമിക്കുന്നവനായ ഒരു പിതാവിന്റെ മുഖമാണ് ദൈവത്തിന്റെ മുഖം. നാമോരോരുത്തരോടും അവിടുന്ന് കാണിക്കുന്ന ക്ഷമയെ കുറിച്ച് എപ്പോഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ?' - ഫ്രാൻസിസ് പാപ്പാ ചോദിച്ചു. ദൈവത്തിൻ്റെ ക്ഷമ അവിടുത്തെ കരുണ തന്നെയാണ്. അവിടുന്ന് നമ്മോട് ക്ഷമ കാണിക്കുന്നു, നമ്മെ മനസ്സിലാക്കുന്നു, നമുക്കുവേണ്ടി കാത്തിരിക്കുന്നു. അനുതാപമുള്ള ഹൃദയത്തോടെ തന്റെ അടുത്തേക്ക് മടങ്ങിവരുന്നവരോട് ക്ഷമിക്കുന്നതിൽ അവിടുന്ന് ഒരിക്കലും മടുത്തുപോകുന്നില്ല. 'ദൈവത്തിൻ്റെ കാരുണ്യവും വലുതാണ്' എന്ന് സങ്കീർത്തകനും പറയുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങളായി താൻ വായിച്ചു കൊണ്ടിരുന്ന കർദിനാൾ കാസ്പറിന്റെ ദൈവകരുണയെക്കുറിച്ചുള്ള ഒരു പുസ്തകത്തെപ്പറ്റിയാണ് പാപ്പാ തുടർന്നു പറഞ്ഞത്. നാം ഒരിക്കൽ കരുണ അനുഭവിച്ചാൽ അത് നമ്മിൽ വളരെയധികം മാറ്റങ്ങൾ വരുത്തുമെന്ന് കർദിനാൾ കാസ്പർ പറയുന്നു. നമുക്ക് അനുഭവിക്കാൻ കഴിയുന്ന ഏറ്റവും നല്ല കാര്യവും അതുതന്നെയാണ്. തണുത്തുപോയ ഈ ലോകത്തെ ചൂടുപിടിപ്പിക്കാനും നീതിയുക്തമാക്കാനും മാറ്റിമറിക്കാനും ഒരല്പം കാരുണ്യം മതി. തനിക്ക് ആ പുസ്തകം വളരെയധികം ഗുണം ചെയ്തതായി പാപ്പ പറഞ്ഞു.

എപ്പോഴും ക്ഷമിക്കുന്നവനായ പിതാവായ ദൈവത്തിന്റെ കാരുണ്യം നാം കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു. 'നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെൺമയുള്ളതായിത്തീരും' ഏശയ്യാ പ്രവാചകന്റെ ഈ വാക്കുകൾ നമുക്ക് അനുസ്മരിക്കാം. അതെ, ഈ കാരുണ്യം മനോഹരമാണ് - പാപ്പാ കൂട്ടിച്ചേർത്തു.

തുടർന്ന്, 1992-ൽ ബിഷപ്പായ ഉടനെ, ഫാത്തിമ നാഥയുടെ തിരുസ്വരൂപം ബ്യൂനസ് അയേഴ്‌സിൽ എത്തിയ വേളയിൽ, തനിക്കുണ്ടായ ഒരനുഭവം പരിശുദ്ധ പിതാവ് ഇങ്ങനെ പങ്കുവച്ചു:
അന്ന് രോഗികൾക്കായുള്ള വിശുദ്ധ കുർബാന നടന്നുകൊണ്ടിരുന്നപ്പോൾ ഞാൻ കുമ്പസാരം കേൾക്കുകയായിരുന്നു. സ്ഥൈര്യലേപന കൂദാശ പരികർമ്മം ചെയ്യേണ്ടിയിരുന്നതിനാൽ കുമ്പസാരം അവസാനിപ്പിച്ച് ഞാൻ എഴുന്നേറ്റു. അപ്പോൾ, ഏകദേശം എൺപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വിനയത്തോടെ എന്നെ സമീപിച്ചു.

'കുമ്പസാരിക്കാൻ വന്നതാണോ' ഞാൻ ചോദിച്ചു.
'അതെ' അവർ പറഞ്ഞു '
'ഒരുപക്ഷേ നിങ്ങൾക്ക് പാപം ഒന്നുമില്ലെങ്കിലോ?'
'എല്ലാവർക്കും പാപമുണ്ട്' അവർ പറഞ്ഞു.
'ഒരുപക്ഷേ കർത്താവ് അവ ക്ഷമിച്ചില്ലെങ്കിലോ?' ഞാൻ ചോദിച്ചു.
'കർത്താവ് എല്ലാം ക്ഷമിക്കും' ഉറച്ച ബോധ്യത്തോടെ അവർ പറഞ്ഞു.
അവർ തുടർന്നു: 'കർത്താവ് എല്ലാം ക്ഷമിക്കുന്നില്ലെങ്കിൽ ഈ ലോകം തന്നെ ഇപ്പോൾ ഉണ്ടാകുമായിരുന്നില്ല.'
അതു കേട്ടപ്പോൾ, 'മാഡം, താങ്കൾ ഗ്രിഗോരിയൻ യൂണിവേഴ്സിറ്റിയിൽ ആണോ പഠിച്ചത്?' എന്ന് എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു.
ദൈവ കരുണയെക്കുറിച്ചുള്ള ഈ ജ്ഞാനം തരുന്നത് പരിശുദ്ധാത്മാവാണ്.

'നമ്മോട് ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുത്തു പോകുന്നില്ല' എന്ന കാര്യം നാം ഒരിക്കലും മറക്കരുത്. 'അപ്പോൾ പിന്നെ എന്താണ് പ്രശ്നം?' - പാപ്പാ ചോദിച്ചു. പ്രശ്നം ഇതാണ്: നാം ചോദിക്കാൻ മടിക്കുന്നു. 'ക്ഷമ ചോദിക്കുന്നതിൽ നാം മടുപ്പു കാണിക്കുന്നു. ക്ഷമിക്കുന്നതിൽ അവിടുന്ന് ഒരിക്കലും മടുക്കുന്നില്ല. എന്നാൽ, ക്ഷമ ചോദിക്കുന്നതിൽ നാം ചിലപ്പോൾ മടുത്തു പോകുന്നു' - പാപ്പ വിശദീകരിച്ചു.

അതിനാൽ, നാം ഒരിക്കലും മടുത്തു പോകരുത്! എപ്പോഴും ക്ഷമിക്കുന്ന സ്നേഹസമ്പന്നനായ പിതാവാണ് ദൈവം. നമ്മോടുള്ള കരുണയുടെ ഹൃദയമാണ് അവിടുത്തേക്കുള്ളത്. അതിനാൽ, എല്ലാവരോടും കരുണ കാണിക്കാൻ നമുക്ക് പഠിക്കാം. മനുഷ്യനായി അവതരിച്ച ദൈവകരുണയെ തൻ്റെ കരങ്ങളിൽ വഹിച്ച പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി നമുക്ക് പ്രാർത്ഥിക്കാം.

'ഇറ്റലിയുടെ സ്വർഗീയ മധ്യസ്ഥനായ ഫ്രാൻസിസ് അസീസിയുടെ നാമമാണ് ഞാൻ സ്വീകരിച്ചത്. അത് എന്നെ ശക്തിപ്പെടുത്തുകയും എൻ്റെ പൂർവികരുടെ നാടായ ഈ രാജ്യത്തോടുള്ള ആത്മബന്ധം ഉറപ്പിക്കുകയും ചെയ്യുന്നു. എന്നാലിപ്പോൾ ഒരു പുതിയ കുടുംബത്തിലേക്ക് - തൻ്റെ സഭയിലേയ്ക്ക് - യേശു എന്നെ വിളിച്ചിരിക്കുന്നു. സുവിശേഷത്തിന്റെ പാതയിൽ നമുക്ക് ഒരുമിച്ച് സഞ്ചരിക്കാം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! പരിശുദ്ധ അമ്മ സംരക്ഷിക്കട്ടെ!

'ഇത് ഒരിക്കലും മറന്നു പോകരുത്. നമ്മോട് ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുക്കുന്നില്ല! ക്ഷമ ചോദിക്കുന്നതിൽ നാമാണ് മടുത്തുപോകുന്നത്' - ഈ വാക്കുകൾ ഒരിക്കൽ കൂടി ആവർത്തിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

2025 ഏപ്രിൽ 20ലെ മാർപാപ്പയുടെ അവസാന സന്ദേശം

ഹൃദയം തൊടുന്ന ഞായറാഴ്ച സന്ദേശങ്ങൾ ഇനിയില്ല; ഫ്രാൻസിസ് മാർപാപ്പയുടെ അവസാനത്തെ ഞായറാഴ്ച സന്ദേശം ഈസ്റ്റർ ദിനത്തിൽ.

ഹൃദയം തൊടുന്ന ഞായറാഴ്ച സന്ദേശങ്ങൾ ഇനിയില്ല. തൻ്റെ അവസാനത്തെ ഞായറാഴ്ച സന്ദേശവും ലോകത്തിനായി നൽകിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പ യാത്രയായി. ഈസ്റ്റർ ദിനത്തിലാണ് മാർപാപ്പ തൻ്റെ അവസാന സന്ദേശം ഏവർക്കുമായി പങ്കുവച്ചത്.

ഉത്ഥിതനായ കർത്താവിനെ പ്രത്യാശയോടും സന്തോഷത്തോടും കൂടെ അന്വേഷിച്ച ആദ്യ ശിഷ്യരെ മാതൃകയാക്കണമെന്ന ആഹ്വാനമാണ് തന്റെ അവസാന സന്ദേശമായ ഈസ്റ്റർ സന്ദേശത്തിൽ മാർപാപ്പ നൽകിയത്. നമുക്ക് ലഭിച്ച പ്രത്യാശയെന്ന ദാനത്തെ നവീകരിക്കാനും ജീവിത യാത്രയിൽ നാം കണ്ടുമുട്ടുന്നവരുമായി അത് പങ്കുവയ്ക്കാനും ആ ശിഷ്യരെപ്പോലെ നമുക്കും സാധിക്കട്ടെയെന്നും ഈസ്റ്റർ സന്ദേശത്തിൽ പാപ്പാ ആശംസിച്ചു.

ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച്, ഇറ്റാലിയൻ കർദിനാൾ ആഞ്ചലോ കൊമാസ്ത്രിയാണ് ഉയിർപ്പുതിരുനാൾ ദിനമായ ഇന്നലെ പ്രഭാതത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കുകയും പാപ്പയുടെ ഈസ്റ്റർ സന്ദേശം വായിക്കുകയും ചെയ്തത്. അമ്പതിനായിരത്തിലധികം ആളുകൾ ദിവ്യബലിയിൽ പങ്കെടുത്തു. നാനാവർണങ്ങളിലുള്ള പതിനായിരക്കണക്കിന് വിവിധയിനം പൂക്കളാൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയും പരിസരവും അലംകൃതമായിരുന്നു.

കർത്താവിനെ അന്വേഷിക്കുന്നതിലുള്ള തിടുക്കം

മഗ്ദലേനാ മറിയവും പത്രോസും യോഹന്നാനും ശൂന്യമായ കല്ലറയിങ്കലേക്ക് തിടുക്കത്തിൽ ഓടിയതിനെ ഫ്രാൻസിസ് പാപ്പ പ്രത്യേകം അനുസ്മരിച്ചു. കർത്താവിന്റെ ശരീരം മറ്റാരെങ്കിലും എടുത്തുകൊണ്ടുപോയി എന്ന ഉൽക്കണ്ഠയേക്കാളുപരി, അവിടുത്തെ അന്വേഷിച്ച് കണ്ടെത്തുക എന്ന ഹൃദയത്തിന്റെ അഭിവാഞ്ഛയും ആന്തരിക മനോഭാവവുമാണ് ഇവിടെ പ്രതിഫലിക്കുന്നതെന്ന് മാർപാപ്പാ പറഞ്ഞു.

'ക്രിസ്തു ഉയിർത്തെഴുന്നേറ്റു, അവിടുന്ന് ജീവിക്കുന്നു' എന്നതാണ് ഈസ്റ്ററിന്റെ കൃത്യമായ സന്ദേശം - പാപ്പ എടുത്തുപറഞ്ഞു. കല്ലറയിലല്ല, മറിച്ച്, നമ്മുടെ ജീവിതങ്ങളിലും നമ്മുടെ സഹോദരങ്ങളിലും അനുദിന ജീവിതാനുഭവങ്ങളിലും ക്രിസ്തുവിനെ അന്വേഷിക്കാനും കണ്ടെത്താനും ഇത് നമ്മെ പ്രവർത്തനസജ്ജരാക്കണം.

ക്രിസ്തു എല്ലായിടത്തും സന്നിഹിതനാണ്. അവിടുന്ന് നമ്മുടെ ഇടയിൽ വസിക്കുന്നു. ജീവിത വഴികളിൽ നാം കണ്ടുമുട്ടുന്ന സഹോദരീസഹോദരന്മാരിൽ അവിടുന്ന് മറഞ്ഞിരിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഏറ്റവും സാധാരണവും അപ്രതീക്ഷിതവുമായ സാഹചര്യങ്ങളിൽ അവിടുന്ന് സ്വയം വെളിപ്പെടുത്തുന്നു. അവിടുന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട്.

കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പിയും നാം ചെയ്യുന്ന അല്പമായ പരസ്നേഹ പ്രവർത്തികളിലൂടെ നമ്മുടെ ജീവിതസൗന്ദര്യത്തിന്റെ മാറ്റുകൂട്ടിയും അവിടുന്ന് നമ്മോടൊപ്പമുണ്ട് - പരിശുദ്ധ പിതാവ് വിശദീകരിച്ചു.

കർത്താവിനെ നമ്മുടെ ജീവിതങ്ങളിലേക്ക് സ്വാഗതം ചെയ്യാം

ഉയിർപ്പിലുള്ള വിശ്വാസം ഉത്ഥിതനായ കർത്താവിനെ കണ്ടുമുട്ടാനും നമ്മുടെ ജീവിതങ്ങളിലേക്ക് അവിടുത്തെ സ്വാഗതം ചെയ്യാനുമുള്ള വാതിൽ നമുക്ക് തുറന്നു തരുന്നു. ജീവിതത്തിൽ പ്രവർത്തനനിരതരാകാൻ ഈസ്റ്റർ യാഥാർത്ഥ്യം നമ്മെ പ്രേരിപ്പിക്കുന്നു. മഗ്ദലേനാ മറിയത്തെയും മറ്റു ശിഷ്യരെയും പോലെ കർത്താവിനെ കണ്ടെത്താനായി ഓടാൻ അത് നമുക്ക് പ്രചോദനം നൽകുന്നു. നമ്മെ സഹായിച്ചും ആശ്ചര്യപ്പെടുത്തിയും നമുക്കു മുമ്പേ നടക്കുകയും നമ്മോടൊപ്പം ജീവിക്കുകയും ചെയ്യുന്ന കർത്താവിനെ കാണാൻ അത് നമ്മുടെ നേത്രങ്ങളെ തുറക്കുന്നു.

മഗ്ദലേനാ മറിയത്തെപ്പോലെ കർത്താവിനെ നഷ്ടപ്പെടുന്ന അവസരം ഓരോ ദിവസവും നമുക്ക് ഉണ്ടാകാമെങ്കിലും, നാം അവിടുത്തെ അന്വേഷിച്ചാൽ തൻ്റെ ഉത്ഥാനത്തിന്റെ പ്രകാശത്താൽ നിറച്ച് തന്നെ കണ്ടെത്തുവാൻ അവിടുന്ന് നമ്മെ സഹായിക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്.

ഏറ്റവും വലിയ പ്രത്യാശ

'സഹോദരീസഹോദരന്മാരെ, ഈ ദരിദ്രവും ദുർബലവും മുറിവേറ്റതുമായ അസ്ഥിത്വത്തിൽ ക്രിസ്തുവിനോട് ഒട്ടിച്ചേർന്ന് നമുക്ക് ജീവിക്കാം. കാരണം, അവിടുന്ന് മരണത്തെയും അന്ധകാരത്തെയും ഈ ലോകം നമ്മുടെ മേൽ വീഴ്ത്തുന്ന നിഴലുകളെയും പരാജയപ്പെടുത്തിയിരിക്കുന്നു. തന്നോടൊപ്പമുള്ള ആനന്ദപൂർണമായ ജീവിതത്തിന് അവിടുന്ന് നമ്മെ യോഗ്യരാക്കിയിരിക്കുന്നു' - പാപ്പാ പറഞ്ഞു.

നമ്മുടെ പ്രത്യാശ നവീകരിക്കുകയും പങ്കുവയ്ക്കുകയും ചെയ്യാം

ഈ ജൂബിലി വർഷത്തിൽ, നമുക്ക് ലഭിച്ച ദാനമായ പ്രത്യാശ നമുക്കു നവീകരിക്കാം. നമ്മുടെ സഹനങ്ങളും ആകുലതകളും ആ പ്രത്യാശക്ക് മുന്നിൽ നമുക്ക് സമർപ്പിക്കാം. ജീവിതയാത്രയിൽ നാം കണ്ടുമുട്ടുന്നവരുമായി നമുക്കുള്ള പ്രത്യാശ പങ്കുവയ്ക്കുകയും നമ്മുടെ ഭാവിയും മനുഷ്യകുലത്തിന്റെ മുഴുവൻ ഭാഗധേയവും ആ പ്രത്യാശയ്ക്ക് ഭരമേൽപ്പിക്കുകയും ചെയ്യാം - പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.

ഈ ലോകത്തിലെ ക്ഷണികമായ കാര്യങ്ങളെക്കുറിച്ച് ആകുലപ്പെട്ട് തളരുകയോ ദുഖിതരാവുകയോ ചെയ്യരുത്. പകരം, ആനന്ദത്താൽ നിറഞ്ഞ് കർത്താവിനെ കണ്ടുമുട്ടാനും നമ്മെ സ്നേഹിതരായി പരിഗണിക്കുന്ന അവിടുത്തെ അളവില്ലാത്ത കൃപ വീണ്ടും കണ്ടെത്താനുമായി നാം നിരന്തരം ഓടണം.

പ്രിയ സഹോദരീ സഹോദരന്മാരെ, ഈസ്റ്റർ നൽകുന്ന അത്ഭുതകരമായ ഈ വിശ്വാസത്താൽ നിറഞ്ഞ്, സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിൻ്റെയുമായ പ്രത്യാശ ഹൃദയങ്ങളിൽ സംവഹിച്ചുകൊണ്ട് നമുക്ക് ഇപ്രകാരം പറയാം: ' കർത്താവേ, എല്ലാം പുതുതായിരിക്കുന്നു. അങ്ങയോടൊപ്പം എല്ലാം പുതുതായി ആരംഭിക്കുന്നു.'

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.