കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവാണ് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതെങ്കിലും അത് പൂര്‍ണമായും ഒരു മാനുഷിക പ്രക്രീയ അല്ല. സ്വര്‍ഗത്തിന്റെ വലിയൊരു പദ്ധതി അതിലുണ്ട്... പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ അതിലുണ്ട്. അതാണ് ഇന്നോളമുള്ള ചരിത്രം.
എന്നാല്‍ ഇത്രയും മഹനീയമായൊരു പദവി തന്നെ തേടി വന്നപ്പോള്‍ അത് നിരസിച്ചുകൊണ്ട് ഓടി ഒളിച്ച ഒരു സന്യാസിയുണ്ടായിരുന്നു സഭയില്‍. പിയട്രോ ഡി മൊറോണ്‍ എന്ന ബെനഡിക്ടന്‍ സന്യാസി. ഏകാന്തതയെ പ്രണയിച്ച വ്യക്തി.
പതിനേഴാം വയസില്‍ ബെനഡിക്ടന്‍ സന്യാസിയാകുകയും മൗണ്ട് മജെല്ലയുടെ വന്യമായ ഉള്‍പ്രദേശങ്ങളില്‍ പോയി താപസ ജീവിതം നയിക്കുകയും ചെയ്തു. വിശുദ്ധ സ്‌നാപക യോഹന്നാനെയായിരുന്നു അദേഹം തന്റെ മാതൃകയായി സ്വീകരിച്ചത്.
മെലിഞ്ഞ ശരീരത്തില്‍ ഇരുമ്പ് ചങ്ങല ചുറ്റി ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും അദേഹം ഉപവസിച്ചു. എല്ലാ വര്‍ഷവും നാല് നോമ്പ് കാലം അനുഷ്ഠിച്ചു. അതില്‍ മൂന്നെണ്ണത്തിലും അദേഹം അപ്പവും വെള്ളവും മാത്രമേ കഴിച്ചിരുന്നുള്ളൂ. ഏകാന്തത ഏറെ ഇഷ്ടപ്പെട്ട പിയട്രോയുടെ ജീവിത രീതിയില്‍ ആകൃഷ്ടരായി ഒരുപാട് അനുയായികള്‍ അദേഹത്തിനുണ്ടായിരുന്നു.
ആ കാലഘട്ടത്തിലെ മാര്‍പാപ്പയായിരുന്ന നിക്കോളാസ് നാലാമന്‍ കാലം ചെയ്തപ്പോള്‍ കര്‍ദിനാള്‍ കോളജിന് ഒരു പിന്‍ഗാമിയെ കണ്ടെത്താനായില്ല. റോമിലെ പ്രഭു കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് രണ്ട് വര്‍ഷത്തോളം വൈകി.
അങ്ങനെ സഭയ്ക്ക് ഒരു പാപ്പ ഇല്ലെന്ന വാര്‍ത്ത പിയട്രോയും അറിഞ്ഞു. ആരെയെങ്കിലും തിരഞ്ഞെടുക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് അദേഹം കര്‍ദിനാള്‍മാര്‍ക്ക് ഒരു കത്തെഴുതി. പിയട്രോയുടെ പ്രശസ്തിയും അദേഹം അയച്ച കത്തും അടിസ്ഥാനമാക്കി കര്‍ദിനാള്‍മാര്‍ അദേഹത്തെ തന്നെ അടുത്ത മാര്‍പാപ്പയായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.
ഇക്കാര്യമറിയിക്കാന്‍ കര്‍ദിനാള്‍ സംഘം പിയട്രോയെ സമീപിച്ചപ്പോള്‍, ആഗോള കത്തോലിക്കാ സഭയുടെ പരമോന്നത പദവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനാകാതെ അദേഹം അവരില്‍ നിന്നും ഓടിയൊളിച്ചു.
ഒരു സന്യാസി എന്ന നിലയിലുള്ള ജീവിതമാണ് തനിക്ക് യോജിച്ചതെന്നും സഭയിലെ എറ്റവും വലിയ സ്ഥാനം കൈകാര്യം ചെയ്യാന്‍ തനിക്ക് വളരെ ബുദ്ധിമുട്ടാണെന്നുമായിരുന്നു പിയട്രോയുടെ നിലപാട്.
അവസാനം കര്‍ദിനാള്‍ സംഘത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി 1294 ജൂലൈ അഞ്ചിന് പിയട്രോ ഡി മൊറോണ്‍ മാര്‍പാപ്പയായി സ്ഥാനമേല്‍ക്കുകയും സെലസ്റ്റിന്‍ അഞ്ചാമന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. അന്ന് അദേഹത്തിന് എണ്‍പത് വയസായിരുന്നു.
എന്നാല്‍ ഒരു സന്യാസിയുടെ ഏകാന്ത ജീവിതം ഇഷ്ടപ്പെട്ടിരുന്ന സെലസ്റ്റിന്‍, മാര്‍പ്പാപ്പ പദവിയുടെ ഉത്തരവാദിത്വങ്ങളുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ട് മൂലം വെറും അഞ്ച് മാസത്തെ സേവനത്തിന് ശേഷം ഡിസംബര്‍ 13 ന് സ്ഥാനമൊഴിഞ്ഞു. പിന്‍ഗാമിയായി ബോണിബസ് എട്ടാമന്‍ സ്ഥാനമേല്‍ക്കുകയും ചെയ്തു.
1296 മെയ് 19 ന് സെലസ്റ്റിന്‍ അഞ്ചാമന്‍ പാപ്പ കാലം ചെയ്തു. പിന്നീട് 1313 മെയ് അഞ്ചിന് തിരുസഭ അദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. മെയ് 19 ആണ് വിശുദ്ധ സെലസ്റ്റിന്റെ തിരുനാള്‍ ദിനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.