ബാങ്കോക്ക്: അതിര്‍ത്തിയിലെ തര്‍ക്ക മേഖലയില്‍ തായ്‌ലന്‍ഡ് - കംബോഡിയ ഏറ്റുമുട്ടല്‍. തായ്‌ലന്‍ഡിലെ സുരിന്‍ പ്രവിശ്യയും കംബോഡിയയിലെ ഒദാര്‍ മീഞ്ചെ പ്രവിശ്യയും പങ്കിടുന്ന അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശത്താണ് ഇരു രാജ്യങ്ങളുടെയും സൈനികര്‍ ഏറ്റുമുട്ടിയത്. ആക്രമണങ്ങളില്‍ അതിര്‍ത്തി മേഖലയില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. സൈനികര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്കേറ്റു. സൈനിക ആക്രമണം ആരാണ് തുടക്കമിട്ടത് എന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും പരസ്പരം ആരോപണം ഉന്നയിക്കുകയാണ്.
കംബോഡിയന്‍ സൈന്യം വെടിവെപ്പിന് തുടക്കമിടുകയായിരുന്നുവെന്നാണ് തായ്‌ലന്‍ഡ് സൈന്യത്തിന്റെ ആരോപണം. സൈന്യത്തെ അയക്കുന്നതിനു മുന്‍പായി ഡ്രോണ്‍ അയച്ച് പ്രദേശം നിരീക്ഷിച്ചു. പിന്നാലെ കംബോഡിയന്‍ സൈന്യം പീരങ്കികളും ദീര്‍ഘദൂര റോക്കറ്റുകളും ഉള്‍പ്പെടെ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് തായ്‌ലന്‍ഡിന്റെ ആരോപണം. ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റതായി റോയല്‍ തായ് ആര്‍മി വക്താല് റിച്ച സുക്‌സു വാനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം തായ്‌ലന്‍ഡാണ് ആക്രമണം തുടങ്ങിയതെന്നാണ് കംബോഡിയയുടെ ആരോപണം. അതിര്‍ത്തി സമഗ്രതകള്‍ ലംഘിച്ചുള്ള തായ് സൈനികരുടെ പ്രകോപനമില്ലാത്ത കടന്നുകയറ്റത്തിനെതിരായ സ്വയം പ്രതിരോധമാണ് നടത്തിയതെന്നാണ് കംബോഡിയ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം.
ഒദാര്‍ മീഞ്ചെയിലെ പ്രസാത് താ മോന്‍ തോം, പ്രസാത് താ ക്രാബെ പ്രവിശ്യങ്ങളിലെ കംബോഡിയന്‍ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ച തായ് സൈന്യം കൂടുതല്‍ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയായിരുന്നു എന്നാണ് കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് പറഞ്ഞത്.
ആക്രമണങ്ങളെ തുടര്‍ന്ന് അതിര്‍ത്തി പൂര്‍ണമായും അടച്ചു. നേരത്തെ തായ്‌ലൻഡുമായുള്ള നയതന്ത്ര ബന്ധം ഏറ്റവും താഴ്ന്ന നിലയിലേക്ക് തരംതാഴ്ത്തുകയാണെന്ന് കംബോഡിയ പ്രഖ്യാപിച്ചിരുന്നു. തായ് അംബാസഡറെ പുറത്താക്കുകയും ബാങ്കോക്കിലെ എംബസിയിൽ നിന്ന് എല്ലാ കംബോഡിയൻ ജീവനക്കാരെയും തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.