മറവിയേയും മറികടക്കാം ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

മറവിയേയും മറികടക്കാം ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

എന്തെങ്കിലും ഒന്നു ചോദിച്ചാല്‍ ചിലര്‍ പറയും 'അയ്യോ അത് ഞാന്‍ മറന്നു പോയി' എന്ന്. ദിവസത്തില്‍ ഒരുതവണ എങ്കിലും നമ്മളില്‍ പലരും ഈ ഡയലോഗ് പറയുന്നവരുമാണ്. കൗമാരക്കാരും യുവാക്കളുമൊക്കെയാണ് ഇങ്ങനെ പറയുന്നവരില്‍ കൂടുതല്‍. എന്നാല്‍ വേറെ ചിലരുണ്ട്. പ്രായം അമ്പത് കടന്നവര്‍. 'പ്രായമൊക്കെ ആയില്ലേ ഓര്‍മ്മയൊക്കെ കുറഞ്ഞു' എന്നാണ് ഇവരില്‍ ചിലരുടെ പരിഭവം പറച്ചില്‍. എന്നാല്‍ ചില കാര്യങ്ങളില്‍ പ്രത്യേക കരുതല്‍ നല്‍കിയാല്‍ ഓര്‍മ്മശക്തിയെ നമുക്ക് മെച്ചപ്പെടുത്താന്‍ സാധിക്കും.

ഇതില്‍ ഒന്നാണ് കൃത്യമായി വ്യായാമം ചെയ്യുക എന്നത്. ദിവസവും കുറഞ്ഞത് ഒരു മണിക്കൂര്‍ നേരമെങ്കിലും വ്യായാമം ചെയ്യുന്നത് ശീലമാക്കുക. വ്യായാമം ചെയ്യുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മാത്രമല്ല ഇതുവഴി മാനസിക സമ്മര്‍ദ്ദവും കുറയും. കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യായാമം സഹായിക്കുന്നു. അതുകൊണ്ടുതന്നെ വ്യായാമം ചെയ്യുന്നത് നമ്മുടെ ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്തും.

വ്യായമത്തിന് പുറമെ, ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില വിനോദങ്ങളും ഉണ്ട്. ഇവയില്‍ ഒന്നാണ് ചെസ്സ് ഗെയിം. ബുദ്ധിമാന്‍മാരുടെ കളി എന്നാണ് പൊതുവെ ചെസ്സ് അറിയപ്പെടുന്നത്. ധാരാളം ഏകാഗ്രതയും ഓര്‍മ്മയും ബുദ്ധിയുമൊക്കെ ഉപയോഗപ്പെടുത്തേണ്ട ഒന്നുതന്നെയാണ് ചെസ്സ് ഗെയിം. ഇടയ്ക്കിടെ ചെസ്സ് ഗെയിം കളിക്കുന്നതും ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

നമ്മുടെ ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് വായനാ ശീലം. വായിച്ചാല്‍ വിളയും അല്ലെങ്കില്‍ വളയും എന്നാണല്ലോ കുഞ്ഞുണ്ണി മാഷ് പറഞ്ഞു വെച്ചിരിക്കുന്നതും. കുട്ടികളെ ചെറുപ്പം മുതല്‍ക്കേ വായനശീലമുള്ളവരാക്കണം. കുട്ടികള്‍ക്ക് മാത്രമല്ല ഏതുപ്രായക്കാരും നല്ലതുപോലെ വായിക്കുന്നത് അറിവ് നല്‍കുന്നതിനോടൊപ്പം ഓര്‍മ്മശക്തിയും മെച്ചപ്പെടുത്തുന്നു. കാര്യങ്ങള്‍ എപ്പോഴും മറന്നുപോകുന്ന പ്രശ്‌നം അനുഭവിക്കുന്നവര്‍ പത്രവായന ശീലമാക്കുക. ഇത് ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പത്രങ്ങളില്‍ നിന്നും വായിക്കുന്ന ചില വാര്‍ത്തകള്‍ മുമ്പു വന്നിട്ടുള്ള ചില വാര്‍ത്തകളുമായി ബന്ധപ്പെടുത്തി വായിക്കാന്‍ ശ്രമിക്കുക. കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഇത് സഹായിക്കുന്നു. ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ മറവിയേയും മറികടക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.