'ആത്മീയതയിൽ അമിതമായ ആത്മവിശ്വാസം പുലർത്താതിരിക്കുക; ആചാരങ്ങൾകൊണ്ട് മാത്രം ഹൃദയ പരിവര്‍ത്തനം ഉണ്ടാകുന്നില്ലെന്നറിയുക'; മാര്‍പാപ്പയുടെ ഞായറാഴ്ച സന്ദേശം

'ആത്മീയതയിൽ അമിതമായ ആത്മവിശ്വാസം പുലർത്താതിരിക്കുക; ആചാരങ്ങൾകൊണ്ട്  മാത്രം ഹൃദയ പരിവര്‍ത്തനം ഉണ്ടാകുന്നില്ലെന്നറിയുക'; മാര്‍പാപ്പയുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാന്‍ സിറ്റി: വാക്കുകളിലും പ്രവൃത്തികളിലും യഥാര്‍ത്ഥ വിശ്വാസ ജീവിതം നയിച്ചുകൊണ്ട് 'ഇടുങ്ങിയ വാതിലിലൂടെ' പ്രവേശിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന ഓര്‍മ്മപ്പെടുത്തലുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ഞായറാഴ്ച മധ്യാഹ്ന പ്രാര്‍ഥനയ്ക്ക് ഒരുക്കമായി ആ ദിവസത്തെ സുവിശേഷ വായനയെ അടിസ്ഥാനമാക്കി വചന സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ.

ലൂക്കായുടെ സുവിശേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്ന 'ഇടുങ്ങിയ വാതിലിന്റെ' പ്രതിരൂപമാണ് (ലൂക്കാ 13: 22-30) പാപ്പാ ഈ ആഴ്ച ധ്യാന വിഷയമാക്കിയത്. 'രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ?' എന്ന ഒരുവന്റെ ചോദ്യത്തിന് യേശു നല്‍കുന്ന മറുപടിയാണ് ഈ സുവിശേഷഭാഗം.
'ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകംപേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല.'

(ലൂക്കാ 13 : 24)

ആത്മവിശ്വാസം അമിതമാകരുത്

'ദൈവം സ്‌നേഹവും കരുണയുമുള്ള പിതാവാണെങ്കില്‍, പിന്നെ എന്തുകൊണ്ടാണ് രക്ഷയിലേക്കുള്ള വാതില്‍ ഇടുങ്ങിയതാണെന്ന് യേശു പറയുന്നത്?' - പാപ്പാ ചോദിച്ചു. നമ്മെ നിരാശപ്പെടുത്താനല്ല യേശു ഇതു പറഞ്ഞത്. മറിച്ച്, തങ്ങള്‍ ഇതിനകം രക്ഷിക്കപ്പെട്ടു എന്നു കരുതിയിരുന്നവരുടെ അമിതമായ ആത്മവിശ്വാസത്തെ അവിടന്ന് വെല്ലുവിളിക്കുകയായിരുന്നു.
മതാചാരങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട്, തങ്ങളെത്തന്നെ നല്ലവരായി കരുതിയിരുന്നവരെയാണ് യേശു വെല്ലുവിളിച്ചത്. മതപരമായ ആചാരങ്ങള്‍ കൊണ്ടുമാത്രം ഒരു വ്യക്തിക്ക് ഹൃദയ പരിവര്‍ത്തനം ഉണ്ടാകുന്നില്ല. ഇക്കാര്യം ആ ആളുകള്‍ മനസിലാക്കിയിരുന്നില്ല. ദൈവാരാധനയില്‍ നിന്ന് വേറിട്ട ഒരു ജീവിതം നയിക്കുന്ന ആളുകളെയല്ല ദൈവം അന്വേഷിക്കുന്നത്. നീതിനിഷ്ഠയോടെ പ്രവര്‍ത്തിക്കുകയും സഹോദരീ സഹോദരന്മാരെ സ്‌നേഹിക്കുകയും ചെയ്യാതെയുള്ള പരിത്യാഗ പ്രവൃത്തികളോ പ്രാര്‍ഥനകളോ അവിടുന്ന് ആഗ്രഹിക്കുന്നില്ല.

അതുകൊണ്ടാണ് തങ്ങള്‍ കര്‍ത്താവിനോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തവരാണ് എന്ന് പറഞ്ഞിട്ടും 'അകന്നു പോകുവിന്‍' എന്നു അവിടുന്ന് അവരോടു കല്‍പ്പിച്ചത്.

ഇടുങ്ങിയ വാതിലിന്റെ പാത

വെല്ലുവിളി നിറഞ്ഞതെങ്കിലും മനോഹരമായ ഒരു സന്ദേശമാണ് ഇത് നമുക്ക് നല്‍കുന്നത്. നാം ചിലപ്പോള്‍ മറ്റുള്ളവരുടെ വിശ്വാസക്കുറവിനെ വിധിക്കുന്നവരായിരിക്കാം. എന്നാല്‍, യേശുവിന്റെ വെല്ലുവിളി വിശ്വാസികളുടെ ഉറപ്പിന് നേരെയാണ്.

വിശ്വാസം വാക്കുകളിലൂടെ പ്രഘോഷിക്കുകയോ ദിവ്യബലിയില്‍ പങ്കെടുക്കുകയോ ക്രിസ്തീയ പ്രബോധനങ്ങള്‍ ഹൃദിസ്ഥമാക്കുകയോ ചെയ്താല്‍ മാത്രം പോരെന്ന് മാര്‍പാപ്പ വിശദീകരിച്ചു. നേരെമറിച്ച്, നമ്മുടെ ജീവിതത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളുടെയും അടിസ്ഥാനം വിശ്വാസം ആകുമ്പോഴാണ് അത് യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്നത്. യേശുവിനെപ്പോലെ, നന്മ ചെയ്യാനും വെല്ലുവിളികള്‍ ഏറ്റെടുക്കാനും അപ്പോള്‍ നമുക്കും സാധിക്കും.

യേശു സ്വീകരിച്ചത് എളുപ്പവഴികള്‍ ആയിരുന്നില്ല. ജനപ്രീതി ഇല്ലാത്തതും വെല്ലുവിളികള്‍ നിറഞ്ഞതുമായ പാതകള്‍ നമുക്കും തിരഞ്ഞെടുക്കേണ്ടി വരും. നമ്മുടെ സ്വാര്‍ത്ഥതയ്‌ക്കെതിരെ പോരാടുന്നതും മറ്റുള്ളവര്‍ക്കായി സ്വയം സമര്‍പ്പിക്കുന്നതും തിന്മയുടെ യുക്തിവിചാരങ്ങള്‍ പ്രബലപ്പെട്ടു നില്‍ക്കുന്നുവെന്നു തോന്നുമ്പോഴും നന്മ ചെയ്യുന്നതുമെല്ലാം ഇപ്രകാരമുള്ള തിരഞ്ഞെടുപ്പുകളാണ്. ബുദ്ധിമുട്ടുള്ളതാണെങ്കിലും, നമുക്കായി തുറക്കപ്പെട്ടതും നമ്മെ സ്വര്‍ഗീയ ആനന്ദത്തിലേക്കു നയിക്കുന്നതുമായ ദൈവത്തിന്റെ ഹൃദയത്തിലേക്കുള്ള പാതയാണ് ഇവയിലൂടെ നാം തിരഞ്ഞെടുക്കുന്നത്.

സുവിശേഷം കാണിച്ചുതരുന്ന 'ഇടുങ്ങിയ വാതിലിലൂടെ' ധൈര്യപൂര്‍വം പ്രവേശിക്കാന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായം നമുക്ക് അപേക്ഷിക്കാം എന്ന ആഹ്വാനത്തോടെ ലിയോ പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.