മുംബൈ: ബാങ്കുകളില്‍ അനാഥമായിക്കിടക്കുന്ന നിക്ഷേപങ്ങള്‍ ഉടമകള്‍ക്കോ അവകാശികള്‍ക്കോ തിരിച്ചു നല്‍കണമെന്ന് റിസര്‍വ് ബാങ്ക്. അടുത്ത മൂന്ന് മാസമാണ് ഇതിന് കാലാവധി നിശ്ചയിച്ചിട്ടുള്ളത്.
കഴിഞ്ഞ പത്ത് വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന സേവിങ്സ്, കറന്റ് അക്കൗണ്ടുകളിലെ തുക, കാലാവധി കഴിഞ്ഞിട്ടും പത്ത് വര്‍ഷമായി പിന്‍വലിക്കാതെ കിടക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ എന്നിവയാണ് അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപമായി കണക്കാക്കുന്നത്.
ഈ തുക ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിക്ഷേപക ബോധവല്‍കരണ ഫണ്ടിലേക്ക് മാറ്റുകയാണ് പതിവ്. എങ്കിലും നിക്ഷേപകര്‍ അവകാശമുന്നയിച്ച് എത്തിയാല്‍ ഈ തുക പലിശ സഹിതം മടക്കി നല്‍കും.
സാമ്പത്തിക സുസ്ഥിരത വികസന കൗണ്‍സില്‍ യോഗത്തോടനുബന്ധിച്ച് ബാങ്കുകള്‍ക്കു നല്‍കിയ അറിയിപ്പിലാണ് ആര്‍ബിഐയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു നിര്‍ദേശം.
ഇതിനായി ജില്ലാ അടിസ്ഥാനത്തില്‍ ബാങ്കുകളുടെ സംയുക്ത ക്യാമ്പുകള്‍ സംഘടിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആദ്യം ഗുജറാത്തിലായിരിക്കും ആദ്യ ക്യാമ്പ്. ഡിസംബര്‍ വരെ പലയിടത്തായി ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കും.
രാജ്യത്തെ ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 67,003 കോടി രൂപയുടെ നിക്ഷേപങ്ങളാണ്. നിക്ഷേപങ്ങളുടെ 29 ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യിലാണെന്ന് ധനകാര്യ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. 19,329.92 കോടി രൂപയാണ് എസ്ബിഐയുടെ വിവിധ ശാഖകളിലുള്ളത്.
ലോക്‌സഭയില്‍ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പങ്കുവെച്ച കണക്കുകള്‍ പ്രകാരം, അവകാശപ്പെടാത്ത എല്ലാ നിക്ഷേപങ്ങളുടെയും 87 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണ്.
പഞ്ചാബ് നാഷനല്‍ ബാങ്ക്- 6,910.67 കോടി രൂപ, കാനറ ബാങ്ക്- 6,278.14 കോടി, ബാങ്ക് ഓഫ് ബറോഡ- 5,277.36 കോടി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ- 5,104.50 കോടി എന്നിവയാണ് അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കൂടുതലുള്ള മറ്റ് ബാങ്കുകള്‍.
സ്വകാര്യ ബാങ്കുകളില്‍ മാത്രമായി 8,673.72 കോടിയുടെ അവകാശികളില്ലാത്ത നിക്ഷേപമാണുള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ കൈവശം വെച്ചിരിക്കുന്നത് ഐസിഐസിഐ ബാങ്കാണ്. 2,063.45 കോടിയുടെ നിക്ഷേപമാണ് ഐസിഐസിഐ ബാങ്കിലുള്ളത്. എച്ച്ഡിഎഫ്‌സി ബാങ്ക്, 1,609 കോടി, ആക്സിസ് ബാങ്ക് 1,360 കോടി എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.