നിങ്ങള്‍ കേട്ടിട്ടുണ്ടോ പൂച്ചകളുടെ രാജ്യത്തെക്കുറിച്ച്.... സിനിമക്കഥയോ കെട്ടുകഥയോ ഒന്നുമല്ല. പൂച്ചകളുടെ രാജ്യം എന്ന് അറിയപ്പെടുന്ന ഒരു ഇടം തന്നെയുണ്ട് ലോകത്ത്. മനുഷ്യരേക്കാള്‍ അധികമായി പൂച്ചകളുണ്ട് ഇവിടെ അങ്ങനെയാണ് ഈ രാജ്യം പൂച്ചകളുടെ രാജ്യം എന്ന് അറിയപ്പെടാന്‍ തുടങ്ങിയതും.
പറഞ്ഞു വരുന്നത് ആഷിമ എന്ന ഇടത്തെപ്പറ്റിയാണ്. ജപ്പാനിലെ വളരെ ചെറിയ ഒരു ദ്വീപാണ് ആഷിമ. ഇവിടെ നിറയെ പൂച്ചകളാണ്. അതും മനുഷ്യരേക്കാള്‍ അധികം. കണക്ക് അനുസരിച്ച് നോക്കുമ്പോള്‍ ഒരു മനുഷ്യന് ആറ് പുച്ചകള്‍ എന്ന അനുപാതത്തിലാണ് ഇവിടുത്തെ പൂച്ചകളുടെ എണ്ണം.
ആഷിമ എന്ന ചെറു ദീപില്‍ ഇന്ന് താമസക്കാര്‍ വളരേ കുറവാണ്. പലരും സൗകര്യങ്ങള്‍ നോക്കി മറ്റ് ഇടങ്ങളിലേക്ക് ചേക്കേറി തുടങ്ങി. ഇന്ന് കേവലം അമ്പതില്‍ താഴെ ആളുകള്‍ മാത്രമാണ് ഈ ചെറു ദ്വീപില്‍ താമസിക്കുന്നത്. ഇനി ഇവിടം പൂച്ചകളുടെ രാജ്യമായതിനെക്കുറിച്ച്....
ആഷിമയിലെ പൂച്ചപ്പുരാണം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒരുകാലത്ത് ആയിരത്തിലധികം ാളുകള്‍ താമസിച്ചിരുന്നു ഈ ദ്വീപില്‍. മിക്കവരും മത്സബന്ധനം ഉപജീവനമാക്കിയവര്‍. അങ്ങനെയിരിക്കെ 1940-കളില്‍ ഈ ദ്വീപില്‍ എലി ശല്യം രൂക്ഷമായി. അസഹനീയമായപ്പോള്‍ ദ്വീപ് നിവാസികള്‍ ഇവിടേക്ക് പൂച്ചകളെ കൊണ്ടു വരാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റ് പലയിടങ്ങളില്‍ നിന്നായി കുറച്ച് പൂച്ചകളെ ഗ്രാമവാസികള്‍ ഇവിടെ എത്തിച്ചു. അങ്ങനെ എലി ശല്യത്തിനും പരിഹാരമായി.
എന്നാല്‍ വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടപ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കും ഒക്കെയായി പലരും ആഷിമ ദ്വീപ് വിട്ടു. എന്നാല്‍ പോയവരില്‍ മിക്കവരും തങ്ങളുടെ പൂച്ചകളെ ആഷിമയില്‍ തന്നെ ഉപേക്ഷിച്ചു. ഇതോടെ പൂച്ചകളുടെ എണ്ണം വര്‍ധിച്ചു. അങ്ങനെ ഈ ദ്വീപ് പൂച്ചകളുടെ രാജ്യം എന്ന് അറിയപ്പെട്ടു തുടങ്ങി. അധികമാരാലും അറിയപ്പെടാതിരുന്ന ആഷിമ ദ്വീപ് അങ്ങനെ ശ്രദ്ധിക്കപ്പെട്ടു. ചില സഞ്ചാരികള്‍ പൂച്ചകളുടെ രാജ്യം സന്ദര്‍ശിക്കാനും വന്നുതുടങ്ങി.
ജപ്പാനിലെ പന്ത്രണ്ടോളം ദ്വീപുകളില്‍ പെട്ട ഒരു ചെറു ദ്വീപാണ് ആഷിമ. പൂച്ചകള്‍ കവിഞ്ഞാല്‍ ഇവിടെ കൂടുതലായി കാണാന്‍ സാധിക്കുന്നത് ഒഴിഞ്ഞ കെട്ടിടങ്ങള്‍ മാത്രമാണ്. ഒരുപക്ഷെ വരും നാളുകളില്‍ ഈ ചെറു ദ്വീപ് പൂച്ചകളുടേത് മാത്രമായി മാറാനും ഇടയുണ്ട്. കാരണം പലരും ഇവിടെ നിന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ് പുതിയ തീരങ്ങള്‍ തേടി....
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.