മൂന്ന് മണിക്കൂറിലധികം നീണ്ട അതിസങ്കീർണ ശസ്ത്രക്രിയ വിജയം ; പെറുവില്‍ നട്ടെല്ലിൻ്റെ ഭാഗം ഒട്ടിച്ചേർന്ന സയാമീസ് ഇരട്ടകളെ വേർപെടുത്തി

മൂന്ന് മണിക്കൂറിലധികം നീണ്ട അതിസങ്കീർണ ശസ്ത്രക്രിയ വിജയം ; പെറുവില്‍ നട്ടെല്ലിൻ്റെ ഭാഗം ഒട്ടിച്ചേർന്ന സയാമീസ് ഇരട്ടകളെ വേർപെടുത്തി

ലിമ: നട്ടെല്ലിന്റെ ഭാഗം ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച സയാമീസ് ഇരട്ടകളെ മൂന്ന് മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയയിലൂടെ വേർപെടുത്തി. പെറുവിലെ സാൻ ബോർജയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലാണ് മൂന്ന് മാസം പ്രായമുള്ള ഐലാനി, ആലിഫ് എന്നീ പെൺകുഞ്ഞുങ്ങൾ പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ചത്.

കഴിഞ്ഞ ഒക്ടോബർ അഞ്ചിന് ഹുവാനുകോയിലെ കർഷക കുടുംബത്തിലാണ് കുഞ്ഞുങ്ങൾ ജനിച്ചത്. നട്ടെല്ലിന്റെ താഴ്ഭാഗം ഒട്ടിച്ചേർന്ന നിലയിലായിരുന്ന ഇരട്ടകൾ സുഷുമ്നാ അറയും നിർണായകമായ നാഡീഘടനകളും പങ്കിടുന്നുണ്ടെന്ന് പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ജനിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇവരെ ലിമയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടതിനെത്തുടർന്ന് ഈ മാസം 18 നായിരുന്നു നിർണായകമായ ശസ്ത്രക്രിയ നടന്നത്. വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ കുഞ്ഞുങ്ങളെ വേർപെടുത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ബുധനാഴ്ചയോടെ അപകടനില തരണം ചെയ്തു.

മക്കൾക്ക് പുതിയ ജീവിതം നൽകിയ ഡോക്ടർമാർക്കും നഴ്‌സുമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും മാതാപിതാക്കളായ മാർലെനി പിക്കോണും മെനെലിയോ പലാസിയോസും കണ്ണീരോടെ നന്ദി പറഞ്ഞു. കുഞ്ഞുങ്ങൾ ഇപ്പോൾ സുഖമായിരിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.