സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചകള്‍ സമ്മാനിക്കുന്ന വിചിത്ര ആകൃതിയിലുള്ള മരങ്ങള്‍

സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചകള്‍ സമ്മാനിക്കുന്ന വിചിത്ര ആകൃതിയിലുള്ള മരങ്ങള്‍

യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. എത്രയെത്ര യാത്രകളാണ് ജീവിതത്തില്‍ നാം നടത്തുന്നത്. എന്തിനേറെ പറയുന്നു ജീവിതം എന്നതു പോലും ഏറ്റവും മനോഹരമായ യാത്രയാണ്. പല യാത്രകളും തികച്ചും വ്യത്യസ്തമായ സഞ്ചാരാനുഭവങ്ങളാണ് ഓരോ യാത്രികനും സമ്മാനിക്കുന്നത്. ചില കാഴ്ചകള്‍ അദ്ഭുതപ്പെടുത്തുന്നു, മറ്റ് ചിലത് കൗതുകം നിറയ്ക്കുന്നു. ഇത്തരത്തില്‍ തികച്ചും അപൂര്‍വ്വവും കൗതുകം നിറയ്ക്കുന്നതുമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഒരിടമുണ്ട്, പോളണ്ടില്‍.

ഈ കൗതുകക്കാഴ്ചകളെക്കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന് ആരും പറയില്ല. പോളണ്ടിലെ വെസ്റ്റ് പോമെറാനിയയിലെ ഗ്രിഫാനോ പട്ടണത്തിന് അടുത്തുള്ള നോവെ സാര്‍നോവോ ഗ്രാമത്തിലാണ് ഈ കൗതുകക്കാഴ്ച. വളഞ്ഞപുളഞ്ഞ് വിചിത്രമായ മരങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

ക്രൂക്ക് ഫോറസ്റ്റ് എന്നറിയപ്പെടുന്ന ഇവിടം ഇന്നും ഒരു കടങ്കഥ പോലെയാണ്. കാരണം എന്തുകൊണ്ടാണ് ഫോറസ്റ്റിലെ പൈന്‍ മരങ്ങള്‍ ഇത്തരത്തില്‍ വിചിത്രമായ ആകൃതിയില്‍ നിലകൊള്ളുന്നത് എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല.... 1930ലാണ് ഇവിടെ പൈന്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചത്. എന്നാല്‍ ഈ മരങ്ങളെല്ലാം തന്നെ പ്രത്യേകമായ രീതിയില്‍ വളഞ്ഞാണ് നിലകൊള്ളുന്നത്.


ഓരോ മരങ്ങളുടേയും അടിഭാഗം 90 ഡ്രിഗ്രിയില്‍ വളഞ്ഞിരിക്കുന്നു. വളവുകള്‍ക്ക് ശേഷം ഏകദേശം മൂന്നു മുതല്‍ ഒമ്പത് അടി വരെ നീണ്ടു നില്‍ക്കുന്നു. തുടര്‍ന്ന് വീണ്ടും ഒരു വളവ്. അമ്പത് അടിയോളം ഉയരത്തില്‍ വളരുന്നതാണ് ഈ മരങ്ങള്‍. പക്ഷെ എന്താണ് ഈ മരങ്ങളുടെ വിചിത്രമായ ആകൃതിക്ക് കാരണം എന്നത് ഇന്നും അവ്യക്തമാണ്.

മരങ്ങളുടെ വിചിത്രാകൃതിയെ ചുറ്റിപ്പറ്റി നിരവധി വാദങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ പ്രദേശത്തെ ഗുരുത്വാകര്‍ഷണ ബലത്തിന്റെ പ്രത്യേകതയാണ് മരങ്ങളുടെ വളവിന് കാരണമെന്ന് ചിലര്‍ വാദിക്കുന്നു. മഞ്ഞു വീഴ്ചമൂലമാണ് ഈ രൂപമാറ്റം എന്നും മറ്റ് ചിലരും വിശദീകരിക്കുന്നു. എന്നാല്‍ ഈ വാദങ്ങള്‍ക്ക് ശാസ്ത്രീയമായ തെളിവുകളില്ല എന്നതാണ് മറ്റൊരു വസ്തുത. മറ്റ് ചിലരാകട്ടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷിക്കാര്‍ മരം നട്ടപ്പോള്‍ വളച്ച് നട്ടതാണ് എന്നാണ് പറയുന്നത്.

നിരവധി വാദങ്ങള്‍ നിലനില്‍ക്കുമ്പോഴും മരത്തിന്റെ സവിശേഷത കേട്ടറിഞ്ഞ് പലരും ഇവിടം സന്ദര്‍ശിക്കാനെത്തുന്നുണ്ട്. പോളണ്ടുതന്നെ പല സന്ദര്‍ശകര്‍ക്കു പ്രിയപ്പെട്ട ഇടമായതിനാല്‍ പോളെണ്ടിലെത്തുന്ന ആരും തന്നെ വിചിത്രമായ ഈ മരങ്ങളെ കാണാതെ മടങ്ങാറില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.