അക്ഷരങ്ങളിലൂടെ സഭയെ സേവിച്ച യുഗം അവസാനിച്ചു; പ്രമുഖ കത്തോലിക്കാ എഴുത്തുകാരൻ റസൽ ഷാ വിടവാങ്ങി

അക്ഷരങ്ങളിലൂടെ സഭയെ സേവിച്ച യുഗം അവസാനിച്ചു; പ്രമുഖ കത്തോലിക്കാ എഴുത്തുകാരൻ റസൽ ഷാ വിടവാങ്ങി

വാഷിങ്ടൺ: അമേരിക്കൻ കത്തോലിക്കാ സഭയുടെ ശബ്ദമായിരുന്ന പ്രമുഖ പത്രപ്രവർത്തകനും വിഖ്യാത എഴുത്തുകാരനുമായ റസൽ ഷാ (90) അന്തരിച്ചു. ആറു പതിറ്റാണ്ടിലേറെക്കാലം തന്റെ തൂലികയിലൂടെയും മാധ്യമപ്രവർത്തനത്തിലൂടെയും സഭയുടെ ആശയവിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു അദേഹം.

വെറുമൊരു പത്രപ്രവർത്തകൻ എന്നതിലുപരി അമേരിക്കൻ ബിഷപ്പുമാരുടെ വിശ്വസ്തനായ ഉപദേശകനും വക്താവുമായിരുന്നു റസൽ ഷാ. 1970 കൾ മുതൽ 80 കളുടെ അവസാനം വരെ റോമിൽ നടന്ന ലോക ബിഷപ്പുമാരുടെ സിനഡുകളിൽ അമേരിക്കയുടെ ശബ്ദമായത് അദേഹമായിരുന്നു.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ചരിത്രപ്രധാനമായ അമേരിക്കൻ സന്ദർശനങ്ങളുടെ മീഡിയ കോർഡിനേറ്ററായി പ്രവർത്തിച്ച റസൽ ഷാ സഭയും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കി. ഇരുപതിലേറെ പുസ്തകങ്ങളിലൂടെ ധാർമ്മിക ദൈവശാസ്ത്രത്തെയും സഭയുടെ സാമൂഹിക ദർശനങ്ങളെയും സാധാരണക്കാരിലേക്ക് എത്തിച്ചു. സഭയെന്നത് പുരോഹിതർ മാത്രം അടങ്ങുന്ന സംവിധാനമല്ലെന്നും അല്മായർക്കും അതിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും ഉറച്ചു വിശ്വസിച്ചിരുന്നു.

1935 ൽ ജനിച്ച ഷാ ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. 'കാത്തലിക് സ്റ്റാൻഡേർഡ്' മുതൽ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ സിഎൻഎ വരെ അദേഹത്തിന്റെ ചിന്തകൾക്ക് വേദിയായി. തന്റെ 90-ാം വയസിലും അക്ഷരങ്ങളിലൂടെ ഷാ സഭയോടും വിശ്വാസത്തോടും ചേർന്നുനിന്നു.

കത്തോലിക്കാ പത്രപ്രവർത്തനത്തിന് ധാർമ്മികതയുടെയും സത്യസന്ധതയുടെയും പുതിയ മാനങ്ങൾ നൽകിയ ഒരു മഹാപ്രതിഭയെയാണ് റസൽ ഷായുടെ വിയോഗത്തിലൂടെ ലോകത്തിന് നഷ്ടമായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.