വത്തിക്കാൻ സിറ്റി: രാഷ്ട്രീയ സംഘർഷം തുടരുന്ന വെനസ്വേലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ അമേരിക്കയും വത്തിക്കാനും ഉന്നതതല ചർച്ച നടത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാട്രോ പരോളിനും അമേരിക്കന്ഡ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ വെനസ്വേലയിലെ മാനുഷിക സാഹചര്യങ്ങളും സമാധാന നീക്കങ്ങളും പ്രധാന ചർച്ചാവിഷയമായി.
ലോകമെമ്പാടും സമാധാനവും മതസ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ ചർച്ച ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. 2009 മുതൽ 2013 വരെ വെനസ്വേലയിലെ വത്തിക്കാൻ സ്ഥാനപതിയായിരുന്ന കർദിനാൾ പരോളിന്റെ പ്രവർത്തന പരിചയം പ്രതിസന്ധി പരിഹരിക്കാൻ സഹായകമാകുമെന്നാണ് യുഎസിന്റെ വിലയിരുത്തൽ. പൊതുവായ വെല്ലുവിളികൾ നേരിടുന്നതിൽ പരിശുദ്ധ സിംഹാസനവും അമേരിക്കയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ ഇരുനേതാക്കളും ധാരണയിലെത്തി.
ആഞ്ചലൂസ് പ്രാർത്ഥനയ്ക്കിടെ ലിയോ പതിനാലമൻ മാർപാപ്പ വെനസ്വേലയിലെ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു. വെനസ്വേലയുടെ പരമാധികാരത്തെ ലോകരാഷ്ട്രങ്ങൾ ബഹുമാനിക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും രാജ്യത്ത് ജനാധിപത്യ മൂല്യങ്ങൾ ഉറപ്പാക്കുന്നതിനും മുൻഗണന നൽകണമെന്നും അദേഹം ആവശ്യപ്പെട്ടു.
അതേസമയം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ചർച്ചയെക്കുറിച്ചുള്ള കുറിപ്പ് പുറത്തിറക്കിയെങ്കിലും വത്തിക്കാൻ കേന്ദ്രങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ദക്ഷിണ അമേരിക്കൻ മേഖലയിലെ സമാധാനശ്രമങ്ങളിൽ വത്തിക്കാന്റെ സജീവ ഇടപെടൽ പുതിയ നീക്കത്തോടെ കൂടുതൽ പ്രകടമാവുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.