'എഐ വൈറ്റ് കോളര്‍ ജോലിയെ മാത്രമല്ല, ബ്ലൂ കോളര്‍ ജോലികളേയും സാരമായി ബാധിക്കും'; മുന്നറിയിപ്പുമായി ബില്‍ഗേറ്റ്‌സ്

'എഐ വൈറ്റ് കോളര്‍ ജോലിയെ മാത്രമല്ല, ബ്ലൂ കോളര്‍ ജോലികളേയും സാരമായി ബാധിക്കും'; മുന്നറിയിപ്പുമായി ബില്‍ഗേറ്റ്‌സ്

ദാവോസ്: നിര്‍മിത ബുദ്ധിയുടെ വര്‍ധിച്ചുവരുന്ന ഉപയോഗം തൊഴില്‍ മേഖലയെ സാരമായി ബാധിക്കുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ചൊവ്വാഴ്ച ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

സര്‍ക്കാരുകള്‍ ഇതുവരെ ഈ മാറ്റത്തിന് പൂര്‍ണമായും സജ്ജമായിട്ടില്ലെന്നും വളരെ കുറച്ച് സമയമേ ബാക്കിയുള്ളൂവെന്നും ബില്‍ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍, വൈറ്റ് കോളര്‍ ജോലികളില്‍ മാത്രമല്ല, ബ്ലൂ കോളര്‍ ജോലികളിലും എഐയുടെ ആഘാതം വ്യക്തമായി ദൃശ്യമാകുമെന്നും അദേഹം പറഞ്ഞു. ഇതുവരെ എഐയുടെ ആഘാതം പരിമിതമാണെന്നും ഗേറ്റ്‌സ് സമ്മതിച്ചു. പക്ഷേ ഈ സാഹചര്യം അധികകാലം നിലനില്‍ക്കില്ല. മുന്‍കാല സാങ്കേതിക വിപ്ലവങ്ങളെ അപേക്ഷിച്ച് എഐ വളരെ വേഗതയേറിയതും ആഴമേറിയതുമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദേഹം ഓര്‍മ്മപ്പെടുത്തി.

സോഫ്റ്റ്‌വെയര്‍ വികസനത്തില്‍ എഐ ഇതിനകം തന്നെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുന്നുണ്ടെന്നും മേഖലകളിലെ കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികള്‍ ഇല്ലാതാക്കുന്നുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി. ഈ മാറ്റം ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍, സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് കൂടുതല്‍ വര്‍ധിക്കുമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

കൂടാതെ ഇന്ത്യ-യുഎസ് ബന്ധത്തെക്കുറിച്ചും ബില്‍ ഗേറ്റ്‌സ് പരാമര്‍ശിച്ചു. ഇരു രാജ്യങ്ങള്‍ക്കും ശക്തമായ അടിത്തറയായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളും വേഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്വീകരിക്കാനുള്ള കഴിവും രാജ്യത്തെ മുന്നോട്ട് നയിക്കുമെന്നും അദേഹം പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധങ്ങളുടെ ശക്തി ആത്യന്തികമായി നിലനില്‍ക്കുമെന്ന് ഗേറ്റ്‌സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.