കൊച്ചി: എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി 20യില്‍ അസ്വാരസ്യം. തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടാനൊരുങ്ങുകയാണ്. ഇവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അറിയുന്നത്.
എന്നാല്‍ എന്‍ഡിഎ പ്രവേശനത്തെ ഭൂരിഭാഗം പേരും പിന്തുണച്ചെന്നും ഒന്നോ രണ്ടോ ശതമാനം മാത്രമാണ് അതൃപ്തി പ്രകടിപ്പിച്ചതെന്നുമാണ് പാര്‍ട്ടി നേതാവ് സാബു എം. ജേക്കബ് പറയുന്നത്.
സംഘടനാ ചുമതലയുള്ളവര്‍ ഉള്‍പ്പടെയാണ് എന്‍ഡിഎ പ്രവേശനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം നടത്തുന്നത്. ഇതാദ്യമാണ് ഇത്തരത്തിലൊരു രാഷ്ട്രീയ പ്രതിസന്ധി പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇതുവരെ എന്‍ഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട് ആരും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
കിഴക്കമ്പലം പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഉള്‍പ്പടെ വരും ദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്നാണ് എന്‍ഡിഎ പ്രവേശനത്തില്‍ അതൃപ്തി ഉള്ളവര്‍ പറയുന്നത്. ഇവര്‍ക്ക് പരമാവധി പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.
ട്വന്റി 20യിലെ അസംതൃപ്തരെ ഒപ്പം നിര്‍ത്തുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ട്വന്റി 20യിലെ ഒരുവിഭാഗം കോണ്‍ഗ്രസിലെത്തുന്നതോടെ കൈവിട്ടു പോയ കുന്നത്തുനാട് നിയമസഭാ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു.
അതേസമയം ഉപാധികളൊന്നും ഇല്ലാതെയാണ് എന്‍ഡിഎയില്‍ ചേര്‍ന്നതെന്ന് സാബു എം. ജേക്കബ് പറഞ്ഞു. വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ട്വന്റി 20യെ ഉന്മൂലനം ചെയ്യാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിച്ചത്. ട്വന്റി 20യെ തോല്‍പ്പിക്കാന്‍ 25 പാര്‍ട്ടികളുടെ മുന്നണിയുണ്ടാക്കി സ്വന്തം ചിഹ്നം ഉപേക്ഷിച്ചാണ് അവര്‍ മത്സരിച്ചത്.
മുഖ്യമന്ത്രി പിണറായിക്കൊപ്പമുണ്ടായ കാലത്ത് ഗുണമുണ്ടായത് അദേഹത്തിന് തന്നെയാണ്. 12 തവണ എല്ലാ ഏജന്‍സികളെ കൊണ്ട് പരിശോധിപ്പിച്ചിട്ടും ഒരു രൂപയുടെ ക്രമക്കേട് പോലും തനിക്കെതിരെ കണ്ടെത്തിയിട്ടില്ല. എന്‍ഡിഎയില്‍ സീറ്റ് കിട്ടിയില്ലെങ്കിലും പ്രയാസമില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും സീറ്റ് കിട്ടാനുമല്ല എന്‍ഡിഎയില്‍ ചേര്‍ന്നതെന്നും സാബു ജേക്കബ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.