ധാക്ക: ബംഗ്ലാദേശിലെ പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ തീർത്ഥാടന സംഗമം സുരക്ഷാ ഭീഷണിയിൽ. ഫെബ്രുവരി 12 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി ആറിന് ഗാസിപൂർ ജില്ലയിലെ സെന്റ് നിക്കോളാസ് ഇടവകയിൽ നടക്കാനിരിക്കുന്ന സെന്റ് ആന്റണീസ് തീർത്ഥാടനമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
രാഷ്ട്രീയ സംഘർഷങ്ങളും ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണ ഭീഷണികളും നിലനിൽക്കുന്നതിനാൽ ഇത്തവണ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഒരു വിഭാഗം വിശ്വാസികൾ തീരുമാനിച്ചിട്ടുണ്ട്. 2025 നവംബറിൽ ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രലിലും വിദ്യാലയങ്ങളിലും നടന്ന ബോംബ് സ്ഫോടനങ്ങളും ഡിസംബറിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ വന്ന ഭീഷണിക്കത്തുകളും വിശ്വാസികളിൽ ഭീതി പടർത്തിയിട്ടുണ്ട്.
തീർത്ഥാടനം പൂർണമായും മതപരമായ ചടങ്ങാണെന്നും രാഷ്ട്രീയവുമായി ഇതിന് ബന്ധമില്ലെന്നും സഭാ അധികൃതർ വ്യക്തമാക്കി. തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിനും പൊലീസ് ഉദ്യോഗസ്ഥർക്കും കത്തയച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്ന് വൈദികർ അറിയിച്ചു.
സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചെന്നും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും ഗാസിപൂർ പൊലീസ് ഉദ്യോഗസ്ഥനായ സാക്കിർ ഹുസൈൻ അറിയിച്ചു. സർക്കാർ അനുമതി നൽകിയാൽ പരമാവധി സുരക്ഷ ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു.
കഴിഞ്ഞ 15 വർഷത്തെ ഭരണത്തിന് ശേഷം ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും ഇടക്കാല സർക്കാർ അധികാരമേറ്റ സാഹചര്യവും ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. എങ്കിലും സർക്കാർ സുരക്ഷ നൽകുമെന്ന പ്രതീക്ഷയിൽ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നവരും കുറവല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.