ലിയോ മാർപാപ്പ 2028 ൽ ഓസ്‌ട്രേലിയയിലേക്ക്; സിഡ്‌നിയിൽ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കും

ലിയോ മാർപാപ്പ 2028 ൽ ഓസ്‌ട്രേലിയയിലേക്ക്; സിഡ്‌നിയിൽ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കും

സിഡ്‌നി : 2028 വസന്തകാലത്ത് സിഡ്‌നിയിൽ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ ലിയോ പതിനാലാമൻ മാർപാപ്പ എത്തും. ഫെബ്രുവരി ഒമ്പതിന് സംഘാടക സമിതി സി.ഇ.ഒ ബിഷപ്പ് റിച്ചാർഡ് അംബേഴ്‌സാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

2025 മെയ് മാസത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് മാർപാപ്പയെ സിഡ്‌നിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെ സിഡ്‌നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷറുമായുള്ള കൂടിക്കാഴ്ചയിലാണ് "ഇനിയുമേറെ നാളുകളുണ്ടെങ്കിലും ഞാൻ അവിടെയുണ്ടാകും" എന്ന് മാർപാപ്പ ഉറപ്പ് നൽകിയത്. നയതന്ത്ര നടപടിക്രമങ്ങൾ പ്രകാരം ഓസ്‌ട്രേലിയൻ സർക്കാരിന്റെ ക്ഷണം മാർപാപ്പ സ്വീകരിക്കുന്നതോടെ സന്ദർശനം ഔദ്യോഗികമാകും.

ഓസ്‌ട്രേലിയയിലെ ആദ്യത്തെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് 1928 ൽ മെൽബണിലാണ് നടന്നത്. ഇതിന്റെ നൂറാം വാർഷികം കൂടിയാണ് 2028 ലെ സിഡ്‌നി സമ്മേളനം. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയിൽ വമ്പിച്ച ദിവ്യകാരുണ്യ പ്രദക്ഷിണവും ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന സമാപന കുർബാനയും നടക്കും.

ഇത് അഞ്ചാം തവണയാണ് ഒരു മാർപാപ്പ ഓസ്‌ട്രേലിയ സന്ദർശിക്കുന്നത്. പോൾ ആറാമൻ (1970), ജോൺ പോൾ രണ്ടാമൻ (1986, 1995), ബെനഡിക്ട് പതിനാറാമൻ (2008) എന്നിവരാണ് ഇതിന് മുൻപ് ഓസ്‌ട്രേലിയ സന്ദർശിച്ചിട്ടുള്ളത്.

ഓസ്‌ട്രേലിയയിൽ 50 ലക്ഷത്തോളം കത്തോലിക്കരുള്ളതിനാൽ വിദേശത്തുനിന്നുള്ളവരടക്കം ലക്ഷക്കണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബിഷപ്പ് അംബേഴ്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചു. റഗ്ബി ലീഗ് ഗ്രാന്റ് ഫൈനലുമായി തീയതികൾ കൂട്ടിമുട്ടാൻ സാധ്യതയുണ്ടെങ്കിലും അത് പരിഹരിക്കാനാകുമെന്നും അദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.