വിശ്വാസത്തിന് വിലങ്ങു വീഴില്ല; ഹോങ്കോങ്ങിലെ മനുഷ്യാവകാശ പോരാളി ജിമ്മി ലായിക്ക് 20 വർഷം തടവ്; ചൈനയുടെ നടപടിയെ അപലപിച്ച് ലോകനേതാക്കൾ

വിശ്വാസത്തിന് വിലങ്ങു വീഴില്ല; ഹോങ്കോങ്ങിലെ മനുഷ്യാവകാശ പോരാളി ജിമ്മി ലായിക്ക് 20 വർഷം തടവ്; ചൈനയുടെ നടപടിയെ അപലപിച്ച് ലോകനേതാക്കൾ

ഹോങ്കോങ്ങ് : ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയർത്തുകയും കത്തോലിക്കാ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ ജിമ്മി ലായിയെ (78) ഹോങ്കോങ്ങ് കോടതി 20 വർഷത്തെ തടവിന് ശിക്ഷിച്ചു. ദേശീയ സുരക്ഷാ നിയമം ലംഘിച്ചു എന്നാരോപിച്ചാണ് ചൈനീസ് ഭരണകൂടം അദേഹത്തിനെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.

ജയിലഴികൾക്കുള്ളിലും തളരാത്ത ദൈവ വിശ്വാസമാണ് ജിമ്മി ലായിയുടെ കരുത്ത്. 1997 ൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച അദേഹം ജയിലിലെ ഏകാന്തതയിലും സുവിശേഷം വായിക്കാനും പ്രാർത്ഥിക്കാനും സമയം കണ്ടെത്തുന്നു. "ജയിൽ വാസം അദേഹത്തിന്റെ വിശ്വാസത്തെ കൂടുതൽ ആഴമുള്ളതാക്കി മാറ്റി. ദൈവത്തിന്റെ വിശ്വസ്ത ദാസനായി അറിയപ്പെടാനാണ് ജിമ്മി ആഗ്രഹിക്കുന്നത്," മകൾ ക്ലെയർ ലായിയുടെ വാക്കുകൾ ജിമ്മിയുടെ ആത്മീയ ധൈര്യത്തിന് സാക്ഷ്യമാണ്.

ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല സംഘടനയായ 'ആപ്പിൾ ഡെയിലി'യുടെ പ്രസാധകനായിരുന്നു ലായി. 2020-ൽ ചൈനീസ് ദേശീയ സുരക്ഷാ നിയമം ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ ജിമ്മി അന്നു മുതൽ ജാമ്യം ലഭിക്കാതെ തടവിലാണ്. നേരത്തെ വഞ്ചനാക്കുറ്റത്തിന് 69 മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 20 വർഷത്തെ തടവ് കൂടി വിധിച്ചിരിക്കുന്നത്.

ജിമ്മി ലായിയുടെ മോചനത്തിനായി ലോകമെമ്പാടു നിന്നും ശക്തമായ ആവശ്യമുയരുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോക നേതാക്കൾ ലായിയുടെ മോചനത്തിനായി ശബ്ദമുയർത്തിയിരുന്നു. 2025 ഒക്ടോബറിൽ ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഇക്കാര്യം സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.

"ഇത്രയധികം ക്രൂരതയ്ക്കും അടിച്ചമർത്തലിനും നിയമവാഴ്ച അവകാശപ്പെടുന്ന ഒരിടത്ത് സ്ഥാനമില്ല," എന്ന് പ്രഖ്യാപിച്ചുകൊണ്ട് പത്തോളം കത്തോലിക്കാ ബിഷപ്പുമാർ ലായിയുടെ മോചനത്തിനായി രംഗത്തെത്തിയിരുന്നു. ഭാര്യ തെരേസയും മക്കളായ സെബാസ്റ്റ്യനും ക്ലെയറും അടങ്ങുന്നതാണ് കുടുംബം. പാശ്ചാത്യ പാരമ്പര്യത്തിന്റെ ആദർശങ്ങൾ ഉയർത്തിപ്പിടിച്ചതിന് 2025 ൽ അദേഹത്തിന് ബ്രാഡ്‌ലി പ്രൈസ് നൽകി ആദരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.