ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരുന്നതിനിടെ ചൈനയില്‍ നിന്ന് അത്യാധുനിക സൂപ്പര്‍ സോണിക് കപ്പല്‍വേധ മിസൈലായ സിഎം 302 വാങ്ങാനൊരുങ്ങി ഇറാന്‍. യുദ്ധകാലാടിസ്ഥാനത്തില്‍ മിസൈല്‍ വാങ്ങാനുള്ള നീക്കം ഇറാന്‍ ഊര്‍ജിതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
ചൈനയുടെ വൈ.ജെ 12 മിസൈലിന്റെ കയറ്റുമതി പതിപ്പാണ് സി.എം 302. വിമാന വാഹിനിക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ള വലിയ യുദ്ധക്കപ്പലുകളെ തകര്‍ക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഈ മിസൈലെന്നതാണ് പ്രത്യേകത.
അതിനിടെ അമേരിക്കന്‍ ആക്രമണം മുന്‍കൂട്ടി കണ്ട് എണ്ണ കയറ്റുമതി ഇറാന്‍ ദ്രുതഗതിയിലാക്കി. പേര്‍ഷ്യന്‍ ഗള്‍ഫിലെ ടാങ്കറുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന എണ്ണയുടെ മൂന്നിരട്ടിയാണ് ഇറാന്‍ ഇപ്പോള്‍ കയറ്റി അയക്കുന്നത്.
ഫെബ്രുവരി 15 നും 20 നും ഇടയില്‍ ഖാര്‍ഗ് ദ്വീപില്‍ നിന്നുള്ള ഇറാനിയന്‍ എണ്ണ കയറ്റുമതി ഏകദേശം 20.1 ദശലക്ഷം ബാരലിലെത്തിയെന്ന് കെപ്ലര്‍ ഡാറ്റ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയില്‍ ലോഡ് ചെയ്തതിന്റെ മൂന്നിരട്ടിയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് മാസത്തെ ഇറാന്റെ ശരാശരി ലോഡിങ് 1.54 ദശലക്ഷം ബാരല്‍ ആയിരുന്നു. ഇറാന്‍ എണ്ണയുടെ 90 ശതമാനവും കയറ്റുമതി ചെയ്യുന്ന ഒരു വലിയ ടെര്‍മിനല്‍ ഖാര്‍ഗ് ദ്വീപിലുണ്ട്. അമേരിക്കയുടെ ആക്രമണം ഇറാന്റെ എണ്ണ വിതരണത്തെ തടസപ്പെടുത്തിയാല്‍ സൗദി അറേബ്യ എണ്ണ ഉല്‍പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഇറാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ രണ്ട് പടുകൂറ്റന്‍ വിമാനവാഹിനി കപ്പലുകളെയാണ് അമേരിക്ക പശ്ചിമേഷ്യയില്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനൊപ്പം ഒട്ടേറെ യുദ്ധക്കപ്പലുകളുമുണ്ട്. ഈ പ്രതിസന്ധി നേരിടുന്നതിനാണ് ചൈനയില്‍ നിന്ന് സൂപ്പര്‍ സോണിക് മിസൈല്‍ വാങ്ങാന്‍ ഇറാന്‍ തയ്യാറെടുക്കുന്നത്.
ഏകദേശം 290 കിലോ മീറ്റര്‍ ദൂരപരിധിയുള്ള ഈ മിസൈല്‍ ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ്. സമുദ്രോപരിതലത്തോടു ചേര്‍ന്ന് അതിവേഗത്തില്‍ പറക്കുന്നതിനാല്‍ എതിരാളികളുടെ റഡാറുകള്‍ക്കും പ്രതിരോധ സംവിധാനങ്ങള്‍ക്കും ഇവയെ കണ്ടെത്തുകയോ തടയുകയോ ചെയ്യുന്നത് അത്യന്തം പ്രയാസകരമാണ്.
ഐക്യരാഷ്ട്ര സഭയുടെ ആയുധ ഉപരോധങ്ങള്‍ നിലനില്‍ക്കെയാണ് ഈ മിസൈല്‍ ഇടപാട് നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ചൈന ഔദ്യോഗികമായി കരാറിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും ഇറാന്റെ പരമാധികാരത്തെ പിന്തുണയ്ക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന്‍ ഈ മിസൈലുകള്‍ സ്വന്തമാക്കുന്നത് ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് വലിയ വെല്ലുവിളിയാകുമെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ അമേരിക്ക തങ്ങളുടെ വന്‍ നാവികപ്പടയെ വിന്യസിച്ചിട്ടുണ്ട്. യു.എസ്.എസ് ഏബ്രഹാം ലിങ്കണ്‍, യു.എസ്.എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് എന്നീ രണ്ട് പ്രമുഖ വിമാന വാഹിനിക്കപ്പലുകള്‍ ഒരേസമയം മേഖലയിലെത്തിത് അസാധാരണമായ നീക്കമാണ്.
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് നിശ്ചിത സമയത്തിനുള്ളില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ഇറാന് നേരെ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമ്മര്‍ദ്ദം ശക്തമാക്കുന്നതിനായി മേഖലയിലേക്ക് കൂടുതല്‍ യുദ്ധ വിമാനങ്ങളും ആയുധങ്ങളും അമേരിക്ക എത്തിക്കുന്നുമുണ്ട്.
ആണവ സമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്താന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ തങ്ങള്‍ക്കെതിരെ തുടരുന്ന ഉപരോധങ്ങള്‍ നീക്കണമെന്ന നിലപാടിലാണ് ഇറാന്‍. മേഖലയിലെ യുദ്ധ സന്നാഹങ്ങള്‍ക്കിടെ മൂന്നാം വട്ട ഇറാന്‍-അമേരിക്ക ചര്‍ച്ച ഇന്ന് ജനീവയില്‍ നടക്കുന്നുണ്ട്.
ഒമാന്‍ വിദേശകാര്യ മന്ത്രി ബദ്ര്‍ അല്‍ ബുസൈദിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ജനീവയില്‍ ചര്‍ച്ച നടത്തി. യുദ്ധത്തിനും സമാധാനത്തിനും ഒരുക്കമാണെന്നാണ് ഇറാന്റെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.