ഇസ്ലമാബാദ്/കാബൂള്‍: അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാന്‍.
ഇന്ന് പുലര്‍ച്ചെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലും പ്രധാന നഗരമായ കാണ്ഡഹാറിലും പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തി. ഓപ്പറേഷന്‍ 'ഗസബ് ലില്‍ഹഖ്' എന്നാണ് സൈനിക നീക്കത്തിന് പാകിസ്ഥാന്‍ നല്‍കിയിരിക്കുന്ന പേര്.
ഇന്നലെ രാത്രി പാക് അതിര്‍ത്തിക്കുള്ളിലേക്ക് കടന്നുകയറി 19 സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തതായും 55 പാക് സൈനികരെ വധിച്ചതായും താലിബാന്‍ ഭരണകൂടം അറിയിച്ചിരുന്നു. ഒരു പാക് എഫ് 16 യുദ്ധവിമാനം വെടിവച്ചിട്ടതായും താലിബാന്‍ അവകാശപ്പെട്ടെങ്കിലും ഇക്കാര്യം പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല.
തങ്ങളുടെ സൈനിക പോസ്റ്റുകള്‍ക്കു നേരെ അഫ്ഗാന്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് നടപടിയെന്ന് പാകിസ്ഥാന്‍ പറഞ്ഞു.ഞങ്ങളുടെ ക്ഷമ നശിച്ചു. ഇനി നേരിട്ടുള്ള യുദ്ധമാണെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് എക്‌സിലൂടെ പ്രഖ്യാപിച്ചു.
കൊല്ലപ്പെട്ടവരുടെ എണ്ണത്തെച്ചൊല്ലി ഇരുരാജ്യങ്ങളും പരസ്പര വിരുദ്ധമായ കണക്കുകളാണ് പുറത്തു വിടുന്നത്. 133 അഫ്ഗാന്‍ പോരാളികളെ വധിച്ചുവെന്നും ഒമ്പത് പേരെ തടവിലാക്കിയെന്നുമാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. സ്വന്തം പക്ഷത്ത് രണ്ട് സൈനികര്‍ക്ക് മാത്രമേ ജീവന്‍ നഷ്ടമായുള്ളൂ എന്നും അവര്‍ പറയുന്നു.
എന്നാല്‍, 55 പാക് സൈനികരെ വകവരുത്തിയെന്നും പലരെയും തടവിലാക്കിയെന്നുമാണ് അഫ്ഗാനിസ്ഥാന്റെ വാദം. തങ്ങളുടെ ഭാഗത്ത് നിന്നും എട്ട് സൈനികര്‍ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്നാണ് താലിബാന്‍ ഭരണകൂടം വ്യക്തമാക്കുന്നത്.
തൂര്‍ഖാം അതിര്‍ത്തിയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടന്ന ഷെല്ലാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂട്ടമായി ഒഴിഞ്ഞു പോവുകയാണ്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നിലനിന്നിരുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ഇതോടെ പൂര്‍ണമായും തകര്‍ന്നു.
പാകിസ്ഥാനില്‍ വര്‍ധിച്ചു വരുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ അഫ്ഗാന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ടിടിപി ആണെന്നാണ് ഇസ്ലമാബാദ് ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം താലിബാന്‍ നിഷേധിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതാണ് ഇപ്പോഴത്തെ പ്രത്യാക്രമണത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറയുന്നു.
ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി ആന്റണിയോ ഗുട്ടെറസ് ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാനും നയതന്ത്ര ചര്‍ച്ചകളിലൂടെ എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാനും അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.