വളര്‍ച്ചയുടെ പാതയില്‍ സില്‍വര്‍ ജൂബിലി ഒരു നാഴിക കല്ലാണെങ്കിലും, ഒരു രൂപതയുടെ പ്രയാണത്തില്‍ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ വലിയൊരു അളവു കോലല്ല. എന്നാല്‍ ഈ ചെറിയ കാലയളവില്‍ ചിക്കാഗോ രൂപത കൈവരിച്ച ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്കൊപ്പം രൂപതയിലുണ്ടായിട്ടുള്ള ദൈവവിളികളും എടുത്തു പറയേണ്ടതാണ്.
വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 2001 ല്‍ സ്ഥാപിച്ച ചിക്കാഗോ സിറോ മലബാര്‍ രൂപതയ്ക്ക് ഈ ചുരുങ്ങിയ കാലയളവില്‍ തദ്ദേശീയരായ പത്തോളം വൈദികര്‍ക്ക് ജന്‍മം നല്‍കുവാന്‍ സാധിച്ചത് തീവ്രമായ പ്രാര്‍ത്ഥനയുടേയും ചിട്ടയായ മതബോധനത്തിന്റേയും ഫലമാണ്.
കൂടാതെ നിലവില്‍ എഴില്‍പ്പരം യുവജനങ്ങള്‍ വിവിധ സെമിനാരികളില്‍ പഠിക്കുന്നുയെന്നതും ചിക്കാഗോ രൂപതയുടെ ശോഭനമായ ദൈവവിളിയെയാണ് പ്രതിഫലിപ്പിക്കുന്നത്. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ മാതാപിതാക്കളുടെ രണ്ടാം തലമുറകളില്‍ നിന്നും എല്ലാവിധ പ്രലോഭനങ്ങളേയും വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് അനസ്യൂതം ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവവിളികള്‍ അനന്തമായ ദൈവപരിപാനയുടെ നേര്‍സാക്ഷ്യമാണ്!
2001 മാര്‍ച്ച് 13 നാണ് ചിക്കാഗോ രൂപത നിലവില്‍ വന്നതും മാര്‍ ജേക്കബ് അങ്ങാടിയത്തിനെ പ്രഥമ മെത്രാനായി മാര്‍പ്പാപ്പ നിയോഗിച്ചതും. ഇന്ത്യയ്ക്ക് പുറത്തു സ്ഥാപിതമായ ആദ്യ സിറോ മലബാര്‍ രൂപത എന്ന ഖ്യാതിയും ചിക്കാഗോ രൂപതയ്ക്ക് സ്വന്തം. ബാലാരിഷ്ഠകള്‍ ഏറെയായിരുന്നെങ്കിലും തുടക്കം മുതലേ വിശുദ്ധ കുര്‍ബാനക്കൊപ്പം കുട്ടികള്‍ക്കായി മതബോധന ക്ലാസുകള്‍ മാര്‍ അങ്ങാടിയത്ത് കര്‍ക്കശമാക്കിയിരുന്നു.
സിറോ മലബാര്‍ സഭയുടെ പാരമ്പര്യവും രീതിയും അനുസരിച്ചുള്ള മതബോധനം ചിക്കാഗോ രൂപതയിലെ കുട്ടികള്‍ക്കും പിതാവ് ഉറപ്പുവരുത്തി. കൂടാതെ, അള്‍ത്താര ശുശ്രുഷികളാകാനുള്ള അവസരവും ചെറുപുഷ്പ മിഷന്‍ ലീഗിലും, പിന്നീട് യൂത്ത് അപ്പോസ്‌തോലേറ്റിലും പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യങ്ങളും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ലഭ്യമാക്കി.
സഭയുടെ കരുത്തും പ്രതീക്ഷയും കുട്ടികളിലും യുവജനങ്ങളിലുമാണെന്ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് വിശ്വസിച്ചു. അതുകൊണ്ടു തന്നെ അവരില്‍ ആത്മീയ അടിത്തറ പാകാന്‍ ആരംഭം മുതലേ ശ്രദ്ധിച്ചിരുന്നു. ഇതു തന്നെയാണ് രൂപതയുടെ ശൈശവാവസ്ഥയില്‍ തന്നെ ദൈവവിളികള്‍ ഉണ്ടാകാനുള്ള അടിസ്ഥാന കാരണവും. അജപാലന ശുശ്രുഷയില്‍ നിന്നും മാര്‍ ജേക്കബ് അങ്ങാടിയത്ത് വിരമിച്ചതിനെത്തുടര്‍ന്നു അഭിഷിക്തനായ മാര്‍ ജോയ് ആലപ്പാട്ടും അതേ പാത തന്നെയാണ് പിന്തുടരുന്നത്.
ചിക്കാഗോ രൂപത സ്ഥാപിതമായി ഏകദേശം ഒമ്പത് വര്‍ഷമായപ്പോള്‍ തന്നെ ആദ്യ ദൈവവിളി ഉണ്ടായി. 2010 ല്‍ ന്യൂ യോര്‍ക്കിലെ ബ്രോങ്ക് സെന്റ് തോമസ് സിറോ മലബാര്‍ ഇടവകയില്‍ നിന്നും കെവിന്‍ മുണ്ടക്കല്‍ സെമിനാരിയില്‍ ചേര്‍ന്നു.
2018 മെയ് അഞ്ചിന് ഫാ. കെവിന്‍ തിരുപ്പട്ടം സ്വീകരിച്ച് രൂപതയിലെ പ്രഥമ തദ്ദേശീയ വൈദികനായി. തുടര്‍ന്ന് സഹ വികാരിയായും യൂത്ത് അപ്പോസ്‌തോലേറ്റ് ഡയറക്ടറായും സേവനം ചെയ്ത ഫാ. കെവിന്‍ നിലവില്‍ വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ കാനന്‍ നിയമ പഠനം പൂര്‍ത്തിയാക്കുന്നു.
ഫാ. കെവിന്‍ പൗരോഹിത്യം സ്വീകരിച്ച അതെ വര്‍ഷം ജൂണ്‍ അഞ്ചിന് ഫ്‌ളോറിഡയിലെ താമ്പാ സെന്റ് ജോസഫ് ഇടവകാംഗമായ ഫാ. രാജീവ് വലിയവീട്ടിലും വൈദികനായി. ഇപ്പോള്‍ നോര്‍ത്ത് കരോലിനയിലെ ഷാര്‍ലെറ്റ് സെന്റ് മേരിസ് ഇടവക വികാരിയായി സേവനം ചെയ്യുന്നു.
2020 മെയ് 16 ന് ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ നിന്നുള്ള ഫാ. മെല്‍വിന്‍ പോള്‍ മംഗലത്തും ജൂണ്‍ ആറിന് ടക്‌സസ്-എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്സി ഇടവകയില്‍ നിന്നും ഫാ. തോമസ് പുളിക്കലും പൗരോഹിത്യം സ്വീകരിച്ചു.
ഫാ. മെല്‍വിന്‍ യൂത്ത് അപ്പോസ്‌തോലേറ്റ് ഡയറക്ടറായും ഫാമിലി അപ്പോസ്‌തോലേറ്റിന്റെ അസിസ്റ്റന്റ് ഡയറക്ടറായും രൂപതയെ സേവിക്കുന്നു. ഫാ. തോമസ് പുളിക്കല്‍ ഇപ്പോള്‍ ഫ്‌ളോറിഡയിലെ അമോറിസ് ക്രിസ്റ്റി റിട്രീറ്റ് സെന്റര്‍ പ്രസിഡന്റായും സൈന്റ് വിന്‍സെന്റ് ഡി പോള്‍ സെമിനാരിയിലെ അസിസ്റ്റന്റ് പ്രൊഫസറായും പ്രവര്‍ത്തിക്കുന്നു.
2021 മെയ് 22 ന് പൗരോഹിത്യം സ്വീകരിച്ച കലിഫോര്‍ണിയയിലെ ഓറഞ്ച് സെന്റ്് തോമസ് ഇടവകയില്‍ നിന്നുമുള്ള ഫാ. ജോബി ജോസഫ് 'അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് വോക്കേഷന്‍സ്' ആയി ചിക്കാഗോയിലെ മാന്‍ഡലീന്‍ സെമിനാരിയില്‍ പ്രവര്‍ത്തിക്കുന്നു. തുടര്‍ന്ന് 2022 മെയ് 28 ന് അറ്റ്‌ലാന്റാ സെന്റ് അല്‍ഫോന്‍സ ഇടവക അംഗമായ ഫാ. ജോയല്‍ പയസ് വൈദികനായി. ഇപ്പോള്‍ ചിക്കാഗോ മാര്‍ തോമാ ശ്ലീഹ കത്തീഡ്രല്‍ ദേവാലയത്തില്‍ സഹ വികാരിയാണ്.
2023 ജൂണ്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ച ചിക്കാഗോ മാര്‍ തോമ ശ്ലീഹ കത്തിഡ്രല്‍ ഇടവകയില്‍ നിന്നുള്ള ഫാ. ജോര്‍ജ് പാറയില്‍ നിലവില്‍ ഹ്യൂസ്റ്റണ്‍ സെന്റ് ജോസഫ് സിറോ മലബാര്‍ ഫൊറോന ഇടവകയിലെ സഹ വികാരിയായും സേവനം അനുഷ്ഠിക്കുന്നു.
ഈ ഏഴ് വൈദികരെ കൂടാതെ രൂപത സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷം മെയ് 23 ന് ഫ്‌ളോറിഡയിലെ കോറള്‍ സ്പ്രിംഗ് 'ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത്' ഇടവകയില്‍ നിന്നും ഡീക്കന്‍ മാത്യു ജേക്കബും, ജൂണ്‍ 13 ന് ന്യൂ ജേഴ്സിയിലെ പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് ഇടവകയില്‍ നിന്നുമുള്ള ഡീക്കന്‍ മൈക്കിള്‍ ജെയിംസും ഡീക്കന്‍ സാം കുട്ടാപ്പശേരിയും തിരുപ്പട്ടം സ്വീകരിക്കു.
ഇതോടൊപ്പം നിലവില്‍ എഴില്‍പ്പരം വൈദിക വിദ്യാര്‍ഥികള്‍ വിവിധ സെമിനാരികളില്‍ പഠനം തുടരുന്നു. കൂടാതെ ഈ രൂപതയിലെ ഇടവകകളില്‍ നിന്നുമുള്ള അഞ്ചിലധികം യുവജനങ്ങള്‍ മറ്റ് കോണ്‍ഗ്രിഗേഷനുകള്‍ക്കായും സെമിനാരികളില്‍ പഠിക്കുന്നു.
പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവവിളികളും എടുത്തു പറയേണ്ടതാണ്. ഈ അവസരത്തില്‍ ഇവരുടെ കുടുംബങ്ങളേയും മാതാപിതാക്കളേയും, അവരുടെ തീക്ഷണമായ പ്രാര്‍ത്ഥനകളേയും ഹൃദയപൂര്‍വം അനുമോദിക്കുന്നു. ഇരുപത്തഞ്ച് വര്‍ഷം കൊണ്ട് ഇരുപത്തഞ്ചിലധികം ദൈവവിളികള്‍!.. എത്ര അനുഗ്രഹീതമാണ് ചിക്കാഗോ രൂപത
വര്‍ധിച്ചു വരുന്ന ദൈവ വിളികള്‍ കൂടാതെ, അടിയുറച്ച മാര്‍ത്തോമാ നസ്രാണി വിശ്വാസത്തിലൂന്നി, ശക്തമായി പ്രവര്‍ത്തിക്കുന്ന ഒരു യുവ തലമുറ ഷിക്കാഗോ രൂപതയില്‍ ഇപ്പോഴുണ്ട്. ഇടവകകളുടെ ദൈനംദിന കാര്യങ്ങളിലും ഭരണത്തിലും മാത്രമല്ല, രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍പ്പോലും അവര്‍ സജീവമായി ഇടപെടുന്നു.
യൂത്ത് അപ്പോസ്‌തോലേറ്റിന്റെയും ജീസസ് യൂത്തിന്റെയും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ അതിനു സഹായകരമായിട്ടുണ്ട്. എന്നാല്‍ അതിലുപരി രൂപതയുടെ തുടക്കത്തില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും തുടര്‍ന്ന് മാര്‍ ജോയ് ആലപ്പാട്ടും പുലര്‍ത്തിവന്ന പ്രത്യേക താല്‍പര്യവും പ്രോത്സാഹനവും യുവജനങ്ങളുടെ പ്രവര്‍ത്തനങ്ങളെ രൂപതയില്‍ കൂടുതല്‍ സജീവവും ചലനാത്മകവും ആക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നു നിസംശയം പറയാം.
എങ്കിലും യുവജനങ്ങളെ സഭാപരമായി ബോധവല്‍ക്കരിക്കുന്നതിനും വിശ്വാസത്തില്‍ അവരെ കൂടുതല്‍ അടുപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കണം. അതിനു സഭാ തലത്തിലുള്ള കൂട്ടായ്മകളും കണ്‍വന്‍ഷനുകളും വേദിയാകുമെന്നതില്‍ സംശയമില്ല. അങ്ങനെ നോക്കികാണുമ്പോള്‍ ജൂലൈ ഒമ്പതു മുതല്‍ പന്ത്രണ്ടു വരെ ചക്കാഗോയില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന് പുതിയ അര്‍ത്ഥവും മാനവും കൈവരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.