ഒക്ടോബർ 8: ലോക കാഴ്ച ദിനം; കാഴ്ചയില്ലാത്തവർക്ക് ഉൾക്കാഴ്ചയുമായി ടിഫനി

ഒക്ടോബർ 8: ലോക കാഴ്ച ദിനം; കാഴ്ചയില്ലാത്തവർക്ക് ഉൾക്കാഴ്ചയുമായി ടിഫനി

'ഇന്റർനാഷണൽ ഏജൻസി ഫോർ ദി പ്രീവെൻഷൻ ഓഫ് ബ്ലൈൻഡ്‌നെസ് ' ലോക കാഴ്ചയുടെ ദിവസമായി ഒക്ടോബർ 8 തെരഞ്ഞെടുത്തിരിക്കുന്നു. ഈ പ്രത്യേക ദിനത്തിൽ ഒട്ടും വിസ്മരിക്കപ്പെടാൻ പാടില്ലാത്ത, അന്ധയായ ഒരു പെൺകുട്ടി ഉണ്ട്; ടിഫനി ബ്രാർ എന്ന പഞ്ചാബി പെൺകുട്ടി. അന്ധത മൂലം താൻ അനുഭവിച്ച കഷ്ടപ്പാടുകൾ മറ്റുള്ള അന്ധരായ കുട്ടികൾ അനുഭവിക്കാൻ പാടില്ല എന്ന ആഗ്രഹതിനാൽ ചെയ്തു കൂട്ടിയ ചില കുഞ്ഞുകാര്യങ്ങളാണു അവളെ വ്യത്യസ്തയാക്കുന്നത്. 

'ജ്യോതിർഗമയ'; അന്ധവിദ്ധ്യാർത്ഥികൾക്കായി ടിഫനി തുടങ്ങി വച്ച ഒരു സ്ഥാപനത്തിന്റെ പേരാണ് അത്. തിരുവനന്തപുരം കേന്ദ്രീകരിച്ച്, അന്ധരായവർക്കുവേണ്ടി പ്രവർത്തിക്കുന്ന ' ജ്യോതിർഗമയ 'എന്ന സ്ഥാപനത്തിന്റെ ലക്‌ഷ്യവും, ' തമസോമാ ജ്യോതിർഗമയ' എന്നു തന്നെയാണ്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ചാലും. ജ്യോതിർഗമയ ഇന്ന് അനേകം പേർക്ക് വെളിച്ചമായി നിൽക്കുകയാണ്. അതിനു കാരണക്കാരിയായത് ഈ അന്ധയായ യുവതിയും.

അവളുടെ ജീവിതം ചുരുക്കി പറഞ്ഞാൽ ഇങ്ങനെയാണ്. പട്ടാളക്കാരനായ അച്ഛൻ ; ചെന്നെയിൽ ജനനം, അച്ഛനോടൊപ്പം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ജീവിച്ചു. അനേകം ഭാഷകൾ പഠിക്കാൻ ഇത് സഹായിച്ചു. പന്ത്രണ്ടാമത്തെ വയസ്സിൽ അമ്മ നഷ്ടപ്പെടുന്നു. പിന്നീട് പഠനം കേരളത്തിൽ. അന്ധയായതുകൊണ്ട്, തന്റെ ചോദ്യത്തിന് ഉത്തരം തരാൻ നിനക്ക് കഴിയില്ല എന്ന് ടീച്ചർ പറഞ്ഞത് , അവളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആയി. കാഴ്ചയില്ലാത്തവർക്ക് പലതും ചെയ്യാൻ സാധിക്കും എന്ന് ലോകത്തിന് കാണിച്ചു കൊടുക്കണം എന്ന് അവൾക്ക് വാശിയായി. തന്നെപ്പോലെ കാഴ്ചയില്ലാത്തവര്ക്ക് വേണ്ടി ജീവിക്കാനും ആ വാക്കുകൾ അവളെ പ്രേരിപ്പിച്ചു. 

അഞ്ചു ഭാഷകൾ പൂർണമായും കൈകാര്യം ചെയ്യാൻ അറിയാവുന്ന ടിഫനി , ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും സ്പെഷ്യൽ എഡ്യൂക്കേഷനിൽ ബിഎഡും സമ്പാദിച്ചു. ജ്യോതിർഗമയിലെ മുഖ്യ പരിശീലക ടിഫനി ആണ്. അന്ധരായവർക്കു ആത്മവിശ്വാസത്തിലൂടെ , സ്വയം പര്യാപ്തത നേടാൻ ഉള്ള വഴി ഒരുക്കലാണ് ടിഫനിയുടെ ജീവിത ലക്‌ഷ്യം . 

ഭിന്നശേഷിക്കാർക്കിടയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള അംഗീകാരമായി കേന്ദ്ര ദിവ്യാംഗൻ വകുപ്പ് ഏർപ്പെടുത്തിയ റോൾ മോഡൽ അവാർഡ്, മികച്ച സാമൂഹിക പ്രവർത്തകക്കുള്ള പുരസ്കാരം എന്നിവ ടിഫനിയെ തേടി എത്തി. ഇന്ത്യയുടെ ധീരയായ മകൾ എന്നാണ് , ഇന്ത്യൻ രാഷ്‌ട്രപതി ശ്രീ റാം നാഥ് കോവിന്ദ് , അവാർഡ് ദാന വേളയിൽ , ടിഫനിയെ വിശേഷിപ്പിച്ചത് . 

'ലോക കാഴ്ച'യുടെ ഈ ദിവസം, ഈ മുപ്പത്തിരണ്ട് കാരിയെ ഓർക്കാതെ പറ്റുമോ? കാരണം അവൾ നമ്മുക്ക് ഉൾക്കാഴ്ച നല്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.