ടെഹ്‌റാന്‍: യുഎസ്-ഇറാന്‍ വെടിനിര്‍ത്തലിന് ശേഷം ഇതുവരെ രണ്ട് എണ്ണ കപ്പലുകള്‍ മാത്രമാണ് ഹോര്‍മുസ് കടലിടുക്ക് കടന്ന് പോയതെന്ന് റിപ്പോര്‍ട്ട്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ലോകത്തിലെ പ്രധാന എണ്ണ കടത്ത് മാര്‍ഗമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും നിലവിലെ വിതരണ പ്രതിസന്ധിക്ക് അയവ് വരുമെന്നുമായിരുന്നു പ്രതീക്ഷ.
എന്നാല്‍ കരാറിലെ ധാരണയില്‍ ഇരു രാജ്യങ്ങളും വ്യത്യസ്ത നിലപാടെടുക്കുകയും ഇസ്രയേല്‍ ലെബനനില്‍ ആക്രമണം നടത്തുകയും ചെയ്തതോടെ ഇറാന്‍ വീണ്ടും ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.
ഫെബ്രുവരി 28 ന് യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് എണ്ണ ടാങ്കറുകള്‍ ഉള്‍പ്പെടെ ദിവസവും നൂറിലധികം കപ്പലുകള്‍ ഈ കടലിടുക്ക് വഴി കടന്നു പോയിരുന്നു. ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണ കടന്നു പോകുന്നതും ഹോര്‍മുസ് വഴിയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ ആഴ്ച ആദ്യമാണ് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ ഇറാന്‍ അനുവദിക്കുന്നതിനെ ആശ്രയിച്ചാണ് ഇതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ മേഖലയിലെ എണ്ണയുടെ ഒഴുക്ക് സാധാരണ നിലയിലായിട്ടില്ല.
വെടിനിര്‍ത്തല്‍ വാര്‍ത്തകളെ തുടര്‍ന്ന് വില ആദ്യം ഇടിഞ്ഞെങ്കിലും വിതരണം പുനരാരംഭിക്കുമോ എന്ന സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍ വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.