ബെയ്റൂട്ട്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ സമാധാന ചര്‍ച്ചകള്‍ക്കായി ലബനന്‍ പ്രധാനമന്ത്രി നവാഫ് സലാം യുഎസിലേക്ക്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം ശക്തമാക്കുമ്പോള്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നാണ് ലബനന്റെ ആവശ്യം. യുദ്ധം തുടരുമ്പോഴും ലബനനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് ഇസ്രയേല്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് ഈ നയതന്ത്ര നീക്കത്തിന് വഴിയൊരുക്കിയത്.
അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാദേശിക കരാറുകള്‍ നിലവിലുണ്ടെങ്കിലും ലബനനിലെ സൈനിക നടപടികളില്‍ ഇത് ബാധകമാകുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഏപ്രില്‍ 21 ന് അവസാനിക്കുന്ന താല്‍കാലിക വെടിനിര്‍ത്തലിന് മുന്‍പ് ഒരു സ്ഥിരമായ പരിഹാരം കണ്ടെത്താനാണ് യു.എസ് ശ്രമിക്കുന്നത്. അതേസമയം ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിനുള്ള സൈനിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇസ്രയേല്‍ അമേരിക്കയോട് കുറച്ച് ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ചര്‍ച്ചകള്‍ക്കിടയിലും സൈനിക നടപടി തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഉടനടി വെടിനിര്‍ത്തല്‍ വേണമെന്ന നിലപാടിലാണ് ലബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍. എന്നാല്‍ വെടിനിര്‍ത്തല്‍ ഇല്ലാതെ തന്നെ ചര്‍ച്ചകള്‍ നടത്തണമെന്നാണ് ഇസ്രയേലിന്റെ വാശി. ഇത് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കും സംഘത്തിനും വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയും ഇറാനും തമ്മില്‍ പാകിസ്ഥാനില്‍ വെച്ച് ഒപ്പിട്ട രണ്ട് ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലബനനും ബാധകമാണെന്ന് ഇറാനും പാകിസ്ഥാനും വാദിച്ചെങ്കിലും കരാര്‍ ഹിസ്ബുള്ളയ്ക്ക് ബാധകമല്ലെന്ന് അമേരിക്കയും ഇസ്രയേലും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.